ആഗമനകാലം രണ്ടാം ഞായർ, Cycle B, മാർക്കോ 1:1-8

മാർക്കോ 1:1-8
വല്ലാതെ വിസ്മയിപ്പിച്ച ജീവിതമാണ് സ്നാപകൻറ്റെത്… ബൈബിളിൽ ഇത്രമാത്രം ഏകാഗ്രനായ മറ്റൊരു വ്യക്തിത്വമുണ്ടെന്ന് തോന്നുന്നില്ല. നസ്രായന് വഴിയൊരുക്കി, അവന് സാക്ഷിയാവുക അതല്ലാതെ മറ്റൊരു ചിന്തയൊ സ്വപനമോ അയാൾക്കില്ലായിരുന്നു… കഠിന താപചര്യകളിലൂടെയാണ് അയാൾ തന്നെത്തന്നെ ഈ നിയോഗത്തിനായി രൂപപ്പെടുത്തുന്നത്. ഒട്ടകരോമം കൊണ്ടുള്ള വസ്ത്രവും, കാട്ടുതേനും, മരുഭൂമിയിലെ ഏകാന്തവാസവുമെല്ലാം നസ്രായനെ തൻറ്റെ ഹൃദയത്തിൽ സ്വീകരിക്കുന്നതിനുള്ള അയാളുടെ ഒരുക്കത്തിന്റെ ഭാഗമായിരുന്നു… യുഗങ്ങളുടെ സാക്ഷത്കാരമായ മിശിഹാ നസ്രായനാണെന്ന യാഥാർഥ്യം ആദ്യം വെളിപ്പെട്ട് കിട്ടുന്ന ചുരുക്കം ചിലരിൽ ഒരാൾ സ്നാപകനാണ്.
എത്രമാത്രം തീക്ഷണതയോടെയാണ് അയാൾ നസ്രായനെ പ്രഘോഷിക്കുന്നത്…ജനക്കൂട്ടം സ്നാപകനിലേക്ക് ഓടിക്കൂടുന്നുണ്ട്…അയാളുടെ കണ്ണുകളിൽ വരാനിരിക്കുന്ന ആ സദ്‌വാർത്തയുടെ തീക്ഷണത അവർ ദർശിക്കുന്നുണ്ട്… കർത്താവിന് വഴിയൊരുക്കുവിൻ, അവൻറ്റെ പാത നേരെയാക്കുവിൻ… ഈ പ്രഘോഷണം എല്ലാവരിലും വരാനിരിക്കുന്ന രക്ഷകനെ ക്കുറിച്ചുള്ള പ്രതീക്ഷയുടെ ആക്കം കൂട്ടുന്നുണ്ട്… അങ്ങനെ ജോർദാൻ നദി അയാളിലുടെ അനുതാപത്തിന്റെ സ്നാനവും പേറി ഒഴുകുകയാണ്…
രണ്ടായിരം വർഷങ്ങൾക്കുമപ്പുറം മരുഭൂമിയിൽ വിളിച്ചുപറയുന്നവൻറ്റെ ശബ്‍ദം നമ്മുടെ കർണപടങ്ങളിൽ മുഴങ്ങുന്നുണ്ടോ? കർത്താവിന് വഴിയൊരുക്കുവാൻ വന്നവൻ എത്രമാത്രം ഒരുങ്ങിയതിനുശേഷമാണ് മറ്റുള്ളവരെ അവനെ സ്വീകരിക്കാനായി ഒരുക്കിയതെന്ന യാഥാർഥ്യം നാം വിസ്മരിക്കാതിരിക്കട്ടെ… ഒരുക്കങ്ങളില്ലാതെ പോവുന്ന ക്രിസ്തുമസുകൾ നമുക്കാർക്കും നസ്രായൻറ്റെ ദർശനം സമ്മാനിക്കുന്നില്ല…അവൻറ്റെ ദർശനം ലഭിച്ചവരൊക്കെ അവൻറ്റെ വരവിനായി കാത്തിരുന്ന് ഒരുങ്ങിയവരാണ്…ഈ ആത്മീയ ഒരുക്കത്തിന് മാത്രമേ നമ്മുടെ ക്രിസ്തുമസ് രാവിനെ ഈശ്വരനുഭത്തിൻറ്റെ മുഹൂർത്തമാക്കി മാറ്റാൻ കഴിയൂ… സ്നാപകനെപ്പോലെ നസ്രായന് നമ്മുടെ ഹൃദയത്തിലേക്ക് വഴിയൊരുക്കി, പ്രതീക്ഷയുടെ തിരിവെട്ടവുമായി നമുക്ക് അവനെ കാത്തിരിക്കാം… പ്രിയപ്പെട്ട സുഹൃത്തെ നസ്രായനെ തിരിച്ചറിയാൻ താങ്കൾക്കും എനിക്കുമാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായൻറ്റെ ചാരെ…