യോഹ. 14:1-12
വത്സല ശിഷ്യൻ നസ്രായന്റെ പീഡാനുഭവത്തെയും മരണത്തെയും അബ്ബായുടെ പക്കലേക്കുള്ള മടക്കയാത്രയായിട്ടാണ് തന്റെ സുവിശേഷത്തിലൂടെ നമ്മോട് പങ്ക് വയ്ക്കുക. വാസസ്ഥലമൊരുക്കാൻ പിതാവിന്റെ പക്കലേക്ക് പോകുന്നുവെന്നാണ് നസ്രായൻ തന്റെ തോഴരോട് പറയുക. അബ്ബായോടൊപ്പം കൂടെയായിരിക്കുക എന്നത് പരിശുദ്ധ ത്രിത്വത്തോടുള്ള കൂട്ടായ്മയിൽ ആയിരിക്കുന്ന അവസ്ഥയാണ്. ദൈവം നൽകിയ സ്വാതന്ത്ര്യത്തെ ദുർവിനിയോഗം ചെയ്യുന്ന മാനവരാശിക്ക് ത്രിത്വവുമായിട്ടുള്ള ഈ കൂട്ടായ്മ നഷ്ടപ്പെട്ടിരുന്നു. നഷ്ടമായ ഈ കൂട്ടായ്മയിലേക്ക് മാനവരാശിയെ വീണ്ടെടുക്കുന്നതിനാണ് നസ്രായൻ നമ്മിൽ ഒരുവനായത്. അതിനാൽ തന്റെ മടക്കയാത്രയിൽ ദു:ഖിക്കുകയല്ല മറിച്ച് സന്തോഷിക്കുകയാണ് വേണ്ടതെന്ന് നസ്രായൻ തന്റെ തോഴരെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. ജെറുസലെമിൽ നസ്രായന്റെ രാജകീയ പ്രൗഡിയും, അവന്റെ രാജ്യത്തിൽ അധികാര ദണ്ഡും, പ്രതാപവും മോഹിച്ചിരിക്കുന്ന ശിഷ്യഗണത്തിന്റെ ഹൃദയം അവന്റെ മടക്കയാത്രയെക്കുറിച്ച് കേൾക്കുമ്പോൾ ദു:ഖസാന്ദ്രമാവുകയാണ്. നീ പോകുന്നിടത്തേക്കുള്ള വഴി ഞങ്ങൾക്കറിയില്ല എന്ന തോമാശ്ലീഹായുടെ വാക്കുകൾക്ക് ഈ നിരാശയുടെ ഗന്ധമുണ്ട്. ഞാനാണ്, വഴിയും, സത്യവും ജീവനുമെന്ന തന്റെ ദൗത്യത്തെക്കുറിച്ചുള്ള വലിയ വെളിപ്പെടുത്തൽ ശിഷ്യഗണത്തിന് ഈ നിമിഷം നസ്രായൻ നൽകുന്നുണ്ട്. പിതാവിലേക്ക് നമ്മെ നയിക്കുന്ന ഏക പാഥേയം നിത്യതയിലെ അബ്ബായെ അറിയുന്ന നസ്രായനാണ്. നിത്യസ്നേഹമായ അബ്ബായെ വെളിപ്പെടുത്തുന്ന സത്യത്തിന്റെ നിറവ് നസ്രായനാണ്. അബ്ബായോടും, ആത്മാവിനോടൊപ്പമുള്ള ജീവന്റെ സമൃദ്ധിയിലേക്ക് നമ്മെ നയിക്കുന്നതും നസ്രായനാണ്.
അബ്ബായെക്കുറിച്ച് നാസായൻ വാചാലനാവുമ്പോൾ കുഞ്ഞുകുട്ടിയുടെ കൗതുകത്തോടെ ഫിലിപ്പ് ശ്ലീഹാ ചോദിക്കുന്നുണ്ട് ഞങ്ങൾക്ക് പിതാവിനെ കാണിച്ച് തരിക. ‘എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു’ എന്ന് നസ്രായൻ പറയുമ്പോൾ നാം മനസ്സിലാക്കേണ്ടത് താനും അബ്ബായും തമ്മിലുള്ള തീവ്രമായ ആത്മബന്ധമാണ്. രക്ഷാകര ചരിത്രം നസ്രായന്റെ ഒറ്റയാൾ പോരാട്ടമായിരുന്നില്ല. തന്റെ അബ്ബായോടും, സഹായകനോടും കൂടിയാണ് ഈ രക്ഷകര സംഭവത്തെ രക്ഷണീയ കർമ്മമാക്കി നസ്രായൻ മാറ്റുക. ഈ ഒരു കൂട്ടായമയിലേക്ക് വളരാനുള്ള വഴിയാണ് ക്രിസ്തീയത നമുക്ക് സമ്മാനിക്കുക. നസ്രായനെപ്പോലെ ഈ ഭൂവിൽത്തന്നെ ആ കൂട്ടായ്മയുടെ മധുരം നുകർന്നുകൊണ്ട് ജീവിതയാത്ര തുടരാനും നിത്യതയിൽ പൂർണ്ണതയോടെ ആ കൂട്ടായ്മ അനുഭവിക്കാനും നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…