ലുക്കാ. 20: 27-38
നമ്മെ വേർപിരിഞ്ഞ് നിത്യതയുടെ ഭാഗമായ നമ്മുടെ ഉറ്റവരുടെ സ്മരണകൾ നിറയുന്ന മാസമാണെല്ലോ നവംബർ. “പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻറ്റെ ഉയർപ്പിലും ഞാൻ വിശ്വസിക്കുന്നു എന്ന് വിശ്വാസപ്രമാണത്തിൽ നാം ഏറ്റുചൊല്ലുന്നുണ്ട്… വേർപിരിഞ്ഞ ഈ ഒറ്റവരെ നാം ഒരുനാൾ കണ്ടുമുട്ടുമെന്ന ഈ ചിന്തതന്നെ എത്രെയോ പ്രത്യാശാഭരിതമാണ്… കണ്ടുമറഞ്ഞതിൻറ്റെ ചെറിയൊരൊർമപോലുമില്ലെങ്കിലും എന്നും, എല്ലായ്പ്പോഴും മനസ്സിൽ നിറയുന്ന ഇരട്ട സഹോദരിയെ കാണാൻ ഞാനും കാത്തിരിക്കുകയാണ്…
പക്ഷെ നിത്യതയിൽ ബന്ധങ്ങൾക്കു പ്രസക്തിയുണ്ടാവുമോ? ഇന്നത്തെ സുവിശേഷം ഇത്തരുണത്തിലുള്ള പ്രശ്നവുമായി നസ്രായനെ സമീപിക്കുന്ന സദുക്കായരെ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. മരണത്തിനപ്പുറം മറ്റൊരു ജീവിതമില്ലെന്ന് സ്ഥാപിക്കുക എന്നത് തന്നെയായിരുന്നു അവരുടെ ലഷ്യം.എത്ര കൗശലം നിറഞ്ഞ ചോദ്യമാണിത്: ” ഏഴ് പ്രാവശ്യം വിവാഹിതയാകുന്ന സ്ത്രീയും, അവളുടെ ഏഴ് ഭർത്താക്കന്മാരും നിയമപ്രകാരം നീതിമാന്മാരാണ്, കാരണം തൻറ്റെ പ്രിയപ്പെട്ടവനുവേണ്ടി ഒരു പിൻഗാമിയെ സൃഷ്ടിക്കുക എന്ന മോശയുടെ നിയമം മുറതെറ്റാതെ അവൾ പാലിച്ചിട്ടുണ്ട്. പക്ഷെ ചോദ്യം അതല്ലല്ലോ, നിത്യതയിൽ അവൾ ആരുടെ ഭാര്യയായിരിക്കും?
നിത്യതയിലെ നമ്മുടെ അസ്തിത്വം ഭാവനകൾക്കൊക്കെ അതീതമാണ്. ഇഹലോകജീവിതത്തിൻറ്റെ തുടർച്ചമാത്രമാണ് നിത്യതയെന്ന് വിചാരിച്ചുകളയരുത്? ഈ ജീവിതത്തിലെ ആവലാതികളൊന്നും നിത്യതയിൽ നമ്മെ ഭാരപ്പെടുത്തുന്നില്ല. തീർച്ചയായും നമ്മുടെ വ്യക്തിത്വവും ഓർമ്മകളൊക്കെയും നമ്മോടൊപ്പമുണ്ടാവും. പക്ഷെ ഇവയൊന്നും നമ്മെ പരിമിതപ്പെടുത്തുന്നില്ല. എല്ലാ വിവേചനങ്ങൾക്കും അതിർവരമ്പുകൾക്കു മുപരിയായി ദൈവസ്നേഹത്തിൽ ഒരേ പിതാവിൻറ്റെ മക്കളായി ജീവിക്കുന്ന സായൂജ്യമാണ് നിത്യത… ഈ സായുജ്യത്തിൽ ഒരുനാൾ നാമും പങ്കുകാരവുമെന്ന പ്രതീക്ഷയോടെ…