പരിശുദ്ധ കുർബ്ബാനയയുടെ തിരുനാൾ, Cycle A, യോഹ.6:51-58

യോഹ.6:51-58
ഇന്ന് നസ്രായന്റെ തിരു ശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാളാണ്. മനുഷ്യ ജീവിതത്തിന്റെ ഏറ്റവും വലിയ അനുഗ്രഹവും വെല്ലുവിളിയും നാമൊക്കെ അനുഭവിക്കുന്ന പലതരത്തിലുള്ള വിശപ്പുകളാണ്. ഏദൻ തോട്ടത്തിൽ ആദിമാതാപിതാക്കൾ നേരിട്ട പ്രലോഭനവും ദൈവത്തെപോലെ ആവാനുള്ള വിശപ്പിനെ അഭിമുഖീകരിക്കുക എന്നതായിരുന്നു. വിലക്കപ്പെട്ട ഫലം കഴിച്ച് കൊണ്ട് ആ വിശപ്പിനെ ശമിപ്പിക്കാനുള്ള അവരുടെ ശ്രമം മാനവരാശിക്ക് സമ്മാനിക്കുക അബ്ബായായുമായിട്ടുള്ള ആത്മബന്ധത്തിൽ നിന്നുള്ള അകൽച്ചയും നിത്യമായ മരണവുമാണ്. ഇസ്രായേൽ ജനതയുടെ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോൾ ഈ വിശപ്പുകൾ എത്രമാത്രമാണ് അവരെ സ്വാധീനിച്ചതെന്നും അവരുടെ ചരിത്രത്തെ തന്നെ രൂപപ്പെടുത്തിയതെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
അടിമത്തത്തിന്റെ നാടായ ഈജിപ്ത്തിൽ നിന്ന് വാഗ്ദത്ത ഭൂമിയായ ഇസ്രായേൽ ദേശത്തേക്കുള്ള അവരുടെ മരുഭൂമി യാത്ര നാൽപത് സംവത്സരം നീളുന്നുണ്ട്. ഭക്ഷണത്തിനും, ജലത്തിനും, മാംസാഹാരത്തിനും, വേണ്ടിയൊക്കെ നിരന്തരം മോശയോടും അബ്ബായോടും കലഹിക്കുന്ന ഇസ്രായേൽ ജനത്തെ പുറപ്പാട് പുസ്തകത്തിൽ നാം കണ്ട് മുട്ടുന്നുണ്ട്. സ്വർഗ്ഗത്തിൽ നിന്ന് മന്നായും, വെട്ട് കിളികളും, പാറയിൽ നിന്ന് ജലവുമൊക്കെ ഈ വിശപ്പുകളെ ശമിപ്പിക്കാൻ അബ്ബാ അയക്കുന്ന കൃപകളാണ്. വാഗ്ദത്ത ഭൂമിയിൽ അബ്ബാ എത്തിയതിന് ശേഷം ഫല സമൃദ്ധിക്ക് വേണ്ടി അന്യദേവർമാരെ ആരാധിക്കാനുള്ള വിശപ്പിന് മേൽ ഇസ്രായേൽ ജനം നിരന്തരം പരാജയപ്പെടുന്നുണ്ട്.
സുവിശേഷങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ നാമൊക്കെ നേരിടുന്ന എല്ലാ വിശപ്പുകളായി പ്രലോഭകൻ നസ്രായനെ സമീപിക്കുന്നുണ്ട്. കല്ലുകളെ അപ്പമാക്കാനും, ദേവാലയത്തിന്റെ മുകളിൽ നിന്ന് ചാടാനും, അവനെ താണുവണങ്ങി ആരാധിക്കാനുമൊക്കെയുള്ള പ്രലോഭനം നമ്മുടെ എല്ലാ വിശപ്പുകളെയും ഉൾക്കോ ള്ളുന്നുണ്ട്. മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല അബ്ബാ നൽകുന്ന വചനം കൊണ്ട് കൂടിയാണ് വിശപ്പടക്കുന്നതെന്ന വചനം വിശപ്പുകളെയൊക്കെ നാം തൃപ്ത്തിപ്പെടുത്തേണ്ടത് വചനത്തിന്റെ ശക്തിയിൽ ആശ്രയിച്ചാണ് എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.
നമ്മുടെ എല്ലാ വിശപ്പുകളെയും ശമിപ്പിക്കാൻ നസ്രായൻ തരുന്ന ഭക്ഷണം തന്റെ തിരുശരീര രക്തങ്ങളാണ്. വിലക്കപ്പെട്ട ഫലം ഭക്ഷിക്കുന്ന ആദിമാതാപിതാക്കളുടെ ആന്തരിക നയനങ്ങൾ തുറന്ന്, തങ്ങൾ നഗ്നരാണെന്ന ലജ്ജയുടെ കയത്തിലേക്ക് അവർ വഴുതി വീഴുകയാണ്. എന്നാൽ നസ്രായന്റെ തിരുശരീരരക്തങ്ങൾ ഭക്ഷിക്കുന്നവർ, നിത്യതയെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് നിറയപ്പെടുക. മന്ന ഭക്ഷിച്ച പൂർവ്വികരിൽ മോശയുൾപ്പെടെ ആരും തന്നെ വാഗ്ദത്ത ഭൂമിയിൽ പ്രവേശിക്കുന്നില്ല. എന്നാൽ നസ്രായന്റെ തിരുശരീര രക്തങ്ങൾ ഭക്ഷിക്കുന്നവർ മരണത്തെ കീഴടക്കിയ നസ്രായന്റെ തിരുശരീര രക്തങ്ങൾ നിമിത്തം നിത്യം ജീവിക്കും. അഗസ്റ്റിൻ നിത്യതയെ ധ്യാനിച്ച് കൊണ്ട് ഇപ്രകാരം പറയുന്നുണ്ട്: “നിനക്ക് വേണ്ടി എന്നെ സൃഷ്ടിച്ച ദൈവമെ, നിന്നിൽ വിലയം പ്രാപിക്കുവോളം ഞാൻ അസ്വസ്ഥനായിരിക്കും.” അബ്ബായാണ് നിത്യതയെങ്കിൽ ആ നിത്യതയുടെ ഭാഗമാവാനുള്ള വിശപ്പിനെ ശമിപ്പിക്കാൻ അവൻ നൽകുന്ന ഭക്ഷണം നസ്രായന്റെ തിരു ശരീരക്തങ്ങളാണ്. നിത്യവും അവന്റെ ശരീര രക്തങ്ങൾ സ്വീകരിച്ച് നിത്യതയിൽ നാമൊക്കെ കണ്ടുമുട്ടുമെന്ന അടിയുറച്ച പ്രതീക്ഷയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…