ലൂക്കാ. 3:15-16,21-22
ഇവനെന്റെ പ്രിയ പുത്രനാകുന്നു. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഒരുപാട് തവണ നാം കേട്ടിട്ടുള്ള വചനമാണിത്. ഈ വചനം ഒരു ഓർമ്മപ്പെടുത്തലാണ്. നസ്രായൻ മാത്രമല്ല നാം ഓരോരുത്തരും ദൈവത്തിന്റെ പ്രിയപ്പെട്ടവരാകാൻ വിളിക്കപ്പെട്ടവരാണെന്ന ഓർമ്മപ്പെടുത്തൽ. സ്നാപകനിൽ നിന്ന് സ്നാനം സ്വീകരിക്കുമ്പോഴാണ് അബ്ബാ തന്റെ മകന് ഈ വെളിപ്പെടുത്തൽ നൽകുന്നത്. പിന്നിട്ടുള്ള അവന്റെ ഓരോ ജീവിത മുഹൂർത്തവും താൻ അബ്ബയുടെ പ്രിയപ്പെട്ടവനാണെന്ന് ലോകത്തിന് മുന്നിൽ സാക്ഷ്യപ്പെടുത്താനുള്ള മുഹൂർത്തങ്ങളാണ്. വെല്ലുവിളി നിറഞ്ഞ ഈ ജീവിത മുഹൂർത്തങ്ങൾ അവൻ അഭിമുഖീകരിക്കുന്നതും, ജനം അവനിൽ ദൈവത്തിന്റെ കരം ദർശിക്കുന്നതും, നസ്രായന്റെ ഒറ്റയാൾ പ്രകടനമായിരുന്നില്ല. മറിച്ച്, ആത്മാവിനാൽ നിറഞ്ഞും, നയിക്കപ്പെട്ടും, ആത്മാവിനാൽ പ്രചോദിതനായും, അവൻ അബ്ബായുടെ കരുണയുടെ മുഖമായി, പ്രിയപ്പെട്ടവനായി മാറുകയാണ്…
അബ്ബായുടെ പ്രിയപ്പെട്ടവനാവുക എന്ന ക്രിസ്തീയ ജീവിതചര്യയുടെ ആത്യന്തിക ലക്ഷ്യം നമുക്കൊക്കെ കൈവരിക്കാൻ കഴിയുക നസ്രായനെപ്പോലെ ആത്മാവിനാൽ നിറഞ്ഞ്, ആത്മാവിനാൽ നയിക്കപ്പെടുമ്പോഴാണ്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളായ ഈ സഹായകനെ പലപ്പോഴും വിസ്മരിച്ച് നമ്മുടെ സാക്ഷ്യത്തിന് അർത്ഥവും ആഴവും കണ്ടെത്താനാണ് നമ്മുടെ ശ്രമങ്ങ ളൊക്കെയും… നമ്മുടെ പ്രാർത്ഥനയുടെ നിമിഷങ്ങളിൽ ആത്മാവിന്റെ നിറവിനായൊ, ആത്മാവിന്റെ ദാനങ്ങൾക്കും ഫലങ്ങൾക്കും വേണ്ടിയൊക്കെ നാമൊക്കെ ആഗ്രഹിക്കാറും പ്രാർത്ഥിക്കാറുമുണ്ടൊ? പന്തക്കുസ്താ തിരുനാളിൽ മാത്രം ഒതുങ്ങുന്ന ഒരു ആശ്രയബോധം മാത്രമായി ആത്മാവ് നമ്മുടെ ജീവിതത്തിൽ അവഗണിക്കപ്പെടുന്നില്ലേ? നാസായന്റെ ജ്ഞാനസ്നാന തിരുന്നാൾ നമുക്കുള്ള ഓർമ്മപ്പെടുത്തലാണ്. നസ്രായൻ വാഗ്ദാനം ചെയ്ത ഈ സഹായകനെ നിരന്തരം സ്മരിക്കാനും, സഹായകനാൽ നയിക്കപ്പെടാനും, പ്രചോദനം സ്വീകരിച്ച് ക്രിസ്തീയതയക്ക് കാലാനുസൃതമായ സാക്ഷ്യം നൽകാനുമുള്ള പ്രേരണയാണ് ഈ തിരുനാൾ ദിനം നമുക്ക് സമ്മാനിക്കുന്നത്. സഹായകനുമായുള്ള ആത്മ സൗഹൃദത്തിൽ വളരാനും ആഴപ്പെടാനുമാവട്ടെ എന്ന പ്രാർത്ഥനയോടെ … നസ്രായന്റെ ഹൃദയത്തിൻ ചാരെ…