മത്താ. 14: 22-33
നമ്മുടെയൊക്കെ വിശ്വാസജീവിതത്തിൽ അനുദിനം ആഴപ്പെടാൻ നാമൊക്കെ ശ്രമിക്കുന്നുണ്ടോ ? ഒരുപക്ഷെ നാം ഓരോരുത്തരും വളരെകുറച്ചു മാത്രം ചിന്തിക്കുന്ന ഒരു കാര്യമായിരിക്കണമിത്. നമ്മുടെയൊക്കെ ജീവിതമുഹൂർത്തങ്ങളിലുള്ള നസ്രായൻറ്റെ ചെറുതും വലുതുമായ ഇടപെടലുകളാണ് വിശ്വാസത്തിൻറ്റെ ആഴങ്ങളിലേക്ക് നമ്മെ വേരുറപ്പിക്കുന്നത്. അങ്ങനെയെങ്കിൽ വ്യക്തിപരമായ ഒരു ദൈവാനുഭവത്തിനായി നാമൊക്കെ ആഗ്രഹിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടൊ?
ഇന്നത്തെ സുവിശേഷം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത് അത്തരത്തിൽ ദേവനുഭവത്തിനായി തീക്ഷണമായി ആഗ്രഹിക്കുന്ന പത്രോസിനെയാണ്…വെള്ളത്തിന് മീതെ സഞ്ചരിച്ചു ശിഷ്യരുടെ അടുത്തെത്തുന്ന നസ്രായനെ സ്വാഗതം ചെയ്തു വഞ്ചിയിൽ കയറ്റേണ്ട കാര്യമേ പത്രോസിനുണ്ടായിരുന്നുള്ളു പക്ഷെ അവൻ നസ്രായനോട് യാചിക്കുന്നത് നസ്രായനെപ്പോലെ ഇളകിമറിയുന്ന കടലിനുമേലെ നടക്കാനുള്ള കൃപയാണ്…
പാതിവഴിയിൽ പത്രോസ് പരാജയപ്പെടുന്നുണ്ടെങ്കിലും, ആഴിയുടെ ആഴങ്ങളിലേക്ക് മുങ്ങി താഴുന്ന തന്നെ പിടിച്ചുയർത്തുന്നത് തൻറ്റെ പ്രിയഗുരു തന്നെയാണ്. ഇതിൽപരം എന്ത് ദൈവാനുഭവമാണ് അയാൾക്ക് വേണ്ടത്?
പിന്നീട് അദ്ദേഹം മരണത്തിന് വിധിക്കപെടുമ്പോൾ തന്നെ തലകീഴായി ക്രൂശിക്കാനാണ് ആവശ്യപ്പെടുന്നത്. അദ്ദേഹത്തിൻറ്റെ ആരാച്ചാർമാർ അമ്പരന്നിട്ടുണ്ടാവണം കാരണം സാധാരണ കുരിശുമരണത്തിൽ ഒരാൾ കടന്നുപോകേണ്ട വേദന തന്നെ വാക്കുകൾക്കതീതമാണ്. തലകീഴായി ക്രൂശിക്കപ്പെടുമ്പോളുള്ള സഹനം വാക്കുകൾക്കതീതമാണ്. അങ്ങനെയെങ്കിൽ തലകീഴായി ക്രൂശിക്കപ്പെടുമ്പോളുള്ള സഹനമോ? അയാൾക്കതൊന്നും പ്രശ്‌നമേയല്ല… തൻറ്റെ ഗുരുവിനെപ്പോലെ മരിക്കാനുള്ള യോഗ്യത തനിക്കില്ലെന്ന് തിരിച്ചറിവിൽ അയാൾ ആത്മീയതുടെ ആഴങ്ങളിലേക്ക് ഊളിയിടുകയാണ്. ദുർബലനായ തന്നെ ചങ്കുറപ്പുള്ള പാറയാക്കിയത് അവൻ കനിഞ്ഞു നൽകിയ ദൈവാനുഭവങ്ങളാണ്… ചങ്‌ഗായ നസ്രായൻ കൺമുന്നിൽ മുങ്ങാതെ കാക്കാൻ കരം നീട്ടിനിൽക്കുമ്പോൾ മരണമെ നിൻറ്റെ ദംശനമെവിടെ? ഇടർച്ചകളെ വളർച്ചകളാക്കാൻ സഹായിക്കുന്ന കരം നമ്മോടൊപ്പമുണ്ടെന്ന വിശ്വാസത്തോടെ നമ്മുടെ ജീവിതയാത്ര തുടരാം.