യോഹ.14:1-12
“ഞാനാകുന്നു വഴിയും സത്യവും ജീവനും…” തൻറ്റെ സ്വർഗസ്ഥനായ പിതാവുമായി ഗാഡമായ ഐക്യം പുലർത്തുന്ന നസ്രായനെയാണ് സുവിശേഷങ്ങളിൽ നാം കണ്ടുമുട്ടുന്നത്. വിജനതയിൽ പ്രഭാതത്തിൻറ്റെ ആദ്യ മണിക്കൂറിലും, രാത്രിയുടെ അവസാന നിമിഷങ്ങളിലുമെല്ലാം പിതാവിനോടൊപ്പം ആയിരിക്കുന്ന നസ്രായൻ നമുക്ക് സുപരിചിതനാണ്. ഐക്യത്തിൻറ്റെ നിറവിൽ ഒന്നായി നിലനിൽക്കുന്ന പരിശുദ്ധ ത്രിത്വത്തെയാണ് നസ്രായൻ തൻറ്റെ ജീവിതത്തിലൂടെ നമ്മോട് പറഞ്ഞുവെയ്ക്കുന്നത്.
ഏക ദൈവ വിശ്വാസത്തിൽ അടിയുറച്ചു നിന്നിരുന്ന ഇസ്രായേൽ ജനത്തിനും, അപ്പൊസ്‌തലന്മാർക്കുമൊക്കെ പലപ്പോഴും ഈ മഹാരഹസ്യത്തെ മനസ്സിലാക്കാൻ കഴിയാതെ പോവുന്നുണ്ട്…നസ്രായന് കുരിശുമരണം ലഭിച്ചതിൻറ്റെ പ്രധാന കാരണം അവൻ തന്നെത്തന്നെ ദൈവ പുത്രനാക്കി എന്നതായിരുന്നല്ലോ… താൻ തൻറ്റെ പിതാവിൻറ്റെ ഭവനത്തിലേക്ക് തിരികെ പോവുകയാണെന്നും അവിടെ നിങ്ങൾക്ക് വാസസ്ഥലമൊരുക്കുമെന്നൊക്കെ നസ്രായൻ പറയുമ്പോൾ – നീ എവിടേക്കാണ് പോവുന്നത്?, ഞങ്ങൾക്ക് ആ വഴി അറിയില്ല, പിതാവിനെ ഞങ്ങൾക്ക് കാണിച്ചു തരിക” ഇങ്ങിനെ നിഷ്കളങ്കമായ ചോദ്യങ്ങളിലൂടെ നസ്രായനെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ശിഷ്യഗണത്തെയാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ടു മുട്ടുന്നത്.
താനും പിതാവും ഒന്നായിരിക്കുന്നത് പോലെ നിങ്ങളും ഒന്നായിരിക്കുവിൻ എന്ന് നസ്രായൻ പറയുമ്പോൾ ത്രിത്വത്തിൻറ്റെ ഈ ഐക്യത്തിലേക്ക് നമ്മെ ഓരോരുത്തരെയും ക്ഷണിക്കുകയാണ്… ഈ ഐക്യത്തിലേക്ക് നമ്മെ നയിക്കുന്ന വഴിയും, സത്യവും, ജീവനുമാണ് നസ്രായൻ. നസ്രായൻറ്റെ ഒപ്പം പ്രത്യക്ഷത്തിൽ പിതാവിനെയും പരിശുദ്ദത്മാവിനെയും കാണാൻ അപ്പൊസ്‌തലനന്മാർക്കു കഴിഞ്ഞിരുന്നില്ല അതുകൊണ്ടാണ് പിതാവിനെ ഞങ്ങൾക്ക് കാണിച്ചു തരിക എന്ന് അവർ അവനോട് ആവിശ്യപ്പെടുന്നത്.
തൻറ്റെ ഓരോ വാക്കുകളും പ്രവർത്തികളുമാണ് തന്നോടൊപ്പമുള്ള ത്രിത്വത്തിൻറ്റെ സാന്നിധ്യമായി നസ്രായൻ പറഞ്ഞുവെയ്ക്കുന്നത്… ത്രിത്വവുമായുള്ള ബന്ധത്തിൽ നാം വളരുമ്പോൾ നമ്മുടെ വാക്കുകളും, പ്രവർത്തികളും ത്രിത്വവുമായുള്ള നമ്മുടെ ബന്ധത്തിൻറ്റെ പ്രതിഫലനമാകും…എന്നിൽ വിശ്വസിക്കുന്നവൻ ഞാൻ ചെയ്തതിനേക്കാൾ വലിയ കാര്യങ്ങൾ ചെയുംഎന്ന് അവൻ ഉറപ്പ് തരുന്നത് നമ്മോടൊപ്പമുള്ള ത്രിത്വത്തിൻറ്റെ ശക്തമായ സാന്നിധ്യം കൊണ്ടാണ്. ഒരുപക്ഷെ നമുക്ക് ചുറ്റുമുള്ള സഹോദരന്മാർ മറ്റുള്ളവരെ മാനസാന്തരത്തിലേക്കു നയിക്കുന്നതും, പ്രവചങ്ങളിലൂടെ നമ്മുടെ ഹൃദങ്ങളെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നതും സൗഖ്യത്തിൻറ്റെ കരസ്പര്ശത്തിലൂടെ ദൈവാനുഭവത്തിലേക്ക് നമ്മെ നയിക്കുന്നതുമെല്ലാം ത്രിത്വവുമായുള്ള അവരുടെ ആഴമേറിയ ബന്ധത്തിൽ നിന്നാണ്…വഴിയും, സത്യവും, ജീവനുമായ നസ്രായൻറ്റെ കരങ്ങൾ പിടിച് ത്രിത്വവുമായുള്ള ഐക്യത്തിൽ അനുദിനം വളരാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ…