ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ, Cycle A, മത്തായി. 15: 21-28

ഞാൻ പറയുന്നതിനോടെല്ലാം അന്ധമായി ‘അതെ’ എന്ന് പറഞ്ഞ് കൂടെ നടക്കുന്ന വ്യക്തിയാണ് യഥാർത്ഥ സഹോദരൻ/ സഹോദരി കല്ലെങ്കിൽ കൂട്ടുകാരൻ/ കൂട്ടുകാരി എന്ന് നാം വിചാരിക്കരുത്. എന്റെ തെറ്റുകളെ ചൂണ്ടികാട്ടാനും, അവ തിരുത്താനും തയ്യാറാവുന്ന വിധത്തിൽ ഒരു വ്യക്തി എന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുമ്പോഴാണ് ആ വ്യക്തി എന്റെ സഹോദരനും സഹോദരിയുമായി മാറുക. പരസ്പരം തിരുത്താൻ നാമൊന്നും തയ്യാറാവുന്നില്ല അല്ലെങ്കിൽ അതിനുള്ള സ്വാതന്ത്ര്യവും അടുപ്പവും നമുക്കില്ലാതായി പോവുന്നു എന്നതാണ് ബന്ധങ്ങളിൽ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഇന്നത്തെ സുവിശേഷത്തിലൂടെ നസ്രായൻ പഠിപ്പിക്കുക എങ്ങിനെയാണ് നമ്മുടെ സഹോദരങ്ങളെ തിരുത്തേണ്ടത് എന്നതിനെക്കുറിച്ചാണ്. ഓരോ വ്യക്തിയും പരസ്യമായി തിരുത്തപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. മറ്റുള്ളവരുടെ സാന്നിദ്ധ്യത്തിൽ ഒരു വ്യക്തിയെ തിരുത്താൻ ശ്രമിക്കുന്നതും, ആ വ്യക്തിയുടെ കുറവുകൾ ചൂണ്ടികാട്ടി സംസാരിക്കുന്നതും ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. വൈകാരികമായി ആ വ്യക്തി നമ്മിൽ നിന്ന് അകലാൻ അത് ഇടയാക്കിയേക്കാം. അതിനാൽ നസ്രായൻ പഠിപ്പിക്കുക നീയും സഹോദരനും മാത്രമായിരിക്കുമ്പോൾ ആ സഹോദരനോട് സംസാരിച്ച് ആ തെറ്റ് തിരുത്താൻ സഹായിക്കാനാണ്. എന്നാൽ ആദ്യത്തെ ഈ ശ്രമം പരാജയപ്പെടുകയാണെങ്കിൽ തിരുത്താനുള്ള ശ്രമം അവസാനിപ്പിക്കാനല്ല മറിച്ച് ഒന്നൊ രണ്ടൊ സാക്ഷികളെ കൂടെ കൂട്ടി വീണ്ടും ശ്രമിക്കനാണ്. ഈ ശ്രമവും പരാജയപ്പെടുകയാണെങ്കിൽ എന്നെന്നേക്കുമായി ആ സഹോദരനെ തള്ളിക്കളയാനല്ല നസ്രായൻ പഠിപ്പിക്കുക മറിച്ച് സഭയെ ഉൾപ്പെടുത്തി കൊണ്ട് ആ സഹോദരനെ വീണ്ടെടുക്കാനാണ്. സഭയെയും കേൾക്കാൻ ആ സഹോദരൻ കൂട്ടാക്കുന്നില്ലെങ്കിൽ ആ സഹോദരനെ വിജാതിയനൊ അല്ലെങ്കിൽ ചുങ്കക്കാരനെയൊ പോലെ കാണുവാനാണ് നസ്രായൻ പഠിപ്പിക്കുക. സാധാരണ ഗതിയിൽ ഇത് കേൾക്കുമ്പോഴൊ, വായിക്കുമ്പോഴൊക്കെ നാം വിചാരിക്കുക ആ വ്യക്തിയുമായി ഇനിമുതൽ യാതൊരു സമ്പർക്കവും, ബന്ധവും ഉണ്ടാവരുതെന്നാണ് നസ്രായൻ ഉദ്ദേശിക്കുന്നതെന്ന്.
ഒരു വ്യക്തിയെയും സ്നേഹത്തിൽ നിന്ന് അകറ്റി നിർത്താൻ നസ്രായൻ ഒരിക്കലും പഠിപ്പിച്ചിട്ടില്ല. മറിച്ച് താൻ എപ്രകാരമാണൊ സമൂഹം പാപികളെന്നും, വെറുക്കപ്പെട്ടവരെന്നും മുദ്ര കുത്തിയ വിജാതിയരെയും, ചുങ്കക്കാരെയും, സ്നേഹിച്ചതും, കരുതിയതും അത് പോലെ ഈ സഹോദരരെയും തുടർന്ന് സ്നേഹിക്കാനും അനുധാവനം ചെയ്യാനുമാണ്. തന്റെ മൗതിക ശരീരമായ സഭയും ആരുടെയും പക്ഷം പിടിക്കാതെ സ്നേഹത്തിൽ വ്യക്തികളെ ഒന്നിപ്പിക്കുന്ന തന്റെ ഉപകാണമായി മാറണമെന്നാണ് നാസായൻ പഠിപ്പിക്കുക. തുടർന്നുള്ള വചനങ്ങൾ നസ്രായന്റെ ഈ മനോഭാവത്തെ ഉയർത്തി പിടിക്കുന്നവയാണ്. വ്യക്തിപരമായി ഒരു നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതിനെക്കാൾ ദൈവതിരുമുമ്പിൽ സഹോദരങ്ങളൊരുമിച്ച് സ്നേഹത്തോടും, വിശ്വാസത്തോടും, പ്രത്യാശയോടുമുള്ള പ്രാർഥനയാണ് സ്വീകാരമാവുക. എന്റെ നാമത്തിൽ രണ്ടൊ, മൂന്നൊ പേർ ഒരുമിച്ച് കൂട്ടുന്നിടത്ത് അവരുടെ മദ്ധ്യേ താനുണ്ടാവും എന്ന നസ്രായന്റെ വചനങ്ങൾ എത്രമാത്രം നമ്മുടെ ജീവിതത്തോട് ഇഴ ചേർന്ന് നിൽക്കാൻ അവൻ ആഗഹിക്കുന്നു എന്നതിന്റെ സാഷ്യമാണിത്. ഇന്ന് നമ്മുടെ ഇടയിൽ ഈ ഐക്യം നഷ്ടമാവുന്നു എന്നത് നാമൊക്കെ ചങ്കിലിടിച്ച് തുറന്ന് സമ്മതിക്കേണ്ട യാഥാർത്ഥ്യമാണ്. സ്നേഹത്തോടും, ഐക്യത്തോടും, ഒരേ മനസ്സായി നാമൊക്കെ ഒരുമിച്ച് കൂടുന്നിടത്ത് കർത്താവുണ്ടാവുമെന്ന വിശ്വാസത്തിലേക്കാണ് നാമൊക്കെ വളരേണ്ടതും, ആ ഒരു ബോദ്ധ്യത്തോട് കൂടിയാവണം നാമൊക്കെ ദേവാലയത്തിലേക്ക് ദൈവാരാധനയ്ക്ക് വരേണ്ടതും. ഈ ഒരു ബോധ്യത്തിലേക്ക് നമുക്ക് വളരാനായില്ലെങ്കിൽ നമ്മുടെ മദ്ധ്യേ യുള്ള നസ്രായന്റെ സാന്നിദ്ധ്യത്തെ തിരിച്ചറിയാതെ പ്രതീകങ്ങളുടെ ബാഹ്യാർത്ഥത്തിൽ ശ്രദ്ധിച്ച് അതിന്റെ നൂലമാലകളിൽ കുരുങ്ങി നമ്മുടെ സ്നേഹവും ഐക്യവും നമുക്ക് നഷ്ടമാവും. ആ സ്നേഹത്തിലേക്ക് ഐക്യത്തിലേക്ക് നമുക്ക് തിരികെ നടക്കാനാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…