ആണ്ടുവട്ടത്തിലെ മുപ്പത്തിയൊന്നാം ഞായർ, Cycle A, മത്താ. 25: 1-13

മത്താ. 25: 1-13
അന്നെന്നുള്ള പാഠഭാഗങ്ങൾ അതാതുദിനം തന്നെ പഠിക്കും എന്ന ഉറച്ച തീരുമാനത്തോടുകൂടിയാണ് ഓരോ അധ്യനവർഷത്തെയും വരവേറ്റട്ടുള്ളത്…
ഒരിക്കൽ പോലും പാലിക്കാൻ കഴിയാതെ പോയ തീരുമാനമാണിതെന്ന് തിരിച്ചറിയുന്നുണ്ട്. പരീക്ഷ അടുക്കുന്നതിന് ഒരുമാസം മുൻപേ പരീക്ഷയുടെ ക്രമം തീരുമാനിക്കാനുള്ള അവസരം ഞങ്ങൾക്കുണ്ട്. അപ്പോഴും വിചാരിക്കും എത്രയും വേഗം പഠിച്ചു തുടങ്ങണമെന്ന്… അതും നടക്കാറില്ല… പിന്നെ പരീക്ഷയ്ക്ക് മുൻപും പിമ്പുമുള്ള അവധിദിനങ്ങൾ… ഒരുപരീക്ഷ കഴിഞ്ഞു സമയം കളയാതെ അടുത്ത പരീക്ഷയ്ക്കൊരുങ്ങണമെന്നു വിചാരിക്കുമെങ്കിലും, എല്ലാ പരിശ്രമങ്ങളും സംഭവിക്കുന്നത് അവസാന മണിക്കൂറിലാണ്…
ഇന്നത്തെ സുവിശേഷം നമ്മോട് പങ്കുവെയ്ക്കുന്നതും നമ്മുടെ ജീവിതത്തിലുണ്ടാകേണ്ട ചില മുന്നൊരുക്കങ്ങളെകുറിച്ചാണ്… വചനഭാഗം വായിച്ചപ്പോൾ മനസ്സിലേക്ക് കടന്നുവന്നത് ചെറിയ പരീക്ഷകൾക്ക് പോലും ഒരുങ്ങാൻ വല്ലാതെ വിഷമിക്കുന്ന ഞാൻ ആ വലിയ പരീക്ഷയെ എങ്ങിനെ നേരിടുമെന്നാണ്… വിവേകമതികളും, വിവേകശൂന്യരായകന്യകകളും മണവാളനെ കാത്തിരുന്ന് ഒടുവിൽ രണ്ടുകൂട്ടരും മയങ്ങി പോകുന്നുണ്ട്. പക്ഷെ വിവേകമതികളായ കന്യകകൾ എല്ലാ മുന്നൊരുക്കങ്ങളും നടത്തി, തങ്ങൾക്കു വേണ്ട എണ്ണയും കരുതിയാണ് ആഘോഷരാവിനെത്തുന്നത്. വിവേകശൂന്യരായ കന്യകകളാകട്ടെ മണവാളൻ വരുന്ന മുഹൂർത്തത്തിൽ മാത്രമാണ്, തങ്ങളുടെ പക്കൽ ആവശ്യത്തിനുള്ള എണ്ണ ഇല്ലെന്നുള്ള വസ്തുത തിരിച്ചറിയുന്നത്… വീണ്ടും വിവേകശൂന്യമായ തീരുമാനത്തിലൂടെ പാതിരാത്രിയിൽ അവർ എണ്ണതേടി പോവുകയാണ്… അവർ തിരിച്ചെത്തുമ്പോഴേക്കും ആഘോഷരാവ് തുടങ്ങിയിരുന്നു. ഒരുക്കങ്ങളില്ലാതെ വന്നവർക്കായി മണവാളൻ തൻറ്റെ വാതിൽ തുറക്കുന്നുമില്ല…
വിശ്വാസയാത്രയിലെ ഓരോ ദിനവും നസ്രായനെ മുഘാമുഖം കാണുന്നതിനുള്ള ഒരുക്കത്തിനുള്ള അവസരമാണ്… പലപ്പോഴും അലസമായി വലിച്ചെറിയുന്നതും, നീട്ടിവെയ്ക്കുന്നതുമായ ഈ അവസരങ്ങൾ, ആ സ്വർഗീയ വിരുന്ന്‌ നഷ്ടപ്പടുത്തുമോ എന്ന ആവലാതി സമ്മാനിക്കുന്നുണ്ട്… ‘മണവാളൻ നമ്മെ അറിയുന്നില്ല എന്ന് പറയുന്നതായിരിക്കും നമ്മുടെയൊക്കെ എറ്റവും വലിയ പരാജയം… ജീവിതത്തിലെ ഒരോ കൊച്ചു പരീക്ഷകളും ആ വലിയ പരീക്ഷക്കുള്ള മുന്നൊരുക്കമാണെന്ന തിരിച്ചറിവോടെ, അവൻറ്റെ സ്വർഗീയ വിരുന്നിൽ കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ… നസ്രായൻറ്റെ ചാരെ…