ആണ്ടുവട്ടത്തിലെ പാതിനഞ്ചാo ഞായർ, Cycle C, ലൂക്കാ. 10:25-37

ലൂക്കാ. 10:25-37
‘ഉത്തരമറിയാവുന്ന ചോദ്യങ്ങൾ ഒരിക്കലും ചോദിക്കരുതെന്നാണ്,’ എന്നിട്ടും നസ്രായനോട് ഫരിസേയരും, നിയമജ്ഞരുമൊക്കെ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അവർക്ക് ഉത്തരങ്ങൾ അറിയാമായിരുന്നു. ഉത്തരങ്ങൾ വ്യക്തമായി അറിയാമായിരുന്നിട്ടും അതൊന്നും ജീവിക്കേണ്ട ബോധ്യങ്ങളായി അവരിൽ ആഴപ്പെട്ടില്ല എന്നതായിരുന്നു വാസ്തവം. തന്നോട് ചോദ്യം ചോദിക്കുന്ന നിയമജ്ഞനെ കൊണ്ട് തന്നെയാണ് നസ്രായൻ ഉത്തരം പറയിപ്പിക്കുന്നത്. ‘നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ്ണ ശക്തിയോടും, പൂർണ്ണ മനസ്സോടുംകൂടെ സ്നേഹിക്കണം… നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും…’ ഉടൻ തന്നെ നസ്രായനോട് അയാൾ ഒരു മറുചോദ്യം ചോദിക്കുന്നുണ്ട്: ആരാണ് എന്റെ അയൽക്കാരൻ? പലപ്പോഴും നമ്മുടെയൊക്കെയും സംവാദങ്ങളിൽ ഒരാൾ പറയുന്നത് ഹൃദയം കൊണ്ട് കേൾക്കാതെ അടുത്ത ചോദ്യമൊ, വാദമൊക്കെ ഒരുക്കുന്ന ചിന്തയിലായിരിക്കുമല്ലൊ നാമൊക്കെ… ഈ ചോദ്യത്തിന് നിയമജ്ഞനെ കൊണ്ട് നസ്രായൻ ഉത്തരം പറയിപ്പിക്കുന്നത് പുതിയൊരു ബോധ്യം അയാൾക്ക് മുന്നിൽ അവതരിപ്പിച്ചു കൊണ്ടാണ്.
നമ്മുടെയൊക്കെ മുൻവിധികളാവരുത് നല്ല അയൽക്കാരെ രൂപപ്പെടുത്തേണ്ടതും കണ്ടെത്തേണ്ടതും… സമരിയാക്കാരൻ യഹൂദനെ സംബന്ധിച്ചടുത്തോളം വിജാതിയാണ്, വെറുക്കപ്പെടേണ്ടവനാണ്. എന്നാൽ ദൈവത്തിന്റെ മനുഷ്യരെന്നൊക്കെ ഇസ്രായേൽ ജനം തോളിലേറ്റിയ പുരോഹിതനും, ലേവായനുമൊക്കെ, തങ്ങളുടെ തന്നെ യഹൂദ സമുദായത്തിൽപ്പെട്ട ചോര വാർന്ന് മരണത്തെ മുഖാഭിമുഖം ഭർശിക്കുന്ന സഹോദരന് ജീവശ്വാസമാവുന്നതിൽ അമ്പേ പരാജയപ്പെടുകയാണ്. മുറിവേറ്റ് കിടക്കുന്ന വനിൽ പ്രാണവായു അവശേഷിക്കുന്നുണ്ടൊ എന്ന് പോലും അന്വേഷിക്കാതെ ആ വ്യക്തിയെ മരിച്ചവനായി കണ്ട്… മരിച്ച വ്യക്തിയെ തൊട്ടാൽ അശുദ്ധനാകുമെന്ന ഭയമൊക്കെയാണ് വഴിമാറിപ്പോവാൻ അവരെ പ്രേരിപ്പിക്കുന്നത്.
യഹൂദനെ കണ്ടാൽ വഴിമാറിപ്പോവേണ്ട സമരിയാക്കാൻ ദൈവ കരുണയുടെ മുഖമായി തനിക്കുള്ളതെല്ലാം അയാളുമായി പങ്ക്വയ്ക്കുകയാണ് . തന്റെ വീഞ്ഞും, എണ്ണയും കൊണ്ട് അയാളുടെ മുറിവൊക്കെ വെച്ച് കെട്ടി, കഴുത പുറത്തേറ്റി സത്രത്തിൽ കൊണ്ട് പോയി, അവിടുത്തെ ചിലവുമെല്ലാം വഹിച്ച് … സുഖപ്പെടും വരെ ഈ സഹയാത്രികനെ പരിചരിക്കണമെന്ന് സത്രക്കാരനോട് ആവശ്യപ്പെട്ട് അയാൾ കടന്ന് പോവുകയാണ്… നാസായൻ ഇനി നിയമജ്ഞനോട് മറു ചോദ്യം ചോദിക്കുകയാണ്: ‘ആരാണ് അയൽക്കാരൻ എന്നല്ല.’ ആ കടന്ന് പോയ മൂന്ന് പേരിൽ ആരാണ് അയാളുടെ അയൽക്കാരൻ എന്ന ചോദ്യമാണ്. തന്റെ ഞാനെന്ന ഭാവത്തിന് യാതൊരു കുറവും വരുത്താതെ നിയമജ്ഞൻ – ‘സമരിയക്കാരനെന്ന്’ ഉത്തരം പറയാതെ, ‘അയാളോട് കരുണ കാട്ടിയവൻ,’ എന്നാണ് പറയുന്നത്. തന്റെ സമുദായത്തിന് പുറത്ത് നിൽക്കുന്ന ഒരാളെ നാസായൻ നായകനാക്കി ചിത്രീകരിച്ചതിലെ അമർഷമാണൊ? നീയും അത് പോലെ ചെയ്യുക… നിയമജ്ഞനോട് മാത്രമല്ല എന്നോടും പ്രിയ സുഹൃത്തെ നിന്നോടും കൂടിയാണ് നസ്രായൻ ഇത് പറയുന്നത്. കാരണം സമരിയാക്കാരന്റെ ഉപമ ഒരുപാട് തവണ വായിച്ചറിഞ്ഞിട്ടും നാമൊക്കെ ആ നിയമജ്ഞനിൽ നിന്നും, പുരോഹിതനിൽ നിന്നും, ലേവായനിൽ നിന്നും, നസ്രായനെന്ന സമരിയാക്കാരനിലേക്ക് വളരാനാവുന്നുണ്ടൊ? നമ്മുടെ ബോധ്യങ്ങൾ സ്നേഹ ശിശ്രൂഷകളായി രൂപാന്തരപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…