ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ, Cycle A, മത്തായി 11:25-30

മത്താ. 11:25-30

നമ്മുടെയൊക്കെ ജീവിതത്തിന്റെ ബുദ്ധിമുട്ടേറിയ നിമിഷങ്ങളിൽ ആരോടാണ് ഈ നൊമ്പരങ്ങളൊക്കെ പങ്ക് വച്ച് ആശ്വാസം കണ്ടെത്താൻ നാമൊക്കെ ശ്രമിക്കുക? ദിവ്യകാരുണ്യത്തിൽ ആഗതനാവുന്ന നസ്രായൻ നിഴൽ പോലെ നമ്മുടെ കൂടെയുണ്ടെന്ന ബോധ്യം നമുക്കൊക്കെ ഉണ്ടായിട്ടും നമ്മുടെ തന്നെ കഴിവിൽ ആശ്രയിച്ച് കൊണ്ട് ഈ പ്രശ്നത്തെ പരിഹരിക്കാനല്ലെ നാമൊക്കെ ശ്രമിച്ചിട്ടുള്ളത്… ” അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.” നസ്രായൻ നൽകിയിട്ടുള്ള ഈ വാഗ്ദാനത്തെ നാം തിരിച്ചറിഞ്ഞിട്ടുണ്ടൊ? തളർന്നു എന്ന് തോന്നിയ നിമിഷങ്ങളിൽ, ഒറ്റയക്കായിപ്പോയി എന്ന് തോന്നിയ നിമിഷങ്ങളിൽ അവന്റെ തിരുഹൃദയത്തോട് ആകുലതകളും, ഭയവും നിറഞ്ഞ നമ്മുടെ ഹൃദയത്തെ ചേർത്ത് വയ്ക്കാൻ നമുക്കാവുന്നുണ്ടൊ? നമ്മുടെ ജീവിതയാത്രയിലുണ്ടാവുന്ന കുരിശുകൾ എടുത്ത് മാറ്റാമെന്നൊ, ആ കുരിശുകളുടെ എണ്ണം കുറയ്ക്കാമെന്നൊ നസ്രായൻ നമ്മുക്ക് വാക്ക് തരുന്നില്ല. മറിച്ച് ജീവിത കുരിശ് വഹിക്കാനുള്ള ശക്തി അവൻ ഉറപ്പ് നൽകുന്നുണ്ട്. തളർന്നു എന്ന് തോന്നുന്ന നിമിഷങ്ങളിൽ അപ്രതീക്ഷതമായി സഹായവുമായെത്തുന്ന നമ്മുടെ പ്രിയപ്പെട്ടവർ, മനസ്സിനെ അലട്ടുന്ന വിഷമത്തിനുള്ള ഉത്തരം നാം വായിക്കുന്ന പുസ്തകത്തിൽ കണ്ടെത്തുമ്പോൾ, കണ്ട് കൊണ്ടിരിക്കുന്ന സിനിമ നാം തേടുന്ന ചോദ്യത്തിനുള്ള ഉത്തരമായി മാറുന്നതൊക്കെ കേവലം ആകസ്മികമായി സംഭവിക്കുന്നതായി വിചാരിച്ച് എഴുതി തള്ളാൻ വരട്ടെ… ഒരു പക്ഷെ നസ്രായൻ നേരിട്ട് പ്രത്യക്ഷപെട്ട് നമ്മുടെ കുരിശ് താങ്ങാൻ നമ്മെ സഹായിക്കുന്നില്ലായിരിക്കാം. പക്ഷെ ഈ മനുഷ്യരിലൂടെ, ജീവിത സാഹചര്യങ്ങളിലൂടെയൊക്കെ നമ്മെ താങ്ങുന്നത്, നമ്മുടെ കുരിശ് വഹിക്കാൻ നമ്മെ ശക്തിപ്പെടുത്തുന്നത് നസ്രായൻ തന്നെയല്ലെ… നസ്രായൻ നമുക്ക് വാഗ്ദാനം ചെയ്യുന്ന അവന്റെ ആശ്വാസമല്ലേ ഈ വ്യക്തികളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും നാമൊക്കെ അനുഭവിച്ചിട്ടുള്ളത്.

“ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ” എന്ന് അവൻ പഠിപ്പിക്കുന്നുണ്ട്. അബ്ബായോടും സഹായകനോടും ചേർന്ന് നിന്ന് കൊണ്ടാണ് ജീവിത കുരിശുകളെ അവൻ ഏറ്റെടുത്തുതും അവ വഹിച്ചു കൊണ്ട് തന്റെ കാൽവരി യാത്ര പൂർത്തിയാക്കിയതും. പ്രാർത്ഥനയുടെ നിമിഷങ്ങൾ അബ്ബായോടും ആത്മാവിനോടും ചേർന്നുള്ള ആശ്വാസത്തിന്റെ നിമിഷങ്ങളാണ് അവന് സമ്മാനിച്ചത്. ഒരു പക്ഷെ ഗത്സമനി അനുഭവമില്ലായിരുന്നെങ്കിൽ കാൽവരി യാത്ര നസ്രായൻ മുഴുവിക്കുമായിരുന്നൊ? മരണത്തോളം അസ്വസ്ഥനായ നസ്രായനെയാണ് നാം ഗത്സമനിൽ കണ്ട് മുട്ടുക. വൈദ്യനായ ലൂക്കാ സുവിശേഷകൻ തന്റെ ഗത്സമെൻ വിവരണത്തിൽ ‘അവൻ ചോര വിയർത്തു’ എന്ന് എഴുതി ചേർത്തത് ആലങ്കാരികമായിട്ടല്ല. ഒരു മനുഷ്യന് അനുഭവിക്കാൻ കഴിയുന്ന ഉത്കണ്ഠയുടെ പരിധി വിടുമ്പോൾ ത്വക്കിലെ രക്തക്കുഴലുകൾ പൊട്ടി, ത്വക്കിലൂടെ ചോര പൊടിയുന്നത് വൈദ്യശാസ്ത്രം സ്ഥീകരിച്ചിട്ടുള്ള യാഥാർത്ഥ്യം തന്നെയാണ്, അത് സുവിശേഷകന്റെ ഭാവനയൊ, അതിശയിക്തിയൊ അല്ല. മരണത്തോളം അസ്വസ്ഥമാവുന്ന നസ്രായൻ തന്റെ ഹൃദയത്തെ അബ്ബായുടെ ഹൃദയത്തോട് ചേർത്ത് വയ്ക്കുമ്പോൾ ആത്മാവിനാൽ ശക്തിപ്പെടുകയാണ്. ‘എന്റെ ഹിതമല്ല. നിന്റെ ഹിതം നിറവേറപ്പെടട്ടെ…’ കുരിശുകൾ വഹിക്കാൻ, ഏത് സഹനവും ഏറെടുക്കാൻ തയ്യാറായവന്റെ വിശ്വാസ പ്രഘോഷണമായിരുന്നു അത്. ആ നസ്രായനാണ് തന്റെ ചാരത്തേക്ക് നമ്മെയും വിളിക്കുക. അവന്റെ തിരുഹായത്തോട് ചേർന്നിരുന്ന് ജീവിത യാത്രയെ മുന്നോട്ട് കൊണ്ട് പോവാനുള്ള ശക്തി നമുക്ക് നേടാം… പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…