ലൂക്കാ. 19:28-40
കഴുതപ്പുറത്തേറി സമാധാനത്തിന്റെ രാജാവ് ജെറുസലെമിലേക്ക് ആഗതനാവുകയാണ്. അവന്റെ ശിഷ്യൻമാർ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല പരസ്യമായി തന്നെ മിശിഹാ എന്ന് വിളിക്കാൻ നസ്രായൻ സമ്മതിക്കുമെന്നും ഒരു രാജാവിനെപ്പോലെ അവൻ എഴുന്നുള്ളുമെന്നും. കാരണം ഇതിന് മുമ്പ് ജനക്കൂട്ടം അവനെ രാജാവായി അവരോധിക്കാൻ ശ്രമിച്ചപ്പോഴൊക്കെ അവൻ ഒഴിഞ്ഞ് മാറുകയായിരുന്നു എന്നാൽ ഇപ്പോഴാകട്ടെ കഴുത കുട്ടിയെ കൊണ്ടു വരാനൊക്കെ പറഞ്ഞ് അവൻ തന്നെ മുൻകൈയ്യെടുക്കുന്നു. ആവേശം അണപൊട്ടുന്ന ഈ വേളയിൽ ശിഷ്യന്മാർ അവന് ഓശാന പാടുകയാണ്.
ദാവിദ് തന്റെ പുത്രനായ സോളമനെ രാജാവായി പ്രഖ്യാപിച്ച് കഴുത കുട്ടിയുടെ പുറത്ത് ഇരുത്തുന്നത് പോലെ ശിഷ്യൻമാർ അവനെ കഴുതയുടെ പുറത്ത് ഇരുത്തുകയാണ്. അത് പോലെ ഏലീഷാ പ്രവാചകൻ ജെഹുവിനെ രാജാവായി അവരോധിക്കുമ്പോൾ അദ്ദേഹത്തിന്റെ പടനായകൻമാർ തങ്ങളുടെ വസ്ത്രം അവന് ഇരിക്കാനായി കഴുതയുടെ പുറത്ത് വിരിക്കുന്നത് പോലെ ശിഷ്യൻമാരും ജനങ്ങളും തങ്ങളുടെ വസ്ത്രം അവന് സമർപ്പിക്കുകയാണ്. കാരണം ഈ നിമിഷം അവരുടെ പ്രതീക്ഷകളുടെ പൂർത്തികരണമാണ്.
ശിഷ്യൻമാരും ജനങ്ങളും കരുതിയുട്ടുണ്ടാവുക ജെറുസലെമിൽ യേശു വലിയൊരു സൈന്യത്തെയും രൂപികരിച്ച് റോമാ സാമ്രാജ്യത്തിനെതിരെ പട വെട്ടി, നഷ്ടപ്പെട്ട ദാവിദ് രാജാവിന്റെ സിംഹാസനം പുന:സ്ഥാപിച്ച് സോളമന്റേതിന് സമാനമായ പ്രതാപത്തിന്റെയും മഹത്വത്തിന്റെയും ദിനങ്ങൾ ജെറുസലെമിലേക്കും ഇസ്രയേൽ മുഴുവനിലേക്കും തിരികെ കൊണ്ട് വരുമെന്ന സ്വപ്നങ്ങൾ, അവനോടൊപ്പം മഹത്വത്തിന്റെ സിഹോസനത്തിൽ ആരൂഡനാകാമെന്ന അവന്റെ തോഴരുടെ ആഗ്രഹങ്ങൾ… പക്ഷെ അവന് വ്യക്തമായി അറിയാം അവന്റെ ഈ മഹത്വത്തിൽ അവനെ അനുധാവനം ചെയ്യുന്ന ഈ തോഴരൊക്കെ തന്റെ യഥാർത്ഥ മഹത്വത്തിലേക്കുള്ള യാത്രയിൽ തന്നെ ഉപേക്ഷിക്കുമെന്ന്, തന്നെ രാജാവായി പ്രഘോഷിക്കുന്ന ഇതേ ജനമാണ് അവനെ ക്രൂശിക്കുക എന്ന് വിളിച്ച് പറയാൻ പോവുന്നത്. സൈത്തിൻ കൊമ്പുകളുടെ അകമ്പടിയോടെ താൻ സഞ്ചരിക്കുന്ന ഊ പാദയോരം തന്റെ രക്തതുള്ളികളാൽ നനയ്ക്കപ്പെടാൻ പോവുന്ന കുരിശിന്റ വഴിയാകും. തനിക്കായി വസ്ത്രങ്ങൾ വിരിച്ച് സ്വീകരിച്ചവർ നോക്കി നിൽക്കേ താൻ വിവസ്ത്രനാക്കപ്പെടും. മഹത്വത്തിന്റെ കിരീടത്തിന് പകരം തനിക്ക് അണിയാനായി മുൾക്കിരീടം. അങ്ങനെ വൈരുദ്ധ്യങ്ങളുടെ ഒരു ദു:ഖ വെള്ളി തന്നെ കാത്തിരിക്കുന്നുണ്ടെന്ന് അവന് അറിയാമായിരുന്നു. പക്ഷെ ഈ വ്യഥകളൊന്നും ഓശാനയുടെ മാഹാത്മ്യം കുറയ്ക്കുന്നില്ല ശിഷ്യ സമൂഹത്തോട് മിണ്ടാതിരക്കണമെന്ന് ഫരിസേർയർ പറയുമ്പോൾ നസ്രായൻ പറയുന്നത് അവർ മിണ്ടാതിരുന്നാൽ കല്ലുകൾ പ്രഘോഷിക്കുമെന്നാണ്. അബ്രാഹാത്തിന് കല്ലുകളിൽ നിന്ന് വലിയൊരു സന്തതി പരമ്പരയെ നൽകാൻ കഴിയുന്ന ദൈവത്തിന്റെ മഹത്വം നസ്രായനിൽ ദർശിക്കുകയും അനുഭവിക്കുകയും ചെയ്ത ശിഷ്യൻമാർക്ക് എങ്ങിനെ മിണ്ടാതിരിക്കാനാവും? വാഗ്ദത്ത പേടകം ജെറിസലെമിലേക്ക് കൊണ്ട് വരുമ്പോൾ തന്നെത്തന്നെ വിസ്മരിച്ച് ആനന്ത നൃത്തം ചവിട്ടുന്ന ദാവിദ് രാജാവിനെപ്പോലെ ശിഷ്യൻമാർ ദാവിദിന്റെ പുത്രന് ഓശാന പാടുകയാണ്.
വാളുകൊണ്ട് ദാവിദ് കീഴടക്കിയ ജെറുസലെം നഗരം നസ്രായൻ കീഴടക്കുന്നത് തന്റെ തന്നെ മരണം കൊണ്ട് സമാധാനത്തിന്റ രാജാവായി മാറി കൊണ്ടാണ്. ഓരോ ഓശാനയും നമുക്കുള്ള ഓർമപ്പെടുത്തലാണ്. യുദ്ധവും, പ്രതികാരവും ചെയ്യാൻ ഒരുമ്പെട്ടവരൊക്കെയും ഒന്നും നേടിയിട്ടില്ല. വാളുകൊണ്ട് ദാവിദ് രാജാവ് നേടിയ സാമ്രാജ്യം അവന് നഷ്ടപ്പെടുകയും അവൻ അഭയാർത്ഥിയാവുകയും ചെയ്യുന്നുണ്ട്. രണ്ടായിരം വർഷങ്ങൾക്കുമപ്പുറം നാം ഇന്നും ഓശാന പാടുന്നത് ഈ സമാധാന രാജാവിന്റെ വാഗ്ദാനത്തിൽ പ്രത്യാശയർപ്പിക്കുന്നത് കൊണ്ടല്ലേ? ഉക്രെയിനിലെ ജനതയ്ക്ക് ഓശാന ഞായർ ആചരണമുണ്ടാവുമെന്ന് തോന്നുന്നില്ല. ആവരുടെ ദു:ഖ വെള്ളികളെ നമുക്ക് കണ്ടില്ലെന്ന് നടിക്കാതിരിക്കാം. സമാധാന രാജാവായ നസ്രായൻ യുദ്ധത്തിന് കാരണമായവരുടെയും, യുദ്ധ ദുരിതം പേറുന്ന ഉക്രൈയിൻ ജനതയുടെയും ഹൃദയങ്ങളിലേക്ക് കടന്ന് വരട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ഹൃദയത്തിൻ ചാരെ…