യോഹ. 20:1-9
മരണത്തിന്റെ കയത്തിൽ പോലും അവനെ ഒറ്റയ്ക്കാക്കാതിരുന്നവളാണ് മഗ്ദലേന മറിയം. നിഴലുപോലെ നസ്രായനെ അനുധാവനം ചെയ്തവൾ. പത്രോസ് പാപ്പയും മറ്റുതോഴരുമെല്ലാം തങ്ങളുടെ വിശ്വാസ യാത്രയിൽ നിരന്തരം ഇടറിയിട്ടും നാസ്രായനിൽ ഇടറാതിരുന്നത് അവൾ മാത്രമാണ്. നിഴലായി കൂടെ നടന്ന തോഴരെല്ലാം കുരിശ് മരണത്തിനായ് അവൻ ബന്ധിതനായപ്പോൾ തങ്ങളുടെ ജീവനും കൊണ്ട് ഓടി രക്ഷപെടുന്നുണ്ട്. എന്നാൽ അവന് വേണ്ടി തന്റെ ജീവൻ പോലും പണയം വെച്ച്, ജീവൻ കൊടുക്കുവാൻ സന്നദ്ധയായി, മേരിയമ്മയോടൊപ്പം ഈ മേരിക്കുട്ടിയും നസ്രായന്റെ ചാരെ ഉണ്ടായിരുന്നു.
നസ്രായന്റെ ഈ അരുമ ശിഷ്യയുടെ തീവ്ര സ്നേഹത്തിനു സാക്ഷിയായ വത്സല ശിഷ്യൻ തന്റെ സുവിശേഷത്തിൽ ‘അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾ തന്നെ അവൾ കുഴിമാടത്തിലെത്തി’ എന്ന് തന്റെ സുവിശേഷത്തിൽ ആകസ്മികമായി രേഖപ്പെടുത്തിയ ഒരു സ്ഥലകാല വിവരണമായി ചുരുക്കരുത്. മറിച്ച് ചങ്ക് നൽകി സ്നേഹിച്ചവന് ചങ്ക് നിറയെ സ്നേഹവുമായി മരണത്തിൽ പോലും അവനെ പിരിയാൻ കഴിയാത്ത അരുമ ശിഷ്യയുടെ ഹൃദയാഞഞ്ചലിയാണത്. കല്ലറയിങ്കലെത്തുന്ന അവളെ കാത്തിരുന്നത് തന്റെ പ്രിയ ഗുരുവിന്റെ ശരീരം അവിടെ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു എന്ന ഭാരപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. നിസ്സഹയായ അവൾക്ക് പത്രോസ് പാപ്പയുടെയും, അരുമ ശിഷ്യന്റെയും ചാരത്തേക്ക് ഓടനല്ലാതെ എന്താണ് സാധിക്കുക? ഓടി കല്ലറയിലെത്തുന്ന ഇരുതോഴരും ശൂന്യമായ കല്ലറ കണ്ട് ഇനി എന്ത് ചെയ്യണമെന്നറിയാതെ നിരാശരായി അവിടെ നിന്ന് മടങ്ങുകയാണ്. എന്നാൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ശൂന്യമായ കല്ലറയ്ക്ക് മുന്നിൽ ശൂന്യമായ മനസ്സും, നിറമിഴികളുമായിരിക്കുന്ന അവളെത്തേടിയാണ് പ്രത്യാശയുടെ സുവിശേഷം വന്നെത്തുന്നത്.
ഒരു കല്ലറയ്ക്കും അവനെ ഉൾക്കൊള്ളാനൊ, ഒതുക്കാനൊ, തളച്ചിടാനൊ കഴിയില്ലെന്ന യാഥാർത്ഥ്യത്തിന് അവൾ തന്നെ സാക്ഷിയാവുകയാണ്. ഉത്ഥിതനായ നസ്രായനെ തിരിച്ചറിയാതെ അവന്റെ കാണാതെ പോയ ശരീരത്തെ അവൾ അന്വേഷിക്കുകയാണ്. തന്നെ കണ്ടിട്ടും തിരിച്ചറിയാത്ത തന്റെ പ്രിയ തോഴിക്ക് അവൻ നൽകുന്നത് തന്റെ തന്നെ വചനമാണ്… ‘മേരി…’ റബ്ബോന്നി എന്ന പ്രത്യുത്തരം അവനോടുള്ള അവളുടെ വാത്സല്യം മുഴുവൻ സംഗ്രഹിക്കുന്നുണ്ട്. അവന്റെ ഉത്ഥാന പ്രവചനത്തിന് മൂന്ന് തവണ സാക്ഷികളായിട്ടും അവനെ കാത്തിരിക്കാതെ മടങ്ങിയ തോഴരോട് തന്റെ ഉത്ഥാനത്തിന്റെ സദ്വാർത്ഥ അറിയിക്കാൻ നസ്രായൻ തെരെഞ്ഞടുക്കുന്നതും തന്റെ ഈ പ്രിയ സഖിയെത്തന്നെയാണ്. ഒഴിഞ്ഞ കല്ലറകളാകുന്ന ജീവിത നിരാശകളുടെ മദ്ധ്യേ വിലപിക്കുന്ന നമുക്കൊക്കെയുള്ള അടയാളമാണ് മേരിക്കുട്ടി. പ്രത്യാശയോടെ, ക്ഷമയോടെ എന്നെന്നും അവനെ കാത്തിരിക്കണമെന്നുള്ള സുവിശേഷമാണ് മേരിക്കുട്ടി നമ്മോട് പങ്ക് വയ്ക്കുന്നത്. ചങ്ക് നിറയെ സ്നേഹവുമായി അവനെ കാത്തിരിക്കാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…