ആണ്ടുവട്ടത്തിലെ എട്ടാം ഞായർ, Cycle B, യോഹ. 2: 13-25

യോഹ. 2: 13-25
സമൂഹത്തിലെ അനീതികളോട് സമരസപ്പെടാനാവാത്ത സത്വമായിരുന്നു നസ്രായൻറ്റെത്. സമൂഹത്തിലെ പ്രമുഖന്മാരും, പ്രബലന്മാരുമായ ഫരിസേയരുടെയും, നിയമജ്ഞരുടെയും, സദുക്കെയരുടെയുമൊക്കെ ഇരട്ടത്താപ്പ് തുറന്നുകാട്ടികൊണ്ട് അവരെ വെള്ളയടിച്ച കുഴിമാടങ്ങളെന്നും, അണലി സന്തതികളെന്നുമൊക്കെ അവൻ വിളിക്കുന്നുണ്ട്… തന്നെത്തന്നെ അപകടത്തിലാക്കികൊണ്ട് സത്യത്തിനുവേണ്ടി നിലകൊള്ളുന്ന നസ്രായൻറ്റെ ചങ്കുറ്റമാണ് മനസ്സിനെ ആഴത്തിൽ സപർശിച്ചിട്ടുള്ളത്… ശാന്തശീലനും വിനീതരുമായിരിക്കുവിൻ എന്നു പഠിപ്പിച്ച നസ്രായൻ പിതാവിൻറ്റെ ഭവനത്തെ കച്ചവടസ്ഥലമാക്കി, അതിന്റെ വിശുദ്ധി കളഞ്ഞുപുളിച്ചവരോട് ഹൃദയനൊമ്പരത്താൽ വിലപിക്കുകയല്ല മറിച് അവരെയെല്ലാം തൻറ്റെ പിതാവിൻറ്റെ ആലയത്തിൽ നിന്ന് അടിച്ചിറക്കുകയാണ്… ഒരുപക്ഷെ കണ്ണടച്ചു ഈ കളങ്കം നിറഞ്ഞ പ്രവൃത്തികൾ കണ്ടില്ലെന്ന് അവന് നടിക്കാമായിരുന്നു, നിയമജ്ഞരുടെയും, ഫരിസേയരുടേയുമൊക്കെ നീരസം ക്ഷണിച്ചുവരുത്താതെ കുറച്ചുകാലം കൂടി സുഖമായി സുവിശേഷം പ്രസംഗിക്കാമായിരുന്നു. സാമൂഹിക യാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടച്ചുകൊണ്ടുള്ള സുവിശേഷ പ്രഘോഷണം അപൂർണ്ണമാണെന്നാണ് അവൻറ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്…
കഴിഞ്ഞ ദിവസം കണ്ടുമുട്ടിയ മിഷണറി അച്ചൻ പറഞ്ഞ ജീവിതാനുഭവങ്ങൾ ഹൃദയത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്…അനീതിക്കെതിരെ ശബ്‍ദമുയർത്തിയതിന് വായിൽ രണ്ടുതവണ തോക്ക് തിരുകി കയറ്റിയതും, സമൂഹത്തിലെ നേതാക്കൾ തന്നെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗീക അടിമകളാക്കുന്നത് രാഷ്ട്രപതിയുടെ ശ്രദ്ധയിൽ പെടുത്തിയതിനു രായ്ക്കുരമായണം അദ്ദേഹത്തെ ആ ഗ്രാമത്തിൽ നിന്ന് ആട്ടിയോടിച്ചതുമൊക്കെ വിവരിക്കുമ്പോൾ അദ്ദേഹത്തിൻറ്റെ കണ്ണിൽ നിഴലിച്ചത് തീവ്രതനിറഞ്ഞ നസ്രായൻറ്റെ അതേ നീതിബോധം തന്നെയായിരുന്നു… സമൂഹത്തിലെ അനീതികളോട് സമരസപ്പെട്ട് ജീവിക്കുകയാണ് ഇന്നിൻറ്റെ പ്രലോഭനമെന്ന അദ്ദേഹത്തിൻറ്റെ വാക്കുകൾ വല്ലാതെ ഭാരപ്പെടുത്തുന്നുണ്ട്… സുരക്ഷിതത്വത്തിൻറ്റെ നാല് ചുവരുകള്ക്കുള്ളിൽ നിന്ന് സുവിശേഷം പ്രഘോഷിക്കാൻ ശ്രമിക്കുന്ന ഞാൻ അവൻറ്റെ നീതിബോധത്തിൽ നിന്ന് എത്രെയോ കാതം അകലെയാണ്… ഓസ്കാർ റൊമേറെയും, സ്റ്റാൻ സ്വാമിയച്ചനുമൊക്കെ അന്യം നിന്നുപോകുന്ന ഈ പ്രവാചക ശബ്ദത്തിൻറ്റെ അവസാനത്തെ കണ്ണികളാണോ? നസ്രായൻറ്റെ നീതിബോധവും ചങ്കുറപ്പും നമ്മെ ഓരോരുത്തരെയും രൂപാന്തരപ്പെടുത്തട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായൻറ്റെ ചാരെ…