മാർക്കോ. 10:17-30
നസ്രായന്റെ പരസ്യജീവിതത്തിലെ മനോഹരമായ ഒരു മുഹൂർത്തത്തിലേക്കാണ് ഇന്നത്തെ സുവിശേഷം നമ്മെ കൂട്ടി കൊണ്ട് പോകുന്നത്. നസ്രായൻ തെരെഞ്ഞെടുത്ത തന്റെ തോഴരെല്ലാം ഒരു പാട് അപൂർണ്ണതകൾ ഉള്ള വ്യക്തിത്വങ്ങളായിരുന്നു. വലിയ സാംസ്ക്കാരിക വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലാത്തവരും, ചുങ്കക്കാരും, തീവ്ര ചിന്താഗതിക്കാരും, ജീവിത വീഥിയിൽ ഇടറിയ മനുഷ്യരൊക്കെയായിരുന്നു അക്കൂട്ടത്തിൽ ഉണ്ടായിരുന്നത്. നസ്രായനെ കണ്ടെത്തിയ നിമിഷം മുതൽ പിന്നെ നസ്രായനായിരുന്നു അവരുടെ ലോകം. അവന്റെ ദൗത്യമാ, വ്യക്തിത്വമൊ, പഠനങ്ങളൊ ഒന്നും തന്നെ ആഴത്തിൽ മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും അവന്റെ നിഴലായി ഈ തോഴർ ഒപ്പമുണ്ടായിരുന്നു.
സാംസ്ക്കാരിക പൈതൃകവും വിദ്യാഭ്യാസവും, ചെറുപ്പം മുതൽ വള്ളി- പുള്ളി തെറ്റാതെ നിയമങ്ങളൊക്കെ പാലിക്കുന്ന ധനികനായ യുവാവാണ് നസ്രായനെ സമീപിക്കുന്നത്. എല്ലാ അർത്ഥത്തിലും പൂർണ്ണതയ്ക്കായി പരിശ്രമിക്കുന്ന ഒരു വ്യക്തിയെയാണ് ഈ ചെറുപ്പക്കാരനിൽ നാം കണ്ട് മുട്ടുന്നത്.
നസ്രായന് അതീവ സ്നേഹവാത്സല്യം തോന്നിയ വ്യക്തിയാണിത്. താൻ പൂർണ്ണ നാണെന്ന ചെറിയൊരഹങ്കാരത്തോടെയാണ് അവൻ നസ്രായനെ സമീപിക്കുന്നത്. എല്ലാം തികഞ്ഞവനാണെന്ന അഹംബോധത്തിൽ നിന്ന് പൂർണ്ണതയിലേക്കുള്ള നിത്യജീവനിലേക്കുള്ള മാർഗമാണ് നസ്രായൻ അവന് മനസ്സിലാക്കി കൊടുക്കുന്നത്. വഴിയും, സത്യവും, ജീവനുമായ താൻ തന്നെയാണ് നിത്യ ജീവനും, ആ ജീവന്റെ പൂർണ്ണതയിലേക്കുള്ള വഴിയുമെന്ന ഉൾവിളിച്ചം നസ്രായൻൻ അവന് വെളിപ്പെടുത്തി കൊടുക്കുകയാണ്. നസ്രായനെ ജീവിതത്തിന്റെ കേന്ദ്ര ബിന്ദുവായി സ്വീകരിച്ച്, അവനെ അനുധാവനം ചെയ്യുന്നത് വഴിയാണ് പൂർണ്ണതയിലേക്ക് അവന്റെ നിത്യ ജീവനിലേക്ക് നാമൊക്കെ വളരുന്നത്. ഒരു പക്ഷെ എന്നെ അനുഗമിക്കുക എന്ന് പറഞ്ഞിരുന്നെങ്കിൽ സന്തോഷത്തോടെ അയാൾ അത് ചെയ്യുമായിരുന്നു. പക്ഷെ തന്റെ സമ്പത്തെല്ലാം ഇല്ലാത്തവരുമായി പങ്ക് വയ്ക്കാനുള്ള നസ്രായന്റെ നിർദ്ദേശം അവന് ഉൾക്കൊള്ളുന്നതിലും അധികമായിരുന്നു. അവനെ സംബന്ധിച്ചടുത്തോളം സമ്പത്തായിരുന്നു അവന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു. ആ സമ്പത്തിനെ ഉപക്ഷിച്ച് നസ്രായനെ പിൻ ചെല്ലാനൊ, അവൻ വാഗ്ദാനം ചെയ്ത നിത്യ ജീവനൊ സ്വന്തമാക്കാൻ നിൽക്കാതെ നസ്രായന്റെ കരങ്ങളിൽ നിന്ന് അവൻ വഴുതിമാറുകയാണ്.
ഈ ചെറുപ്പക്കാരനെ കല്ലെറിഞ്ഞത് മതിയാക്കാം. ഈ ചെറുപ്പക്കാരൻ നമ്മിലും ജീവിക്കുന്നില്ലേ? നസ്രായനെക്കാളുപരിയായി സമ്പത്തൊ, വ്യക്തികളെയൊ, സ്ഥാനമാനങ്ങളെയുമൊക്കെ ജീവിതത്തിന്റെ കേന്ദ്ര ബിന്ദുവായി നാമൊക്കെ പ്രതിഷ്ഠിച്ചിട്ടില്ലേ? സമ്പത്ത് നേടുന്നത് ഒരിക്കലും തെറ്റല്ല. പക്ഷെ സമ്പത്ത് ദാനമായി നൽകിയ നസ്രായനെയും, ഇല്ലായ്മകളുടെ മധ്യത്തിൽ ജീവിക്കുന്ന സഹോദരങ്ങളെയും വിസ്മരിച്ച് പരിപൂർണ്ണരാണെന്ന ധാരണയിൽ ജീവിക്കുന്നതാണ് നമ്മുടെയൊക്കെ പരാജയം. നസ്രായന് വേണ്ടി എന്താണൊ നാമൊക്കെ ഉപേക്ഷിക്കുന്നത് അതാണ് യഥാർത്ഥത്തിൽ നാമൊക്കെ സ്വന്തമാക്കുന്നത്. നസ്രായന് വേണ്ടി കുടുംബാംഗങ്ങളെയും, ഉറ്റതോഴരെയും ഉപേക്ഷിച്ച വൈദിക സന്യാസ സഹോദരങ്ങൾ അനാഥരാണെന്ന് തോന്നുന്നുണ്ടൊ? നസ്രായന്റെ പേരിൽ എളിയവരെ സഹായിച്ചിട്ടുള്ള സഹോദരങ്ങൾ ദരിദ്രരായെന്ന് കരുതുന്നുണ്ടൊ? നാം കണ്ടെത്തുന്ന ഉത്തരങ്ങൾ നസ്രാനിലേക്ക് നമ്മെ ആഴപ്പെടുത്തട്ടെ എന്ന പ്രാർത്ഥനയോടെ … നസ്രായന്റെ ചാരെ…