മത്താ. 17:1-9
ഏറ്റവും മനോഹരമായ പ്രാർത്ഥനാനുഭവം ശാന്തമായി ഇരുന്ന് ദൈവഹിതത്തിന് കാതോർക്കലാണെന്ന് നസ്രായൻ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആഗ്രഹാഭിലാഷങ്ങൾ ദൈവത്തെ ബോധ്യപ്പെടുത്താനുള്ള മുഹൂർത്തം മാത്രമായി പ്രാർത്ഥനയുടെ നിമിഷങ്ങളെ കാണുന്നത് ആത്മീയതുടെ ആദ്യപടി മാത്രമാണ്.പ്രഭാതത്തിലും രാത്രിയുടെ യാമങ്ങളിമൊക്കെ വിജനതയിൽ തൻറ്റെ അബ്ബായോടൊപ്പം സമയം ചിലവിടുന്ന നസ്രായൻ നമുക്ക് സുപരിചിതനാണ്. നസ്രായൻറ്റെ ഓരോ പ്രാർത്ഥനാനുഭവവും എങ്ങിനെയാണ് പ്രാർത്ഥിക്കേണ്ടതെന്നിൻറ്റെ വലിയ തിരിച്ചറിവുകളാണ് നമുക്ക് സമ്മാനിക്കുന്നത്. ഇന്നത്തെ സുവിശേഷം നമ്മെ കൂട്ടികൊണ്ടുപോകുന്നത് അത്തരമൊരു പ്രാർത്ഥനാനുഭവത്തിലേക്കാണ്.
താബോർ മലയിൽ സ്വയം രൂപാന്തരപ്പെടുന്ന നസ്രായന് മുന്നിൽ ദൈവതിരുമനസ്സ് വെളിപ്പെടുകയാണ്.
അവന് വഴിയൊരുക്കി മുന്നേ കടന്നുപോയ മോശയും, ഏലിയായുമൊക്കെ ദൈവഹിതത്തെ അനുഗമിച്ചുകൊണ്ട് അവന് മുന്നിൽ എത്തുകയാണ്. ഈ രൂപന്തരീകരണനുഭവത്തിൻറ്റെ മാസ്മരീകതയിൽ സ്വയം മറന്നുപോകുന്ന ശിഷ്യന്മാർ നസ്രനോട് മൊഴിയുന്നത് ഈ അനുഭവത്തിൽ തന്നെ നിരന്തരം ആയിരിക്കാനാണ്. പഷെ നസ്രായനെ സംബന്ധിച്ചടുത്തോളം താബോറിനുമപ്പുറം മരണത്തോളം താൻ അസസ്വസ്ഥനാകാൻ പോവുന്ന ഗെത്സമീൻ അനുഭവം തന്നെ കാത്തിരിപ്പുണ്ടെന്ന ഉൾവെളിച്ചമാണ്…താബോറിൻറ്റെ മഹത്വത്തിൽ നസ്രായൻ വ്യക്തമായി തൻറ്റെ അബ്ബയായിൽനിന്നു കേട്ടറിയുന്ന സത്യവുമിതാണ്…
ജീവിതത്തിൻറ്റെ ഓരോ പ്രതികൂല സാഹചര്യങ്ങളെയും നസ്രായൻ നേരിട്ടത് ദൈവഹിതത്തിന് കാതോർത്തുകൊണ്ടാണ്. തൻറ്റെ ഹിതമല്ല മറിച്ചു താൻ അന്വേഷിക്കുന്നതും നിറവേറ്റുന്നതും ദൈവഹിതം തന്നെയാണോ എന്ന ആഴമേറിയ ധ്യാനമായിരുന്നു നസ്രായൻറ്റെ ഓരോ പ്രാർത്ഥനുഭവവും…” “എൻറ്റെ ഹിതമല്ല അങ്ങയുടെഹിതം നിറവേറട്ടെ…” എന്നത് ഗത്സമെനിൽ മാത്രമല്ല തൻറ്റെ ജീവിതത്തിൻറ്റെ നിർണായക മുഹൂർത്തങ്ങളിൽലെല്ലാം നസ്രായൻ മൊഴിഞ്ഞിട്ടുണ്ടാവണം കാരണം “ഇവനെൻറ്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു…” എന്ന സ്വർഗീയ അരുളപ്പാട് താബോറിൽ മാത്രമാണോ നാം ശ്രവിച്ചിട്ടുള്ളത്?
ഈ നൊയമ്പുകാലം നസ്രായനെപ്പോലെ പ്രാർത്ഥനുടെ നിമിഷങ്ങളെ ദൈവഹിതത്തിന് കാതോർക്കുന്ന ആത്മീയ മുഹൂർത്തങ്ങളാക്കാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ…