പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ, Cycle -A, യോഹ. 3: 16-18

യോഹ. 3: 16-18
അവനിൽ വിശ്വസിക്കുന്ന ഏതൊരുവനും നശിക്കാതിരിക്കുന്നതിന്, തൻറ്റെ ഏക ജാതനെ നൽകാൻ തക്കമാത്രം ദൈവ്വം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ഇന്ന് നാം പരിശുദ്ധ ത്രിത്വത്തിൻറ്റെ തിരുനാൾ ആഘോഷിക്കുകയാണല്ലോ… സ്നേഹത്തിൽ പരിപൂർണമായി ഐക്യപ്പെട്ട് ഒന്നായി ജീവിക്കുന്ന ത്രിത്വത്തിൻറ്റെ ഈ സ്നേഹസംഗമത്തിലേക്കുള്ള യാത്രയാണ് നമ്മുടെ ക്രിസ്തീയ ജീവിതം. നമ്മുടെ ഇടർച്ചകൾ നിമിത്തം ഈ സ്നേഹസംഗമത്തിലേക്കുള്ള യാത്ര അസാധ്യമായിരുന്നു. ഒരുപാട് അവസരങ്ങൾ നൽകിയിട്ടും പ്രത്യേകിച്ച്, നിയമങ്ങളിലൂടെയും പ്രവാചകമാരിലൂടെയുമെല്ലാം നിരന്തരം ഉദ്ബോധിപ്പിച്ചിട്ടും അതിന് ചെവികൊടുക്കാതെ ദൈവവുമായി നിരന്തരം കലഹിച്ച മാനവരാശിയെ , നിത്യമായി ഉപേക്ഷിക്കാതെ , തൻറ്റെ നെഞ്ചോട് ചേർത്ത് വയ്ക്കുന്ന സ്നേഹവായിപ്പിന്റെ കഥയാണ് നമ്മുടെ രക്ഷാകര ചരിത്രം.
ഈ സ്നേഹസംഗമത്തിൻറ്റെ നിറവിൽ നിന്ന് ആദി മുതലെ തന്നോടൊപ്പമുണ്ടായിരുന്ന തൻറ്റെ പ്രിയപുത്രനെ അറിഞ്ഞുകൊണ്ട് നമുക്കുവേണ്ടി ത്യാഗം ചെയ്ത സ്വർഗസ്ഥനായ പിതാവ്, ദൈവവുമായുള്ള സമാനത നിലനിറുത്തേണ്ട കാര്യമായി പരിഗണിക്കാതെ തന്നെത്തന്നെ സ്വയം ശൂന്യവത്കരിക്കുന്ന നസ്രായൻ, ഇന്നും ഈ സ്നേഹസംഗമത്തിലേക്ക് നമ്മുടെ ഹൃദയങ്ങളെ ഉയർത്താൻ പ്രേരിപ്പിക്കുന്ന പരിശുദ്ദത്മാവ്…
ദൈവം സ്നേഹമാണെന്ന് യോഹന്നാനെഴുതുന്നത് അലങ്കാരികമായിട്ടല്ല അതുകൊണ്ടാവണം ഈ സ്നേഹസംഗമത്തിൻറ്റെ ദൃശ്യസാക്ഷത്കാരമായ പരിശുദ്ധ കുർബാനയുടെ സ്ഥാപനസമയത്തു അവൻറ്റെ മാറിൽ ചേർന്നിരുന്ന് ഈ സ്നേഹസംഗമത്തിനെ ആഴങ്ങളെ അനുഭവിച്ച യോഹന്നാൻ പിന്നീട് തൻറ്റെ ജീവിതത്തിൻറ്റെ സായന്തനങ്ങളിൽ ഈറനണിഞ്ഞ മിഴികളുമായി നടത്തിയ സുവിശേഷ പ്രഘോഷണം ഒരേ ഒരു വാചകം മാത്രമായിരുന്നു – ” ദൈവം സ്നേഹമാണ്.”
ഒരു ദൈവം, പക്ഷെ മൂന്ന് വ്യക്തികൾ – ഒരു യുക്തിക്കും പരിപൂർണമായി മനസ്സിലാക്കാനോ , നിർവചിക്കാനോ സാധ്യമല്ല പക്ഷെ സ്നേഹം ഇത് സാധ്യമാക്കുന്നു. ത്രിത്വത്തിൻറ്റെ നാമത്തിൽ ജ്ഞാനസ്നാനം സ്വീകരിക്കുന്ന നാം ഓരോരുത്തരും ഈ മാഹാരഹസ്യത്തിലേക്കു വളരാനും, ജീവിക്കാനും വിളിക്കപ്പെട്ടവരാണ്… ഒരുപാട് കാതങ്ങൾക്കപ്പുറം ഒരു സഹോദരൻ ‘എനിക്ക് ശ്വസിക്കാനാവുന്നില്ല’ എന്ന് പറഞ്ഞു തൻറ്റെ ജീവന് വേണ്ടി കെഞ്ചിയിട്ടും, കാൽമുട്ട് ആ സഹോദരൻറ്റെ കഴുത്തിൽനിന്നു മാറ്റാതെ, മരണത്തിൻറ്റെ കയങ്ങളിലേക്ക് ആ സഹോദരനെ തള്ളിവിട്ട വാർത്ത സ്നേഹത്തെകുറിച്ചു ധ്യാനിക്കുമ്പോൾ വിലാപമായി നെഞ്ചിലുയരുന്നുണ്ട്…
സ്നേഹം നൽകാൻ – ജീവൻ നൽകാൻ എനിക്കും നിനക്കുമാവട്ടെ എന്ന പ്രാർത്ഥനയോടെ…