മാർക്കോ.1:29-39
“കർത്താവ് ഭവനം പണിതിലെങ്കിൽ പണിക്കാരുടെ അധ്വാനമൊക്കെ വ്യർത്ഥമാണെന്ന വചനം നമുക്കൊക്കെ സുപരിചിതമാണ്. ” ജീവിതത്തോട് വല്ലാത്തൊരു മടുപ്പ് തോന്നുന്നു, നിരാശത നിറയുന്നത് പോലെ …” ഒരു പക്ഷെ നമ്മുടെ തന്നെ ജീവിതത്തിലൊ, അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കളോ , ബന്ധുക്കളോ, ഹൃദയം തുറന്ന് സംസാരിച്ചപ്പോൾ നമ്മോട് പങ്കുവെച്ചിട്ടുണ്ടാകാനിടയുള്ള ജീവിതാവസ്ഥകളാണിവ… ആശ്വാസ വാക്കുകൾ മൊഴിഞ്ഞും, അവരുടെ കഴിവുകളെ പ്രചോദിപ്പിച്ചുമൊക്കെ നാം അവരെ സഹായിക്കാൻ ശ്രമിക്കാറുണ്ട്… പക്ഷെ എപ്പോഴെങ്കിലുമൊക്കെ നിൻറ്റെ ജീവിതത്തിൽ ദൈവമെവിടെയാണെന്ന് ചോദിക്കാനുള്ള ചങ്കുറപ്പ് നമുക്കുണ്ടായിട്ടുണ്ടൊ? ഒപ്പമാവാൻ അപ്പമായ നസ്രായനെ കണ്ടില്ലെന്ന് നടിക്കാൻ തുടങ്ങുമ്പോൾ, അവൻറ്റെ സാമീപ്യത്തിൽ നിന്ന് അകലുമ്പോൾ, അവനില്ലാതെയും ജീവിതം കരുപിടിപ്പിക്കാമെന്ന ചിന്തകൾ… ഇങ്ങിനെയുള്ള ജീവിതവീക്ഷങ്ങളുടെ പ്രതിഫലനമാണ് നമ്മുടെയൊക്കെ നിരാശയുടെയും, വിരസതയുടെയുമൊക്കെ പിന്നിൽ…
തിരക്കുനിറഞ്ഞ നസ്രായൻറ്റെ ദിനമാണ് നാമിന്ന് സുവിശേഷത്തിൽ കണ്ടുമുട്ടുന്നത്… ഏകദേശം മുന്ന് വർഷക്കാലമാണ് നസ്രായൻ തൻറ്റെ പരസ്യജീവിതം നയിച്ചത്… ഈ മുന്നുവർഷക്കാലവും എല്ലാ തിരക്കുകളുടെ മധ്യത്തിലും പ്രാർത്ഥനയിലൂടെ തൻറ്റെ പിതാവുമായി സംവദിക്കാൻ നസ്രായൻ സമയം കണ്ടെത്തിയിരുന്നു…പ്രാർത്ഥനാരൂപിയെ ഒരു പ്രത്യേക ഇടത്തോട് മാത്രം ചേർത്ത് മനസ്സിലാക്കുന്നതിനോട് യോജിപ്പില്ല. മലയുടെ മുകളിലും വിജനതയിലുമൊക്കെ നസ്രായൻ തൻറ്റെ അബ്ബായുമായി ബന്ധപ്പെടുന്നുണ്ട്… ദേവാലത്തിലേക്ക് നാം പോകുന്നത് ലോകത്തിൻറ്റെ തിരുക്കുകളിൽനിന്ന് ഒഴിഞ്ഞുമാറി ദൈവവുമായി സംവദിക്കാനാവണം… വ്യക്തിപരമായ പ്രാർത്ഥനയുടെ നിമിഷങ്ങളിൽ നമ്മുടെയൊക്കെ അന്തരംഗങ്ങളിൽ ആ വിജനത സൃഷ്ടിക്കാൻ നമുക്കാവണം…
വി. ജോൺ ബോസ്‌ക്കോയെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നാമകരണ പ്രക്രിയയിൽ ഉയർത്തപ്പെട്ട ഏറ്റവും പ്രധാനമായ ആരോപണം അദ്ദേഹം എപ്പോഴാണ് പ്രാർത്ഥിച്ചിട്ടുള്ളത് എന്നായിരുന്നു? തികച്ചും ന്യായമായാ ചോദ്യം. യുവജനങ്ങൾ എവിടെയായിരുന്നോ അവിടെയായിരുന്നു ഡോൺബോസ്‌ക്കോയും… കളിസ്ഥലങ്ങളിലും, അവർ ജോലിചെയ്ത സ്‌ഥലങ്ങളിലുമൊക്കെ… പതിനൊന്നാം പിയൂസ് മാർപ്പാപ്പ ഈ ചോദ്യത്തിനുത്തരമായി നൽകിയത് മറ്റൊരു ചോദ്യമായിരുന്നു… ‘എപ്പോഴാണ് അദ്ദേഹം പ്രാർത്ഥിക്കാതിരുന്നിട്ടുള്ളത്?’ താൻ ആയിരിക്കുന്ന സ്ഥലങ്ങളെ പ്രാർത്ഥനാരൂപിയിൽ നിറയ്ക്കാൻ കഴിഞ്ഞു എന്നതായിരുന്നു അദ്ദേഹത്തിൻറ്റെ വിശുദ്ധിയുടെ മനോഹാരിത… വിശുദ്ധരുടെ ജീവിതമാതൃകകൾ നമ്മെ പഠിപ്പിക്കുന്നതു ഈ പ്രാർത്ഥനാരൂപിയിൽ നിരന്തരം ജീവിക്കാനാണ്… പ്രാർത്ഥനുടെ നിമിഷങ്ങൾ ത്രിത്വവുമായുള്ള ഐക്യത്തിലേക്കാണ് നമ്മെ നയിക്കുന്നത്… പിന്നെ നാം ഒറ്റയ്ക്കാണോ? അങ്ങിനെയെങ്കിൽ വിരസതയും മടുപ്പുമൊക്കെ നമുക്കുണ്ടാവുമൊ? ഒറ്റയ്ക്കാണെന്നു തോന്നുന്ന നിമിഷങ്ങളിൽ കൂടെയുള്ള ദൈവത്തെ തിരിച്ചറിയാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ നസ്രായൻറ്റെ ചാരെ…