യോഹ. 8: 1-11
അവൻ നിലത്തെഴുതുകയായിരുന്നു എന്നാണ് വേദം പറയുന്നത്… ആ നിലത്തെഴുത്ത് അവളുടെ വിധി തന്നെ മാറ്റി മറിച്ചു, മുഖാഭിമുഖം കണ്ട മരണകയത്തിൽ നിന്ന് ജീവിതത്തിൻറ്റെ പുതുസ്വപ്നങ്ങളിലേക്ക്… നസ്രായൻറ്റെ ഏറ്റവും വലിയ സമരങ്ങളിലൊന്ന് കാലം സ്ത്രീജന്മങ്ങളോട് കാണിച്ച അനീതിയോടായിരുന്നു… മോശയുടെ നിയമമനുസരിച് വ്യഭിചാരത്തിലേർപ്പെടുന്ന സ്ത്രീയും പുരുഷനും ഒരുപോലെ ശിക്ഷിക്കപ്പെടേണമെന്നതായിരുന്നു… എന്നിട്ടും ഓരോ സ്ത്രീയെയും ഈ ആഭിചാരത്തിലേക്കു നയിക്കുന്ന പുരുഷന്മാർ തന്നെയാണ് അവളുടെ ജീവിതത്തെ ഹനിക്കാനുള്ള കല്ലെടുത്തിരുന്നതെന്നോർക്കുമ്പോൾ…
എവിടയോക്കെയോ നഷ്ട്ടപ്പെട്ടു പോയ സ്ത്രൈണതയുടെ ഉയിർപ്പ് അവൻറ്റെ ദൗത്യമായിരുന്നെന്നു ഉറച്ചു വിശ്വസിക്കുന്നു…
ഗണികകളുടെയും ചുങ്കക്കാരുടെയും സുഹൃത്തായാണ് കാലം അവനെ വിശേഷിപ്പിച്ചത്… സമിരിയയ്ക്കാരി സ്ത്രീയോട് ദാഹജലം ചോദിക്കുന്ന ഗുരുവിനെ മനസ്സിലാക്കാൻ ശിഷ്യന്മാർ നന്നേ കഷ്ട്ടപെടുന്നുണ്ട്…
അവളുടെ ഇടർച്ചയെ അവൻ ഒരിക്കലും ന്യായികരിക്കുന്നില്ല… അതോടൊപ്പം അവളെ വിധിക്കുന്നുമില്ല… വീണ്ടും ജീവിതത്തെ അഭിമുഖികരിക്കാനാണ് നസ്രായൻ അവളോട് പറയുന്നത്. ശാരീരികാഭിലാഷങ്ങളുടെ നിർവൃതിക്കായുള്ള ഉപഭോഗ വസ്തുക്കളായി സ്ത്രീജന്മങ്ങളെ അവൻറ്റെ കാലം കണ്ടപ്പോൾ പ്രകാശം നിറഞ്ഞ സൗഹൃദം നീട്ടിയാണ് അവൻ അവരെ സ്വികരിച്ചത്… രണ്ടായിരം വർഷങ്ങൾക്കുമപ്പുറം ഈ സൗഹൃദ സങ്കല്പത്തിന് ഏറെ പ്രസക്തിയുണ്ട്… പ്രകാശം നിറഞ്ഞ സൗഹൃദങ്ങൾ നമ്മെ പ്രകാശിപ്പിക്കട്ടെ…