ലൂക്കാ. 12:32-48
നസ്രായന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചു എന്ന് കരുതാനാകില്ല. കാരണം തന്റെ ജീവിതത്തിലെ ഓരോ നിർണായക മുഹൂർത്തങ്ങൾക്കും വേണ്ടി അവൻ എത്രമാത്രമാണ് ഒരുങ്ങിയത്… നമ്മുടെ ജീവിതത്തിലും എല്ലാ മുഹൂർത്തങ്ങളിലും പ്രവർത്തനങ്ങളിലുമെല്ലാം ഈ ഒരുക്കത്തിന്റെ അരൂപിയുണ്ടാവണം. സൃഷ്ടിയുടെ മകുടമായി നമ്മെ സൃഷ്ടിച്ച്, കർമ്മ കാണ്ഡം കുറിച്ച്, തലമുടിയിഴനാര് പോലും എണ്ണി തിട്ടപ്പെടുത്തി ഭൂവിലേക്ക് നമ്മെ അയച്ചിരിക്കുന്ന അബ്ബായ്ക്ക് മുന്നിൽ നമുക്ക് നൽകപ്പെട്ടിട്ടുള്ള കൃപകൾക്കൊക്കെ കണക്ക് നൽകാൻ നാമൊക്കെ ബാധ്യസ്ഥരാണ്. നമ്മിൽ ചുരുക്കം ചിലർ മാത്രമാണ് ദാനമായി നൽകിയ ഈ കൃപകളെ പ്രതി പിതാവായ ദൈവത്തിന് നന്ദിയർപ്പിക്കുന്നതും, ഈ കൃപകൾക്കൊക്കെ കണക്ക് കൊടുക്കേണ്ടിവരും എന്ന ബോധ്യത്തിൽ ജീവിക്കുന്നതും…
സുവിശേഷത്തിന്റ ആദ്യ ഭാഗം നമ്മോട് ആവശ്യപ്പെടുന്നത് നൻമ നിറഞ്ഞ ജീവിതം നയിച്ച് സ്വർഗ്ഗത്തിൽ നിക്ഷേപം സംഭരിച്ച് വയ്ക്കാനാണ്. നിത്യതയെക്കുറിച്ചുള്ള വ്യക്തതയും ആഴപ്പെടലും നമ്മുടെ ജീവിതത്തിൽ ഉണ്ടായാൽ മാത്രമെ ഒരുക്കത്തിന്റെതും ഉത്തരവാദിത്വപൂർണ്ണവുമായ ഒരു ജീവിതം നാമൊക്കെ നയിക്കുകയുള്ളു… പരീക്ഷകളില്ലെങ്കിൽ വിദ്യാർത്ഥികളൊക്കെ പഠനത്തെ ഗൗരമായി സമീപിക്കുമൊ? പരീക്ഷകളൊക്കെയും തങ്ങളുടെ അധ്വാനങ്ങളുടെ കണക്ക് ബോധിപ്പിക്കാനുള്ള നിമിഷങ്ങളാണ്. ഒരുപാട് ധധമൊക്കെ സസാദിച്ച് ഭൂവിലെ ജീവിതം ആഘോഷമാക്കി മാറ്റുന്നവർക്ക് നിത്യതയെക്കുറിച്ചുള്ള ബോധ്യമുണ്ടൊ? ബോധ്യമുണ്ടാവുമ്പോൾ മാത്രമാണ് നമ്മുടെ ഇടുങ്ങിയ ലോകത്ത് നിന്ന് പുറത്ത് കടന്ന് അബ്ബായെയും കാണപ്പെടുന്ന സഹോദരങ്ങളെയുമൊക്കെ നമ്മുടെ നൻമകൾ പങ്ക് വയ്ക്കുന്ന ജീവിത തലങ്ങളിലേക്ക് നാമൊക്കെ വളരുകയുമുള്ളു.
സുവിശേഷത്തിന്റെ രണ്ടാം ഭാഗം ഊന്നി പറയുന്നതും ജാഗ്രതയോടുള്ള ഒരുക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തന്നെയാണ്. യജമാനൻ വരുമ്പോൾ ഒരുങ്ങിയിരിക്കുന്ന ഭ്യത്യൻ മാത്രമാണ് ആത്മവിശ്വാസത്തോട് കൂടി അവനെ സ്വീകരിക്കാനാവുന്നത്. തന്റെ വരവിനെക്കുറിച്ച് യാതൊരു സൂചനകളും നൽകാതെ അപ്രതീക്ഷിതമായ ആ മണിക്കൂറിലാണ് യജമാനൻ വരിക. ഈ അപ്രതീക്ഷിതമായ മണിക്കൂർ എന്താണെന്ന് വചനത്തിൽ പറയുന്നില്ല. ഒരു പക്ഷെ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ആഴമേറിയ ദൈവാനുഭവമാവാം, സഹനത്തിന്റെ നിമിഷങ്ങളാവാം… അപ്രതീഷിതമായി ഉണ്ടാവുന്ന അപകടമാവാം… മരണത്തിന്റെ നിമിഷമാവാം… മുഹൂർത്തം ഏതായാലും യജമാനനെ സ്വീകരിക്കാനുള്ള ഈ ഒരുക്കത്തിന്റെ തലം നമ്മുടെ ജീവിതത്തിലണ്ടായിട്ടുണ്ട് എന്ന് അബ്ബാ യായെയും നമ്മെ തന്നെയും ബോധ്യപ്പെടുത്തുമ്പോഴാണ് നമ്മുടെ ജീവിതത്തിന് അർത്ഥവും ആഴവുമുണ്ടാവുന്നത്…
അവസാന ഭാഗത്ത് പത്രോസ് പാപ്പ നസ്രായ നോട് ചോദിക്കുന്നുണ്ട് ഈ പറയുന്ന കാര്യങ്ങൾ ഞങ്ങൾക്ക് വേണ്ടിയാണൊ? അല്ലെങ്കിൽ ജനങ്ങൾക്ക് വേണ്ടിയാണൊ എന്ന്? അവിശ്വസ്തനായ ഭ്യത്യന്റെ ഉപമയാണ് ഇതിന് മറുപടിയായി നസ്രായൻ നൽകുന്നത്. സ്വയം ഒരുങ്ങാതെയും തന്നെ ഭരമേൽപ്പിച്ചിരിക്കുന്നവരെ ഒരുങ്ങാൻ സഹായിക്കാതെയും ജീവിതത്തെ ആഘോഷമാക്കി ജീവിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാവാനിടയില്ല. കാരണം കൂടുതൽ നൽകപ്പെട്ടവരിൽ നിന്ന് കൂടുതൽ ആവശ്യപ്പെടും എന്ന ഈ വചനം ധ്യാനിക്കുമ്പോഴും ഈ വരികൾ കോറിയിട്ടുമ്പോഴും സക്രാരിയിലെ നസ്രായനോട് ഞാൻ സ്വയം ചോദിക്കുന്നുണ്ട്… ഞാനീ നിമിഷത്തിൽ എവിടെയാണ്? സ്വർഗ്ഗത്തിന്റെ കവാടങ്ങൾ എനിക്കായ് തുറന്ന് കിട്ടാൻ മാത്രം ആത്മാക്കൾ എന്ന സമ്പത്ത് ഞാൻ നിനക്കായി നേടിയിട്ടുണ്ടാ? നിത്യതയുടെ അടയാളമായി ജീവിക്കേണ്ട ഞാൻ ഈ ലോക ജീവിതത്തിന്റെ പ്രതിനിധി മാത്രമായി ചുരുങ്ങിപ്പോവുന്നുണ്ടൊ? ഒരുക്കമാണ് എല്ലാത്തിലും പ്രധാനമെന്ന് പറഞ്ഞ് ഭൗതികമായ പരിപാടികൾക്ക് വേണ്ടി മറ്റുള്ളവരെ ഒരുക്കിയിട്ടും ഒരു നാൾ നിന്നെ കാണാൻ എന്നെയും മറ്റുള്ളവരെയും ഒരുക്കാൻ എനിക്കാവുന്നുണ്ടൊ? നിനക്കായ് ഞങ്ങളെ ഒരുക്കണെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…