മാർക്കോ. 12:38-44
നമ്മുടെ ആത്മീയത നമ്മുടെ തന്നെ അന്തരികതയുടെ പ്രതിഫലനമാണ്. ഈ ആന്തരികത രൂപപ്പെടുന്നതിനെ ആസ്പദമാക്കിയായിരിക്കും നമ്മുടെയും ആത്മീയ വളർച്ച. ഈ അന്തരികതയുടെ അകകാമ്പിൽ നിന്നാവണം നമ്മുടയൊക്കെ പ്രാർത്ഥനകളും ആചാരാനുഷ്ഠാനങ്ങളും രൂപപ്പെടേണ്ടതും നമ്മിൽ നിന്നും നിർഗളിക്കേണ്ടതും. ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ട് മുട്ടുന്നത് ഉത്തരത്തിലുള്ള രണ്ട് ആന്തരിക മനോഭാങ്ങളാണ്. നിയമജ്ഞരാണ് ആദ്യത്തെ കൂട്ടർ. യഹൂദ സമുദായത്തിലെ ഏറ്റവും വലിയ പണ്ഡിതരായിരുന്നു നിയമജ്ഞർ. എല്ലാ നിയമങ്ങളെയും ആഴത്തിൽ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തവർ. എന്നാൽ അവരുടെ ഈ ആഴമായ അറിവ് അവരിൽ ഒരു ആന്തരികതയൊ ബോധ്യങ്ങളൊ രൂപപ്പെടുത്തിയില്ല. മറിച്ച് അവരുടെ ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളാണ് അവരെ സംബന്ധിച്ചടുത്തോളം അവരുടെ ആത്മീയതയ്ക്ക് അർത്ഥവും ആഴവും നൽകിയത്. കാലാന്തരത്തിൽ ഈ ആചാരാനുഷ്ഠാനങ്ങളൊക്കെ ബാഹ്യമായ പ്രകടനങ്ങളായി മാത്രം മാറുകയുണ്ടായി. അങ്ങനെ ദൈവത്തിന്റെ മനുഷ്യർ എന്നൊക്കെ വിളിക്കപ്പെടുമ്പോഴും ദൈവവുമായി യാതൊരു ബന്ധവുമില്ലാതെ മുഴങ്ങുന്ന ചേങ്ങല മാത്രമായിപ്പോയവർ. തങ്ങളെ ഭരമേൽപ്പിച്ച ദൈവജനത്തെ കരുതുന്നതിന് പകരം കൊളളയടിക്കുന്ന വ്യക്തിത്വങ്ങളായി മാറുകയാണിവർ.
ഇസ്രേയൽ ജനത്തിന് ദൈവം നൽകിയ ഏറ്റവും വലിയ കൽപനകളിലൊന്ന് ദുർബലരെയും, അനാഥരെയും, വിധവകളെയുമൊക്ക കരുതാനായിരുന്നു. ഇസ്രേയൽ ജനം ഈ അവസ്ഥാന്തരങ്ങളിലൂടെയൊക്കെ കടന്ന് പോയ ജനമായിരുന്നു. അടിമത്തത്തിന്റെ നുകവും, പീഡനങ്ങളുടെ ഭീതിയും, ഇല്ലായ്മകളുടെ നൊമ്പരവുമൊക്കെ അടുത്തറിഞ്ഞവർ. ജൂബിലി വർഷകാലത്തെ പ്രത്യേക അനുകൂല്യങ്ങളും, പാരുതോഷികങ്ങളുമൊക്കെ തങ്ങളുടെ കയ്പേറിയ ഭൂതകാലത്തെയും, ആ ദിനങ്ങളിൽ തങ്ങളുടെ രോദനം ശ്രവിച്ച് രക്ഷയുടെ കരങ്ങൾ നീട്ടുന്ന അബ്ബാ യെയും സ്മരിക്കാനായിരുന്നു…. എന്നിട്ടും അടിമത്തത്തിന്റെ കയ്പ് നീർ കുടിച്ചവർ മറ്റുള്ളവരെ അടിമകളെപ്പോലെ ചൂഷണം ചെയ്യുന്ന ഹൃദയഭേദകമായ കാഴ്ചയാണ് നസ്രായന്റെ കാലം അവന് കാട്ടി കൊടുക്കുന്നത്.
ഈ മനം മടുപ്പിക്കുന്ന കാഴ്ചകളിൽ നിന്ന് നസ്രായന് ആശ്വാസമാകുന്നത് ദരിദ്രയായ വിധവയുടെ സമ്പൂർണ്ണ സമർപ്പമാണ്. ധനികരായ വ്യക്തികൾ തങ്ങളുടെ സമ്പന്നതയിൽ നിന്ന്, ദൈവത്തിന് ഒരു പങ്ക് നൽകുകയാണ്. എന്നാൽ ഈ വിധവയാകട്ടെ തനിക്ക് ആകെയുള്ള രണ്ട് നാണയ തുട്ടുകളും ദൈവത്തിന് സമർപ്പിക്കുകയാണ്. മറ്റുള്ളവരുടെ നിക്ഷേപങ്ങൾ അവളുടെതിനെക്കാൾ പതിൻ മടങ്ങ് വലതായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. എന്നിട്ടും നസ്രായൻ ദൈവ സന്നിധിയിൽ സ്വീകാര്യമായി കണ്ടെത് അവളുടെ നാമമാത്രമായ കാണിക്കയായിരുന്നു. കാരണം ഒരു വിധവയുടെ ജീവിത നൊമ്പരം മറ്റാരെക്കാളും നന്നായി അറിയാവുന്നവനാണ് നസ്രായൻ. എല്ലാ വിധവകളിലും അവൻ ദർശിച്ചിട്ടുണ്ടാവുക തന്റെ മേരിയമ്മയെ തന്നെയായിരിക്കണം. പുരുഷ മേധാവിത്വം നിറഞ്ഞ യഹൂദ സമൂഹത്തിൽ വിധവയ്ക്ക് സ്വന്തമായൊരു വ്യക്തിത്വമൊ പ്രസക്തിയൊ ഉണ്ടായിരുന്നില്ല. അവൾക്ക് ലഭിച്ച ആ ചില്ലിക്കാശ് അവളുടെ ആകെയുള്ള സസാദ്യം മാത്രമായിരിക്കണം. ആ സമ്പാദ്യം ദൈവത്തിന് സമർപ്പിക്കുമ്പോൾ തന്റെ തന്നെ ഭാവിയും ജീവിത മാർഗവുമാണ് അവൾ അബ്ബായ്ക്ക് സമർപ്പിക്കുന്നത്. അ ഒരു നിമിഷത്തിനുമപ്പുറം എന്ത് സംഭവിക്കുമെന്ന ചിന്ത അവളെ വലയ്ക്കുന്നില്ല. ആ രണ്ട് നാണയ തുട്ടുകൾ തനിക്കായി കരുതിയ അബ്ബാ, തന്നെ കാത്ത്കൊള്ളും എന്ന നിർവൃതിയിലാണ് അവൾ ദേവാലയത്തിൽ നിന്ന് മടങ്ങുന്നത്.
ഇന്നത്തെ ആദ്യവായനയും നമ്മെ ഓർമിപ്പിക്കുന്നത് ഇത് പോലെ ദൈവ പിതാവിൽ ശരണപ്പെട്ട് തനിക്കും മകനും മാത്രമായി അവശേഷിച്ച ധ്യാന്യം കൊണ്ട് ഏലിയാ പ്രവാചകന് ഭക്ഷണമുണ്ടാക്കി നൽകുന്ന സറഫാത്തിലെ വിധവയെയാണ്. അവളുടെ കുടത്തിലെ മാവ് തീർന്ന് പോവുകയൊ എണ്ണ വറ്റുകയൊ ചെയ്തില്ല. നമുക്കൊക്ക വിശ്വാസ ജീവിതത്തിന്റെ മാതൃകയായി നസ്രായൻ അവതരിപ്പിക്കുന്നത് ഈ വിധ വകളുടെ അടിയുറച്ച ദൈവ ശരണമാണ്. ദുഃഖ സാന്ദ്രമായ തങ്ങളുടെ ജീവിത സാഹചര്യങ്ങളെ പ്രതി അബ്ബായെ പഴിക്കാതെ, തങ്ങളെ തന്നെ പരിപൂർണ്ണമായി അബ്ബായ്ക്ക് നൽകുന്ന ഇവരുടെ ആത്മീയ മനോഭാവങ്ങൾ നമ്മെയും രൂപപ്പെടുത്തട്ടെ എന്ന പ്രാർത്ഥനയോടെ …