കുഞ്ഞുനസ്രായന്റെ ദർശന തിരുനാളാണ് ഇന്ന് നാം ആഘോഷിക്കുക. നസ്രായൻ ജനിക്കുമ്പോൾ തെരെഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലർക്ക് മാത്രമാണ് ആ ദർശനം ലഭിക്കുക. ആട്ടിടയൻമാരും, വന്ദ്യനായ ശിമയോനും, പ്രവാചികയായ അന്നായുമൊക്കെ ഇക്കുട്ടത്തിൽ പെടും. ഇവരോടൊപ്പം സവിശേഷമായ ശ്രദ്ധയും, അംഗീകാരവും അർഹിക്കുന്ന മൂന്ന് പേരു കൂടിയുണ്ട്. പൗരസ്ത്യ ദേശത്ത് നിന്ന് വരുന്ന മൂന്ന് ജ്ഞാനികൾ. നാല് പേരുണ്ടെന്നാണ് പാരമ്പര്യം. നാലാമനെ മറന്ന് കളയുന്നതല്ലട്ടൊ… സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മൂന്ന് പേരിലൂടെ ഈ വിശ്വാസാനുഭവത്തെ നോക്കി കാണാനാണ് ശ്രമിക്കുന്നത്.
ഈ ഒരു വിശ്വാസനുഭവത്തെ ധ്യാനിക്കുമ്പോൾ മനസ്സിലേക്ക് കടന്ന് വരുന്ന ആദ്യ വിസ്മയം വാനിൽ ഉദിച്ച നക്ഷത്രം തന്നെയാണ്. മാനത്ത് മിന്നിത്തിളങ്ങുന്ന എത്രയൊ താരകങ്ങളെ നാമൊക്കെ കണ്ടിരിക്കുന്നു, ഇപ്പോഴും കണ്ട് കൊണ്ടിരിക്കുന്നു. എന്നിട്ടും ഇതുവരെയും ഒരു താരകത്തിന്റെയും പിറകെ പോവുന്നത് ചിന്തിക്കാൻപോലും ആവുന്നില്ല. ഇത് തന്നെയാണ് ഈ ജ്ഞാനികളുടെ ശ്രേഷ്ഠതയും. ഈ പ്രത്യേക നക്ഷത്രത്തെ ഇവർ തിരിച്ചറിയുക മാത്രമല്ല, ആ നക്ഷത്രത്തെ അവർ പിന്തുടരുകയാണ്. തീർച്ചയായും സവിശേഷതകൾ നിറഞ്ഞ നക്ഷത്രമായിരിന്നിരിക്കണമത്. ഈ മൂന്ന് ജ്ഞാനികൾ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലുളളവരും ഈ നക്ഷത്രത്തെ വീക്ഷിച്ചിട്ടുണ്ടാവണം. എന്നാൽ ഈ മൂവരുമൊഴികെ ആരും തന്നെ ഈ നക്ഷത്രത്തെ അനുധാവനം ചെയ്യുന്നില്ല. പൗരസ്ത്യ ദേശത്ത് നിന്ന് ജെറുസലെമിലേക്കുള്ള യാത്രയെ കഠിനമാക്കുന്നത് പ്രകൃതി തന്നെ ഒരുക്കുന്ന വെല്ലുവിളികളാണ്. ഏതൊരു യാത്രികനും തടസ്സങ്ങൾ സൃഷ്ടിക്കുന്ന ധനുമാസത്തിന്റെ അതികഠിനമായ തണുപ്പും, മണലാരണ്യത്തിന്റെ ചൂളയക്ക് സമാനമായ ചൂടുമല്ലാം, ഏതൊരാളെയും രണ്ടാമതൊന്ന് ചിന്തിപ്പിച്ചതിന് ശേഷമാവും യാത്ര തുടങ്ങാൻ പ്രേരിപ്പിക്കുക. ഈ വെല്ലുവിളികൾ നിറഞ്ഞ അവരുടെ ഈ തീർത്ഥയാത്ര തന്നെയാണ് ഈ പൂജരാജാക്കൻമാർക്ക് അനശ്വരത സമ്മാനിക്കുന്നതും.
ദിവസങ്ങൾ നീണ്ട യാത്രയ്ക്ക് ശേഷം ബെത് ലഹമിൽ എത്തിച്ചേരുമ്പോൾ സ്വാഭാവികമായും അവർ നടന്നടുക്കുക ആ ദേശത്തിലെ കൊട്ടാരത്തിലേക്കാണ്. രാജകുമാരന്റെ നക്ഷത്രത്തെ അനുധാവനം ചെയ്തവർ കാലിതൊഴുത്തിലേക്ക് പോകുന്നില്ല എന്നത് തന്നെ ഈ സംഭവത്തിന്റെ ചരിത്രപരതയെയും, സാധുതയെയും ഊട്ടിയുറപ്പികയാണ്. സകലരും രക്ഷകന്റെ തിരുപ്പിറവിയിൽ സന്തോഷിക്കുമ്പോൾ നസ്രായൻ കൊണ്ട് വന്ന സമാധാനം സ്വീകരിക്കാൻ കഴിയാതെ പോവുന്ന ഒരു വ്യക്തിയുണ്ട്. ഹെറോദേസ് രാജാവണത്. രക്ഷകന്റെ തിരുപ്പിറവിയിൽ മനസ്സ് അസ്വസ്ഥമാകുന്ന ഹെറോദേസ് രാജാവിന്റെ ഏകലക്ഷ്യം ഏത് വിധേയനെയും കുഞ്ഞ് നസ്രായനെ ഇല്ലാതാക്കി തന്റെ രാജാവും അവികാരവും എന്നെന്നേക്കുമായി സംസ്ഥാ സുസ്ഥാപിതമാക്കുക എന്നതായിരുന്നു. ദിവ്യശിശുവിനെ കണ്ടെത്തി കഴിയുമ്പോൾ, ദി ശിശുവിനെ വണങ്ങുന്നതിനായി തന്നെയും അറിയക്കണമെന്ന ഗൂഢലക്ഷ്യത്തോടെയാണ് അയാൾ പുജരാജക്കൻമാരെ യാത്രയാക്കുക. നിർമലമായ മന:സാക്ഷിയോടെ കുഞ്ഞു നസ്രായനെ അന്വേഷിച്ചെത്തുന്ന ജ്ഞാനികൾ പുൽക്കൂട്ടിൽ പിള്ളക്കച്ചയിൽ പൊതിഞ്ഞ നസ്രായന്റെ ദർശനം അനുഭവിച്ച് സായൂജ്യം അടയുകയാണ്. തങ്ങൾ കൊണ്ട് വന്ന സ്വർണവും, കുന്തുരുക്കവും, മീറയും കാഴ്ച്ച വെച്ച് ആനന്ദ- ആത്മീയ നിർവൃതിയോടെ അവർ യാത്രയാവുകയാണ്. വന്ന വഴിയെ മടങ്ങി ഹെറോദേസ് രാജാവിനെ കണ്ട് ദിവ്യശിശുവിനെക്കുറിച്ചുള്ള വിവരങ്ങൾ ധരിപ്പിക്കണമെന്ന അവരുടെ പദ്ധതിയുടെ മേൽ സ്വർഗ്ഗത്തിന്റെ ഇടപെടൽ ഉണ്ടാകുന്നുണ്ട്. കുഞ്ഞു നസ്രായനെ മാത്രമല്ല, ഈ ജ്ഞാനികളെപ്പോലും ഒരു പക്ഷെ ഹെറോദേസ് ഇല്ലാതാക്കുമായിരുന്നു. രാജാവായിരുന്നിട്ട് പോലും തന്റെ കൺമുൻപിൽ ജനിച്ച ദിവ്യശിശുവിന്റെ ദർശനം അയാൾക്ക് ലഭിക്കുന്നില്ല. കാരണം കുഞ്ഞുനസ്രായനെ വണങ്ങാനൊ, സ്നേഹിക്കാനൊ ആയിരുന്നില്ലല്ലൊ അയാൾ അന്വഷിച്ചത് മറിച്ച് ഇല്ലാതാക്കാൻ വേണ്ടിയല്ലേ? എത്രമാത്രം ക്രൂരതയുടെ പര്യായമാവാൻ ഒരു മനുഷ്യനാവും എന്നതിന്റെ നേർകാഴ്ചയാണ് പിന്നീട് ജെറുസലെമിലെ കുരുന്നുകളുടെ രക്തം ചിന്തയിലൂടെ അയാൾ പ്രകടമാക്കുക. ദൈവത്തെ അന്വേഷിച്ച് കണ്ടെത്തുന്നവരുടെയും ദൈവത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മനുഷരുടെയും കൂട്ടിക്കാഴ്ച്ച കൂടിയാണ് ദർശന തിരുനാൾ. നിർമല ഹൃദയത്തോടെ അവിടുത്തെ അന്വേഷിക്കുന്നവർക്ക് മാത്രമേ അവിടുത്തെ കണ്ടെത്താൻ കഴിയൂ… നിർമല ഹൃദയത്തോടെ ദൈവത്തെ നിരന്തര മന്വേഷിക്കാൻ നമുക്കാവട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…