ആഗമനകാലം രണ്ടാം ഞായർ, Cycle A, മത്താ. 3: 1-12

മത്താ. 3: 1-12
ഇടറിയ മനസ്സിൻറ്റെ ആത്മരോദനമാണ് അമ്പത്തിയൊന്നാം സങ്കീർത്തനം. ദൈവ സ്നേഹത്തിൻറ്റെ ആഴങ്ങളെ അനുഭവിച്ചറിഞ്ഞ സങ്കീർത്തകൻ, ദൈവത്തിന് ഏറ്റവും സ്വീകാര്യമായ ബലിയായി പറഞ്ഞു വെയ്ക്കുന്നത് അനുതാപം നിറഞ്ഞ തന്റെ ഹൃദയമാണ്…
ആഗമനകാലത്തിൻറ്റെ ഒരുക്കങ്ങളിലൂടെ കടന്നുപോകുമ്പോൾ സങ്കീർത്തകൻറ്റെതുപോലുള്ള അനുതാപം നിറഞ്ഞൊരു ഹൃദയം നമുക്കുമുണ്ടാവണം.
സ്നാപക യോഹന്നാൻ ഇസ്രായേൽ ജനത്തെ നസ്രായൻറ്റെ വരവിനുവേണ്ടി ഒരുക്കുന്നത് അനുതാപത്തിൻറ്റെ ഈ ജ്ഞാനസ്നാനം നൽകിക്കൊണ്ടാണ്. “കർത്താവിന് വഴിയൊരുക്കുവിൻ, അവൻറ്റെ പാതകൾ നേരെയാക്കുവിൻ…” നമ്മുടെ ഹൃദയത്തിലേക്കുള്ള വഴിയൊരുക്കാതെ നസ്രായനെ സ്വികരിക്കാൻ നമുക്കാവില്ല, കാരണം അവൻ നമ്മുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. പലപ്പോഴും നമ്മുടെ ഒരുക്കങ്ങൾ ബാഹ്യമായ കാര്യങ്ങളിൽ മാത്രമായി ഒതുങ്ങി പോവുന്നുണ്ട്. ഫരിസേയരും, നിയമജ്ഞരുമൊക്കെ യോഹന്നാൻറ്റെ സ്നാനം സ്വീകരിക്കാൻ എത്തുന്നുണ്ട്, പക്ഷെ അനുതാപമില്ലാത്ത ഹൃദയത്തോടെയായിരുന്നു എന്നുമാത്രം. അനുതാപത്തിൻറ്റെ ഈ സ്നാനം സ്വീകരിക്കാതെ പോകുന്ന ഈ ഫരിസേയരും, നിയമജ്ഞരുമാണ് പിന്നീട് നസ്രായനോട് കലഹിക്കുന്നതും, പിന്നീട് അവന്റെ കുരിശു മരണത്തിനായി മുറവിളിക്കൂട്ടുന്നതുമൊക്കെ… നിഷ്കളങ്കത നിറഞ്ഞ ഒരുപറ്റം ആട്ടിടന്മാരാണ് അവൻറ്റെ ജനത്തിന് സാക്ഷികളായതെന്ന സത്യം, അനുതാപം നിറഞ്ഞ ഹൃദയത്തോടെ, അവനായി വഴിയൊരുക്കാവാൻ നമ്മെ പ്രചോദിപ്പിക്കട്ടെ എന്ന പ്രാർത്ഥനയോടെ…