ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ, Cycle C, ലൂക്കാ. 17:11-19

ലൂക്കാ. 17:11-19
നമ്മുടെയൊക്കെ ജീവിതത്തിന്റെ ഓരോ നിമിഷവും അബ്ബായുടെ അനുഗ്രഹ വർഷമാണ്. ജീവിതമെന്ന ദാനം, നമ്മുടെ കുടുംബം, ചുറ്റുപാടുകൾ, സമൂഹം, ബന്ധുമിത്രാദികൾ… പക്ഷെ പലപ്പോഴും വലിയ അത്ഭുതങ്ങൾക്കും അനിഗ്രഹങ്ങൾക്കും വേണ്ടിയുള്ള കാത്തിരിപ്പിനൊടുവിൽ അനുദിന ജീവിതത്തിലെ ഈ വലിയ കൃപകൾക്ക് അബ്ബായോട് നാമൊക്കെ നന്ദി പറയുന്നുണ്ടൊ? ഇന്നത്തെ സുവിശേഷം നമ്മെ കൂട്ടികൊണ്ട് പോവുക പത്ത് കുഷ്ഠരോഗികളുടെ വിശ്വാസാനുഭവത്തിലേക്കാണ്. കുഷ്ഠരോഗി തൊട്ട്തീണ്ടിക്കൂടായ്മ അനുഭവിക്കേണ്ടവനായിരുന്നു. സ്വന്തം കുടുംബത്തിൽ നിന്നും, സമൂഹത്തിൽ നിന്നുമൊക്കെ… പത്ത് കുഷ്ഠ രോഗികൾ യേശുവിന്റെ വഴിയിൽ ഒരുമിച്ചെത്തുന്നത് കുഷ്ഠരോഗിക്ക് താങ്ങായും, കൂട്ടായും മറ്റ് കുഷ്ഠരോഗികൾ മാത്രമെ ഉണ്ടായിരുന്നുള്ളു എന്ന യാഥാർത്ഥ്യത്തെയാണ് നമ്മോട് പങ്ക് വയ്ക്കുന്നത്.
നസ്രായൻ ഗ്രാമത്തിൽ പ്രവേശിക്കുന്ന മാത്രയിൽത്തന്നെ ഈ കുഷ്ഠ രോഗികൾ നസ്രായനെ കണ്ട് അവന്റെ കാരുണ്യം യാചിക്കുകയാണ്… ആ കണ്ട് മുട്ടൽ യാദ്യശ്ചികമല്ല എന്നുറപ്പാണ്. വിശ്വാസത്തോട് കൂടി അവന്റെ സാഖ്യത്തിനായുള്ള കാത്തിരിപ്പ് തന്നെയായിരിക്കണം. അതുകൊണ്ടാവണം ‘പോയി നിങ്ങളെത്തന്നെ പുരോഹിതർക്ക് കാണിച്ച് കൊടുക്കുവിൻ…’ എന്ന് നാസ്രായൻ പറയുക. അവരുടെ വിശ്വാസത്തിന്റെ ആഴങ്ങളെ വ്യക്തമായി അറിഞ്ഞിരുന്ന നസ്രായന് അവരുടെ വിശ്വാസം പരിശോധിക്കാൻ മറ്റൊരു ചോദ്യത്തിന്റെ ആവശ്യമില്ലായിരുന്നു. ഞാൻ മനസ്സാവുന്നു, നിങ്ങൾക്ക് സൗഖ്യമുണ്ടാവട്ടെ എന്നൊന്നും നസ്രായൻ പറയുന്നില്ല മറിച്ച് സൗഖ്യം ലഭിച്ചതിന് ശേഷം ചെയ്യേണ്ട പുരോഹിതരെ കാണിച്ച് സാക്ഷ്യപെടുത്തുന്ന കാര്യം ചെയ്യാനാണ് നസ്രായൻ അവരോട് പറയുക. നസ്രായന്റെ വചനം വിശ്വസിച്ച് പുരോഹിരെ കാണാൻ പോവും വഴിയാണ് അവർ സൗഖ്യം അനുഭവിക്കുന്നതെന്ന യാഥാർത്ഥ്യം അവരുടെ വിശ്വാസത്തിന്റെ ആഴവും അഴകുമാണ് നമ്മോട് പങ്ക് വയ്കുക. മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ വിളിച്ച് കൂട്ടിയ പ്രാർത്ഥനാ കൂട്ടായ്മയിൽ ഒരു കുട്ടി മാത്രം കുട കൊണ്ട് വരുന്നത് പോലെ… നസ്രായൻ എന്നെ അനുഗ്രഹിച്ചു എന്ന ഉറപ്പിൽ അവന്റെ സന്നിധിയിൽ നിന്ന് നമുക്കൊക്കെ മടങ്ങാനാവുമൊ?
അത്ഭുതം അവിടം കൊണ്ട് തീരുന്നില്ല. സൗഖ്യം ലഭിച്ച പത്ത് പേരിൽ ഒരാൾ മാത്രമാണ് നന്ദിയുടെ കൂപ്പ്കരങ്ങളുമായി നസ്രായനെ സമീപിക്കുക. സൗഖ്യം ലഭിച്ച് കഴിഞ്ഞപ്പോൾ ഒമ്പത് പേരും സൗഖ്യത്തിന്റെ ഉടയോനെ മറക്കുകയാണ്. ഒരു പക്ഷെ വീട്ടിൽ നിന്നും, നാട്ടിൽ നിന്നുമൊക്കെ പുറത്താക്കപ്പെട്ട അവരെ സംബന്ധിച്ചടുത്തോളം അവിടെ തിരികെയെത്താനുള്ള വെമ്പലിൽ നസ്രായനെ മറന്നിട്ടുണ്ടാവണം. എല്ലാവരും കയ്യൊഴിഞ്ഞ അവരെ കൈയ്യിലേറ്റിയത് നസ്രായൻ മാത്രമാണെന്ന് അവർ മറന്നു. നന്ദി പറയാൻ തിരികെയെത്തുന്നത് വിജാതിയനായ സമരിയാക്കാരനാണ്. പാരമ്പര്യങ്ങളും, പോവുമൊക്കെ ആഴത്തിൽ അറിയുന്നവരെക്കാളും ദൈവതിരുമനസ്സിനെ മനസ്സിലാക്കുക ഈ സമരിയാക്കാരനാണ്. ‘നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു’ എന്ന തിലക ചാർത്തോടെ നസ്രായൻ അയാളെ യാത്രയാക്കുകയാണ്. നസ്രായന് നമ്മുടെ നന്ദിയുടെ യാതൊരു അവശ്യവുമില്ല… പക്ഷെ നമ്മെ ആവശ്യമുണ്ട്, നമ്മുടെ സാമീപ്യവും… ഓരോ ദിനത്തിന്റെയും അന്ത്യത്തിൽ അവനെ സ്മരിച്ച് നന്ദി പറഞ്ഞ് കൊണ്ടാവണം നമ്മുടെ ഓരോ ദിനത്തോടും വിട പറയേണ്ടത്. നമ്മുടെ ഓരോ ദിനത്തെയും തന്റെ അത്ഭുതങ്ങളാലും, കരുതലിനാലും നിറയ്ക്കുന്ന നസ്രായനെ നന്ദിയോടെ ഓർത്ത് കൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…