ലുക്കാ. 20:27-38
“മരണമെ നിന്റെ വിജയമെവിടെ? മരണമെ നിന്റെ ദംശനം എവിടെ?”(1 കൊറി. 15:55) എല്ലാത്തെയും കീഴടക്കുന്ന മരണത്തിന്റെ അഹങ്കാരത്തെ പൗലോസ് അപ്പോസ്തലൻ വെല്ലുവിളിക്കുകയാണ്. നസ്രായനാണ് ജീവനും പുരുത്ഥാനവുമെന്ന് തിരിച്ചറിയുകയും ആ ബോധ്യത്തിൽ ആഴപ്പെടുകയും ചെയ്യുന്ന വ്യക്തിക്ക് മരണമൊരു പേടിപ്പെടുത്തുന്ന യാഥാർത്ഥ്യമില്ല. മറിച്ച് കണ്ണിൽ എണ്ണയൊഴിച്ച് താൻ കാത്തിരിക്കുന്ന അനുഗ്രഹ നിമിഷമാണ്. എന്നാൽ എല്ലാത്തെയും കീഴടക്കുന്ന എല്ലാത്തിന്റെയും അവസാന വാക്കാകുന്ന യാഥാർതമായി മരണത്തെ കാണാനാണ് ഇന്ന് പലരും ആഗ്രഹിക്കുന്നത്. മരണത്തെക്കുറിച്ചുള്ള ഭയമല്ല മറിച്ച് ഈ ജീവിതത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള ഭയാശങ്കകളാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. മരണാനന്തര ജീവിതമുണ്ടൊ? ഉണ്ടെങ്കിൽ തന്നെ എങ്ങിനെയായിരിക്കും ആ ജീവിതം ? ആത്മാവ് മാത്രമായിരിക്കുമൊ ആ ജീവിതത്തിൽ ഉണ്ടാവുക അതൊ ശരീരവും കൂടെ ഉണ്ടാവുമൊ? ഓരോരുത്തരുടെയും വ്യക്തിത്വം മരണാന്തര ജീവിതത്തിൽ നിലനിറുത്തപ്പെടുമൊ?
ഇത് പോലുള്ള ഒരു ചോദ്യമാണ് ഇന്നത്തെ സവിശേഷത്തിന്റെ കേന്ദ്ര ബിന്ദു. ഫരിസേയർ മരണാന്തര ജീവിതത്തിൽ വിശ്വാസിച്ചിരുന്നു. എന്നാൽ സദുക്കേയരാവട്ടെ മരണാനന്തരജീവിതത്തിൽ വിശ്വസിച്ചിരുന്നില്ല. നസ്രായനെ പരീക്ഷിക്കാൻ തന്നെയാണ് ഈ സംശയം അവർ ഉന്നയിക്കുക. പ്രതിഭ നിറഞ്ഞ് നിൽക്കുന്ന ചോദ്യം തന്നെയാണിതെന്ന് പറയാതിരിക്കാൻ വയ്യ. മോശയുടെ നിയമം സന്തതി ഇല്ലാതെ മരിക്കുന്ന സഹോദരന് സന്തതിയെ നൽകാൻ അനുവാദം നൽകിയിരുന്നു. ഈ നിയമത്തെ ആധാരമാക്കിയാണ് അവർ ചോദ്യം ചോദിക്കുന്നത്. വിധവയായ സ്ത്രീ തന്റെ ഭർത്താവിന്റെ ആറ് സഹോദരൻമാരെ വരിക്കുന്നുണ്ടെങ്കിലും അവരെല്ലാം സന്താന ഭാഗ്യമില്ലാതെ കടന്ന് പോവുകയാണ്, അവസാനം ആ സ്ത്രീയും. അവരുടെ ചോദ്യമിതാണ്: ‘പുനരുത്ഥാനത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും?’
നസ്രായന്റെ ഉത്തരം പുനരുത്ഥാന ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ സംശയങ്ങൾക്ക് മേൽ പ്രകാശം വീശുകയാണ്. ഈ ഭൂലോക യാത്രയിൽ പരസ്പരം താങ്ങാവാനും തണലാവാനുമാണ് പുരുഷന് ചേർന്ന ഇണയായി ദൈവം സ്ത്രീയെ നൽകുന്നതും വിവാഹമെന്ന കൂദാശയിലൂടെ അവരെ സംയോജിക്കുന്നതും. എന്നാൽ മരണാനന്തര ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വ്യക്തിയെ സംബന്ധിച്ചടുത്തോളം ദൈവസന്നിധിയിൽ അവന്റെ സാന്നിദ്ധ്യം അനുഭവിച്ച് കൊണ്ട് അവന്റെ ചാരത്ത് ആയരിക്കുന്നതാണ് പരിപൂർണ്ണമായ സായൂജ്യം. ഈ സായൂജ്യാവസ്ഥയിൽ ബന്ധങ്ങളുടെ ഉത്തരവാദിത്വങ്ങളൊ, ശരീരത്തിന്റെ ആവശ്യങ്ങളൊ ആയിരിക്കുകയില്ല നമ്മെ നയിക്കുന്നത് മറിച്ച് ഈശ്വര സായൂജ്യം മാത്രം. അതിനർത്ഥം നമുക്ക് സ്വന്തമായി വ്യക്തിത്വമുണ്ടാവില്ലെന്നൊ, ബന്ധങ്ങളെ തിരിച്ചറിയുകയൊ ചെയ്യുകയില്ല എന്നല്ല. വിശുദ്ധൻമാരുടെ ഐക്യം വിശ്വാസ പ്രമാണത്തിൽ നാം എന്നും പ്രഘോഷിക്കുന്നതല്ലേ… മരണത്തിന് ശേഷവും ബന്ധങ്ങളുടെ ഈഴയടുപ്പം ഇല്ലെങ്കിൽ മരിച്ച് പോയ നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിന്റെയും, ബലിയർപ്പിക്കുന്നതിന്റെയും പ്രസക്തി എന്താണ്? നമ്മുടെ ഓർമ്മകളും, സ്നേഹവുമൊക്കെ മരണത്തിനപ്പറവും നിലനിൽക്കും പക്ഷെ ദൈവ സ്നേഹത്തെ അതിന്റെ പൂർണ്ണതയിൽ അനുഭവിക്കുന്ന ഈ അവസ്ഥയിൽ മറ്റൊരു സ്നേഹവും ആ ഒരു സായൂജ്യ വസ്ഥയെക്കാൾ വലുതാവുകയില്ല. അവന്റെ സാന്നിദ്ധ്യം… അവന്റെ സ്നേഹം അത്രമാത്രം… നമുക്കെല്ലാവർക്കും ഈ സുകൃത നിമിഷത്തിൽ പങ്ക്കാരാവാൻ കൃപയുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നസ്രായന്റെ തിരുഹൃയത്തിൻ ചാരെ…