മത്താ. 2:1-12
ഇന്ന് നസ്രായന്റെ ദർശന തിരുനാളാണ്. ലോകരക്ഷകനായ തന്നെത്തന്നെ ജനപദങ്ങൾക്ക് വെളിപ്പെടുത്തി കൊടുത്തതിന്റെ ദീപ്തസ്മരണ. ആട്ടിടയൻമാർക്കും പുജരാക്കൻമാർക്കും മാത്രമല്ല സന്തോഷത്തിന്റെ ഈ സദ്വാർത്ത മനസ്സിലാക്കാൻ കഴിയുന്നത്… കുഞ്ഞു നസ്രായനായുള്ള അവരുടെ അന്വേഷണ യാത്രയിൽ ഹെറൊദേസ് രാജാവും, ഫരിസേയരും, നിയമജ്ഞരും, പുറോഹിത പ്രമാണികളുമാക്കെ രക്ഷകൻ ജനിച്ച സദ്വാർത്ത അറിയുന്നുണ്ട്… എന്നിട്ടും അവനെ കാണാനുള്ള സുകൃതം ലഭിക്കുന്നത് ദൂരെ ദേശത്ത് നിന്ന് വരുന്ന പൂജ രാജാക്കൻമാർക്കും സാധാരണക്കാരിൽ സാധരണക്കാരായ ആട്ടിടയൻമാർക്കമാണ്.
തീർച്ചയായും രക്ഷകനായ കുഞ്ഞു നസ്രായനിലേക്ക് എത്തിച്ചേരാൻ അവരെ സഹായിച്ചത് അവരുടെ ഹൃദയ നൈർമല്യത തന്നെയാവണം. നിർമലമായ ഹൃദയത്തോടെ തന്നെ അന്വേഷികുന്നവർക്കാണല്ലൊ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തി കൊടുക്കുക. അനേകായിരം മൈലുകളും കാതങ്ങളും പിന്നിട്ട്, മരുഭൂമിയിലൂടെയുള്ള ദുഷ്കരമായ യാത്രയുടെ വെല്ലുവിളികളൊക്കെ ഏറ്റെടുക്കാൻ അവരെ പ്രേരിപ്പിക്കുന്നത് അസാധാരണമായി വാനിൽ കാണുന്ന നക്ഷത്രമാണ്. ഒരുപാട് താരകങ്ങൾ മിന്നുന്ന രാവിൽ ഈ നക്ഷത്രത്തെ യഹൂദൻമാരുടെ രാജാവിന്റെ ജനനത്തെ സൂചിപ്പിക്കുന്നതാണെന്നും അത് ആ രാജാവിലേക്കുള്ള വഴികാട്ടിയായി മാറുന്നതു മെല്ലാം സാധാരണ ചിന്താഗതിയിൽ അതിമാനുഷികം തന്നെയാണ്. എന്നാൽ നക്ഷത്രത്തെ കണ്ട്കൊണ്ട് ജീവൻ പോലും പണയപ്പെടുത്തി കൊണ്ടുള്ള ഈ യാത്രയ്ക്ക് ഇറങ്ങിത്തിരിക്കുന്നത് ശ്രേഷ്ഠമായ, ദൈവാന്വേഷണമില്ലാതെ മറ്റെന്താണ്? ദിവ്യരക്ഷകന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള പൂർണ്ണമായ അറിവൊന്നും അവർക്കുണ്ടായിരുന്നു എന്ന് വിചാരിക്കാൻ കഴിയില്ല അവർ അന്വേഷിച്ചത് യഹൂദൻമാരുടെ രാജാവിനെയാണ്. അതാവണം രാജകുമാരൻ സാധാരണ ഗതിയിൽ ജനിക്കുക കൊട്ടാരത്തിലാണെന്ന അനുമാനത്തിൽ ഹെറോദേസിന്റെ കൊട്ടാരത്തിൽ ദിവ്യരക്ഷകനെ അവർ അന്വേഷിച്ചെത്തുന്നത്. ഹെറൊദേസിന്റെ കൊട്ടാരത്തിൽ കാണാതിരുന്ന യഹൂദൻമാരുടെ രാജാവിനെ കണ്ട് മുട്ടുന്നത് വളരെ സാധാരണമായ ചുറ്റുപാടിലാണ്. രാജകൊട്ടാരത്തിന്റെ മഹിമയൊ, പടയാളികളുടെ കാവലൊ, രാജകീയ ആസംബരവും പ്രൗഢിയൊന്നുമില്ലാതെ നിസ്സഹയാനായ ഒരു ശിശു… ഈ രാജകുമാരന്റെ മാതാപിതാക്കളായി അവർ കാണുന്നതും സാധാരണക്കാരിയായ ഒരു സ്ത്രീയെയും തച്ചന്റെ ജോലി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോവുന്ന ഒരു മനുഷ്യനെയും… എന്നിട്ടും പുരാജാക്കൻമാർ ഈ കുഞ്ഞു നസ്രായന്റെ മുന്നിൽ സ്രാഷ്ടാംഗം വീഴുകയും തങ്ങൾ കൊണ്ട് വന്ന വിലപിടിപ്പുള്ള സ്വർണ്ണവും, മീറയും, കുന്തിരിക്കുമൊക്കെ സമർപ്പിച്ച് സായൂജ്യത്തോടെ മടങ്ങുകയാണ്. രക്ഷകനെ കണ്ട അവർ പഴയ മനുഷ്യരല്ല. തങ്ങളുടെ ബുദ്ധിശക്തിയും, സാമർത്ഥ്യവുമാണ് അവരെ കുഞ്ഞ് നസ്രായന്റെ അടുക്കൽ എത്താൻ സഹായിച്ചതെയിൽ അവിടെ നിന്ന് അവരെ നയിയുന്നത് മാലാഖയാണ്. ഹെറോദേസിന്റെ കെണിയിൽ അകപ്പെടാതെ അവർ രക്ഷപ്പെടുന്നത് ഈ സ്വർഗ്ഗീയ ഇടപെടൽ നിമിത്തമാണ്.
ജനനം കൊണ്ട് രാജാവല്ലാത്ത ഹെറൊദേസ് നസ്രായന്റെ ജനനവാർത്ത അറിയുമ്പോൾ ഭയവും വെല്ലുവിളിയും കൊണ്ട് നിറയുകയാണ്. ഏത് വിധേനയും യഹൂദൻമാരുടെ രാജാവായി പിറന്നവനെ നശിപ്പിക്കണമെന്ന ചിന്തയാണ് അയാളെ മുന്നോട്ട് നയിക്കുന്നത്. പ്രവചനങ്ങളൊക്കെ വിശകലനം ചെയ്ത് ബെത്ലെഹമിൽ രക്ഷകനുണ്ടെന്ന് മനസ്സിലാക്കുന്ന ഹെറോദേസ് രക്ഷകനെ വണങ്ങാൻ സമ്മാനങ്ങളല്ല അയക്കുന്നത് മറിച്ച് പടയാളികളെയാണ്… ബെത് ലഹമിലെ ദിവ്യ പൈതങ്ങളുടെ രക്ത സാക്ഷിത്വം ഹെറോദേസിന്റെ അധികാര വെറിയുടേയും ചോര കൊതിയുടേയും നേർസാക്ഷ്യങ്ങളാണ്. ഒരു പക്ഷെ ജ്ഞാനികളിൽ നിന്ന് വ്യത്യസ്തമായി നസ്രായനെക്കുറിച്ചെഴുതപ്പെട്ട പ്രവചനങ്ങളെല്ലാം കൃത്യമായി മനസ്സിലാക്കാൻ അവസരം ലഭിച്ചിട്ടും അവന്റെ രക്ഷാകര സന്ദേശത്തെ ഉൾക്കൊളളാതെ അവന്റെ ആരാച്ചാരായി ഹെറോദേസ് മാറുകയാണ്. നമ്മുടെയും വിശ്വാസ യാത്രയിൽ ഈ രണ്ട് വഴികൾ നമ്മുടെ മുന്നിലുണ്ട്. നിർമ്മല ഹൃദയത്തോടെ അവനെ അന്വേഷിച്ച് കണ്ടെത്തുന്ന പൂജ രാജാക്കൻമാരുടെ വീഥിയും അല്ലെങ്കിൽ എല്ലാ ക്രിസ്തീയ മൂല്യങ്ങളും വചനങ്ങളുമൊക്കെ അറിയാമായിരുന്നിട്ടും ജീവനെ പലവിധത്തിൽ നശിപ്പിക്കാൻ ശ്രമിക്കുന്ന ഹെറോദേസുമാർ ആവാനുള്ള ക്ഷണവും… നിത്യതയ്ക്കായ് അവനെ തേടുന്ന പൂജരാജാക്കൻമാരുടെ വീഥിയിൽ നമ്മളുമായിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…