ആണ്ടുവട്ടത്തിലെ പാതിനഞ്ചാo ഞായർ, Cycle B, മാർക്കോ .6:7-13

മാർക്കോ .6:7-13
അനുഭാവിയിൽ നിന്ന് നസ്രായന്റെ ശിഷ്യനിലേക്കുള്ള രൂപാന്തരീകണമാണ് ക്രിസ്തീയതയുടെ ഉൾക്കാമ്പ്. നമ്മെ പരിപൂർണ്ണമായി നസ്രായന്റെ പരിപാലനയ്ക്ക് സമർപ്പിക്കമ്പോഴാണ് നമ്മുടെ വിശ്വാസ ജീവിതം ആഴിപ്പെടുന്നത്. ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ട് മുട്ടുന്നത് ദൈവരാജ്യ പ്രഘോഷണത്തിനായ് തന്റെ ശിഷ്യരെ അയക്കുന്ന നസ്രായനെയാണ്. അക്കാലത്ത് യാത്രകളിലൊക്കെ എല്ലാവരും, ഭക്ഷണവും, വെള്ളവും അങ്ങനെ അത്യാവശ്യ സാധനങ്ങളെല്ലാം കയ്യിൽ കരുതുന്നത് പതിവായിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി നസ്രായൻ തന്റെ ശിഷ്യരോട് പറയുന്നത് ഇവയൊന്നും കൂടെ കരുതേണ്ട എന്നാണ്. നസ്രായൻ തന്റെ അരുമ ശിഷ്യരെ പട്ടിണിയുടെയും മറ്റ് അരക്ഷിതത്വങ്ങളിലേക്കും തള്ളിവിടുകയാണൊ എന്ന് നാമൊക്കെ ചിന്തിച്ചേക്കാം? ദൈവരാജ്യത്തിനായ് ഒരുവൻ തന്റെ ജീവിതം ഉഴിഞ്ഞ് വയ്ക്കു മ്പോൾ ആ വ്യക്തിയുടെ ജീവിതത്തിൽ നിറയുന്ന ദൈവസ്നേഹത്തിന്റെ കരുതലിനെക്കുറിച്ചുള്ള ബോധ്യത്തിലേക്കാണ് നസ്രായൻ നമ്മെ നയിക്കുന്നത്.
നസ്രായന്റെ കൃപയിൽ നിലനിന്ന് ഈ കൊച്ച് മനുഷ്യർ വലിയ കാര്യങ്ങൾ ചെയ്യുകയാണ്. അനുതാപത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നതോടൊപ്പം അശുദ്ധാത്മാക്കളിൽ നിന്ന് ജനത്തെ മോചിച്ചും, രോഗശാന്തി നൽകിയും, ദൈവരാജ്യത്തിന്റെ വിത്തുകൾ അവർ ജനഹൃദയങ്ങളിൽ പാവുകയാണ്. സഞ്ചിയും പണമൊന്നും എടുക്കാതിരുന്നിട്ടും ഒരു ശിഷ്യനും പട്ടണി കിട്ടതായിട്ടൊ, ഏതെങ്കിലും തരത്തിലുള്ള കുറവുകൾ ഉള്ളതായിട്ടൊ നാം വായിക്കുന്നില്ല. മറിച്ച് സർവ്വവും ഉപേക്ഷിച്ച് ദൈവരാജ്യത്തിനായി ഉറങ്ങിത്തിരിക്കുമ്പോൾ, അനുഗ്രഹങ്ങളുടെ സമൃദ്ധിയാൽ അവരുടെ കൊച്ച് ജീവിതം നിറയപ്പെടുകയാണ്.
മാർ തെരേസയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് മനസ്സിലക്ക് കടന്ന് വരുന്നത്. ലൊരേറ്റൊ കോൺവെന്റിന്റെ സുരക്ഷതത്തിൽ നിന്ന് കേവലം അഞ്ച് രൂപയുമായാണ് മദർ കൊൽക്കത്തയുടെ ചേരികളിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. ഒരിക്കൽ തന്റെ സേവന പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് മദർ ഒരു വ്യാപാരിയെ സമീപിക്കുന്നുണ്ട്. ധാർഷ്ട്യത്തോടെ മദറിന്റെ മുഖത്തേക്ക് അയാൾ കാർക്കിച്ച് തുപ്പുകയാണ്. ഒത്തിരി ക്ഷമയോടെ തന്റെ മുഖം തുടച്ച് മദർ ഇപ്രകാരം പറയുന്നുണ്ട്: ‘എനിക്കുള്ളത് താങ്കൾ തന്നു. ഇനി എന്റെ കുട്ടികൾക്കുള്ളത് തരിക.’ മദറിന്റെ ഈ വാക്കുകൾ അയാളെ പുതിയ ഒരു മനുഷ്യനാക്കി മാറ്റുകയാണ്.
നസ്രായന്റെ ശിഷ്യരായ നാമോരോരുത്തരും ദൈവരാജ്യം പ്രഘോഷിക്കാനും, ജീവിക്കാനും വിളിക്കപ്പെട്ടവരാണ്. പ്രതിസന്ധികളെക്കുറിച്ചുള്ള ആകുലതക ളല്ല മറിച്ച് ദൈവപിതാവിന്റെ കരുതലും കൃപകളുമാണ് ഈ യാത്രയിൽ നമ്മെ മുന്നോട്ട് നയിക്കേണ്ടത്. നാം ആയിരിക്കുന്നിടങ്ങളിൽ നസ്രായനെ പ്രഘോഷിക്കാനും, ദൈവരാജ്യം ജീവിക്കാനും ,നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ചാരെ…