ആണ്ടുവട്ടത്തിലെ പത്തൊൻപതാം ഞായർ, Cycle B, യോഹ. 6:41-51

യോഹ. 6:41-51
എന്തുകൊണ്ടാണ് നാസായൻ പരിശുദ്ധ കുർബ്ബാന സ്ഥാപിച്ചത്? കാൽവരിയിലെ ത്യാഗപൂർണ്ണമായ രക്തസാക്ഷിത്വം മാത്രം മതിയായിരുന്നില്ലേ? കേവലം തന്റെ ഓർമ്മ നിലനിറുത്താൻ മാത്രമാണ് പരിശുദ്ധ കുർബ്ബാന സ്ഥാപിച്ചതെന്ന് കരുതുന്നുണ്ടോ? ഒരു രക്ത സാക്ഷിയും പൊടുന്നനെ ചരിത്ര താളുകളിൽ വിസ്മരിക്കപ്പെടുന്നില്ലല്ലൊ… പരിശുദ്ധ കുർബ്ബാന ഒരു ഭൂതകാല സംഭവത്തിന്റെ ഓർമ്മ പുതുക്കല്ല. ഓരോ പരിശുദ്ധ കുർബ്ബാനയിലും നസ്രായന്റെ മഹാത്യാഗം പുനരാവിഷ്ക്കരിക്കപ്പെടുകയാണ്. തന്റെ പുരോഹിതനിലൂടെ, താൻ പിതാവിന് സമർപ്പിച്ച സ്നേഹബലി പുരർപ്പിക്കപ്പെടുകയാണ്. വൈദികൻ ഉച്ചരിക്കുന്ന കൂദാശ വചനങ്ങൾ ഈ യാഥാർത്ഥ്യത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. പുരോഹിതൻ ഒരിക്കലും ക്രിസ്തുവിന്റെ ശരീരമെന്നൊ, ക്രിസ്തുവിന്റെ രക്തമെന്നൊ ഉച്ചരിക്കുന്നില്ല. മറിച്ച് ‘ഇത് എന്റെ ശരീരം, ഇത് എന്റെ രക്തം…’ എന്നാണ് ഉരുവിടുന്നത്. നമ്മുടെ സമയത്തെ നിത്യതയുടെ നിമിഷങ്ങളാക്കുന്ന, അവസ്മരണീയ മുഹൂർത്തമാണ് ഓരോ ബലിയർപ്പണവും നമുക്ക് സമ്മാനിക്കുന്നത്. വിശ്വസിക്കുന്ന ഏവനും നിത്യജീവനുണ്ടെന്നാണ് വത്സല ശിഷ്യന്റെ സുവിശേഷത്തിൽ നാം വായിക്കുന്നത്. അതായത് മരണത്തിനപ്പുറം സംഭവിക്കുന്ന ഒരു യാഥാർത്ഥ്യമായി നിത്യ ജീവനെ കരുതാതെ, നമ്മുടെ ഓരോ നിമിഷവും നിത്യതയുടെ ഭാഗമായി കണ്ട്കൊണ്ട് ജീവിക്കാനുള്ള ഉൾവെളിച്ചമാണിത്.
നസ്രായന്റെ തിരുശരീര രക്തങ്ങൾ സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് എങ്ങിനെയാണ് തന്റെ ജീവിത യാത്രയെ കേവലമൊരു ഭൗമികയാത്ര മാത്രമായി കാണാൻ കഴിയുക ? നസ്രായൻ പരിശുദ്ധ കുർബ്ബാന സ്ഥാപിച്ചത്, തന്റെ പരിധികളില്ലാത്ത സ്നേഹത്തിന്റെ പ്രതീകമായിട്ടാണ്. പ്രിയപ്പെട്ടവരോടുള്ള സ്നേഹം നാമൊക്കെ പ്രകടിപ്പിക്കുന്നത് നമുക്കാവുന്ന ഏറ്റവും മികച്ച സമ്മാനങ്ങൾ നൽകി കൊണ്ടല്ലേ… കരൾ പകുത്തു നൽകുന്നതും, വ്യക്ക ദാനം ചെയ്യുന്നതുമൊക്കെ ചരിത്രത്തിന്റെ ഏടുകളിൽ ഇടം പിടിക്കുന്നത് നിസ്വാർത്ഥമായ സ്നേഹത്തിന്റെ സ്മരണയിലല്ലേ… സകല മാനവരാശിക്കും ജീവൻ പകരാൻ ഓരോ നിമിഷവും തന്റെ മജ്ജയും രക്തവും പകുത്ത് നൽകി കൊണ്ടിരിക്കുന്ന സ്നേഹമാണ് ജീവന്റെ അപ്പമായ നസ്രായൻ. നസ്രായൻ പഠിപ്പിച്ച കാര്യങ്ങളൊക്കെ പാലിക്കുന്നതിൽ സഭയ്ക്ക് ഒരു പാട് കുറവുകൾ വന്നിട്ടുണ്ട്. പക്ഷെ ഒരേ ഒരു കൽപന മാത്രം മുറതെറ്റാതെ അനുസരിക്കപ്പെട്ടിണ്ട്. ” ഇത് എൻറ ഓർമ്മയ്ക്കായി ചെയ്യുവിൻ.” ഉവ്വ്, ഈ നിമിഷവും ഒരുപാടിടങ്ങളിൽ അവൻ സ്വയം മുറിക്കപ്പെട്ട് ഒരു പാട് പേരുടെ സമയങ്ങളെ തന്റെ നിത്യതയോട് കൂടിച്ചേർക്കുന്നുണ്ട്. ‘ ഈ ദിവസങ്ങളിൽ വൈദികനോട് ചേർന്ന് തിരുരക്തമടങ്ങുന്ന കാസയുയർ ത്തുമ്പോൾ കൈകൾ വല്ലാതെ വിയർക്കുന്നുണ്ട്. ആ വിറയൽ ഒരിക്കലും മാറാതിരിക്കട്ടെ’ … ജീവന്റെ അപ്പമായ അവന്റെ സ്നേഹത്തിന്റെ ആഴങ്ങളിലേക്ക് അബ്ബാ നമ്മെ നയിക്കട്ടെ എന്ന പ്രാർത്ഥനയോടെ … നസ്രായന്റെ ചാരെ…