ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ, Cycle A, മത്താ. 21:33-43

രക്ഷാകര ചരിത്രത്തെ സരളമായി തന്റെ ഉപമയിലൂടെ പങ്ക് വയ്ക്കുന്ന നസ്രായനെയാണ് ഇന്നത്തെ സുവിശേഷം നമ്മോട് പങ്ക് വയ്ക്കുക. മുന്തിരിതോട്ടം ഇസ്രായേലും, തോട്ടത്തിന് ചുറ്റും വേലികെട്ടി, മുന്തിരി ചക്ക് സ്ഥാപിക്കുന്ന ഉടമസ്ഥൻ അബ്ബായുമാണ്. തോട്ടം പരിപാലിക്കാനായി അബ്ബാ ഏൽപ്പിക്കുന്ന കൃഷിക്കാർ ഇസ്രായേൽ സമൂഹത്തിലെ ഫരിസേയരും, നിയമജ്ഞരും, പുരോഹിതരുമൊക്കെയാണ്. കാലാകാലങ്ങളിൽ വിളവെടുപ്പ് ശേഖരിക്കാൻ എത്തുന്ന ഭൃത്യൻമാർ അബ്ബാ ഇസ്രായേൽ സമൂഹത്തിലേക്ക് അയച്ച പ്രവാചകൻമാരാണ്. എല്ലാ കാലങ്ങളിലും കയ്പേറിയ അനുഭവങ്ങളായിരുന്നു പ്രവാചകൻമാരെ കാത്തിരുന്നത്. സ്വന്തം നാട്ടുകാരാൽ അന്യായമായി പീഡിപ്പിക്കപ്പെടാനായിരുന്നു ഓരോ പ്രവാചകന്റെയും വിധി. മിക്ക പ്രവാചകൻ ജയിലിൽ അടക്കപ്പെടുന്നുണ്ട്. ജെറമിയാ പ്രവാചകൻ ചാട്ടവാറിനാൽ അടിക്കപ്പെടുന്നുണ്ട്. സഖറിയാ പ്രവാചകൻ കല്ലെറിയപ്പെടുന്നുണ്ട്. ഏശയ്യാ പ്രവാചകൻ വാളിനിരയാവുന്നുണ്ട്. നസ്രായന് തൊട്ടു മുന്നേ അവന് വഴിയൊരുക്കാനായ് വരുന്ന സ്നാപക യോഹന്നാൻ ഹെറോദേസിന്റെയും ഹെറോദിയായുടെയും കോപാഗ്നിക്ക് ഇരയായി ശിരഛേദം ചെയ്യപ്പെടുന്നുണ്ട്.

ഈ ഉപമയുടെ അവസാനം തന്റെ പുത്രനെ ബഹുമാനിക്കും എന്ന് കരുതി മുന്തിരി തോട്ടത്തിന്റെ ഉടമ തന്റെ മകനെ മുന്തിരിതോട്ടത്തിലെ വേലക്കാരുടെ അടുത്തേക്ക് അയക്കുന്നുണ്ട്. എന്നാൽ തോട്ടത്തിന്റെ അവകാശിയെ വകവരുത്തി, വേലക്കാർ തോട്ടം അവകാശമാക്കാൻ ശ്രമിക്കുകയാണ്. നസ്രായൻ പറഞ്ഞ് വെയ്ക്കുന്നത് തന്റെ തന്നെ കുരിശ് മരണത്തെക്കുറിച്ചാണ്. മതനേതാക്കളായ ഫരിസേയരും നിയമജ്ഞരും പുരോഹിതരും തന്നെയാണ് ദൈവനിന്ദ ആരോപിച്ച് നസ്രായനെ കുരിശ് മരണത്തിന് വിട്ടി കൊടുക്കാനുള്ള കരുനീക്കങ്ങൾ നടത്തുന്നത്. ഉപമയുടെ അവസാനം മുന്തിരി തോട്ടത്തിന്റെ ഉടമ വന്ന് തന്റെ സേവകരോടും, മകനോടും കഠിന ഹൃദയരായ് പെരുമാറിയ വേലക്കാരുടെ കൈയ്യിൽ നിന്ന് മുന്തിരിതോട്ടം വിടുവിച്ച് വിശ്വസ്തരായ സേവകരെ ഭരമേൽപ്പിക്കുകയാണ്. ഇസ്രായേൽ ജനത്തെ നയിക്കാൻ നിയോഗിക്കപ്പെട്ട ഇടയായിരുന്നു മുന്തിരി തോപ്പിലെ വേലക്കാരായ ഫരിസേയരും, നിയമജ്ഞരും, പുരോഹിതരുമൊക്കെ… മുന്തിരിതോട്ടത്തെ പരിപാലിച്ച് കൃത്യമായി കണക്ക് കൊടുക്കേണ്ടവരാണെന്ന യാഥാർത്ഥ്യത്തെ മറന്ന് ചതിയിലൂടെയും വഞ്ചനയിലെയും മുന്തിരി തോട്ടത്തിന്റെ ഉടമയെ കൊള്ളയടിക്കാനാണ് അവർ ശ്രമിക്കുക. എന്നാൽ ദൈവം ഇസ്രായലായ സഭയെ നയിക്കാനായ് തന്റെ ഹൃദയത്തോട് ചേർന്ന പുതിയ ഇടയൻമാരെ കണ്ടെത്തുന്നുണ്ട്. പത്രോസ് പാപ്പയും കൂട്ടരുമാണ് പുതിയ വേലക്കാർ. നസ്രായൻ പടുത്തുയർത്തുന്ന പുതിയ ഇസ്രായേലായ സഭയുടെ മൂലക്കല്ല് വേലക്കാർ ഉപേക്ഷിച്ച നസ്രായൻ തന്നെയാണ്. നസ്രായനാവുന്ന മൂലക്കല്ലിനോട് ചേർന്ന് ജീവിക്കാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…