പന്തക്കുസ്താ തിരുനാൾ, Cycle -C, യോഹ. 20:19-23

യോഹ. 20:19-23
ചരിത്രം തൻറ്റെ ഓർമ്മ പുസ്തകത്തിൽ രേഖപ്പെടുത്തിയതിട്ടുള്ള വ്യക്തികൾക്കെല്ലാം പറയാൻ ഒരു അതിജീവനത്തിൻറ്റെ കഥയുണ്ടായിരിക്കും. ജീവിക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. വെല്ലുവിളികളുടെ മുന്നിൽ പതറാതെ, പ്രതിക്ഷയോടുകൂടി അവയെ അഭിമുഖീകരിക്കുമ്പോഴാണ് നമ്മുടെ ജീവിതങ്ങളൊക്കെ അതിജീവനമാകുന്നത്. ചിലപ്പോഴെങ്കിലുമൊക്കെ പ്രശ്ങ്ങളിൽനിന്ന് ഒളിച്ചോടണമെന്ന ചിന്ത നമ്മിലേക്ക് കടന്ന് വരാറുണ്ട്. ആത്മീയ ജീവിതവും, ഉരുവിടുന്ന പ്രാർത്ഥനകളുമൊക്കെ ഈ നുകം വഹിക്കാനുള്ള കരുത്തു നമുക്ക് നൽകുന്നതാവണം. ജീവിതത്തിലുണ്ടാകുന്ന എല്ലാ വെല്ലുവിളികളും മാനുഷികമായ ശക്തികൊണ്ട് നേരിടാൻ കഴിയണമെന്നില്ല. ഈ ബോധ്യത്തിൻറ്റെ നിറവിലാണ് നസ്രായൻ തൻറ്റെ ശിഷ്യർക്ക് സ്വർഗീയ സഹായകനെ വാഗ്ദാനം ചെയ്യുന്നത്.
ഈ സഹായകൻറ്റെ നിറവ് ലഭിക്കുന്നതോടെ അപ്പൊസ്തലന്മാരുടെ അതിജീവനത്തിൻറ്റെ കഥ ആരംഭിക്കുകയായി. മരണഭയത്തെയാണ് മനുഷ്യൻറ്റെ ഏറ്റവും വലിയ ഭയമായി കണക്കാക്കുന്നത്. ഈ മരണഭയത്തിൻറ്റെ മുന്നിൽ പോലും പതറാതെ മുന്നോട്ട് പോവാൻ അപ്പസ്തലന്മാരെയും ആദിമക്രൈസ്തവരെയും പ്രചോദിപ്പിച്ചത് പരിശുദ്ധത്മാവാണ്… ഇന്നും മരണത്തിൻറ്റെ വക്കിൽ പോലും നസ്രായന് സാക്ഷികളയായി നിലകൊള്ളാൻ അനേകായിരങ്ങൾക്കു ശക്തി പകരുന്നതും ഈ ആത്മാവാണ്… ഈ ആത്മാവിന് നമ്മെ തന്നെ സമർപ്പിച്ചു നമ്മുടെ അതിജീവനം തുടരാം.