ലൂക്കാ. 15: 1-32
ആരെങ്കിലും എന്നന്നേക്കുമായി നഷ്ടപ്പെടുന്നുണ്ടൊ? ഈ ചോദ്യത്തിന് എന്താണ് ഉത്തരം പറയേണ്ടതെന്നറിയില്ല…പക്ഷെ ഒരു കാര്യം വ്യക്തമായി ജീവിതം പഠിപ്പിച്ചിട്ടുണ്ട് ആരെയും നഷ്ടപ്പെടുത്താൻ ആഗഹിക്കാത്ത സ്വർഗസ്ഥനായ അപ്പച്ചനാണ് അബ്ബായെന്ന് … വേദപുസ്തകത്തിന്റെ ആദ്യതാളു മുതൽ അവസാനത്തെ താളു വരെ നമ്മോട് പറഞ്ഞ് വയ്ക്കുന്നത് ആരെയും നഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത പിതാവിന്റെ സ്നേഹവും, അന്വേഷണവും, കാത്തിരിപ്പുമൊക്കെയാണ്… ലൂക്കായുടെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം നമ്മോട് പങ്ക് വയ്ക്കുന്നത് അളവുകളും , നിബന്ധനകളുമില്ലാത്ത ഈ ദൈവ സ്നേഹത്തിന്റെ വിവിധ ഭാവങ്ങളാണ്…
സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ ഒരു ഞായറാഴ്ച്ച പ്രസംഗത്തിൽ ഒരച്ചൻ പറഞ്ഞത് ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. അത് ഇപ്രകാരമായിരുന്നു: “ലോകത്തുള്ള എല്ലാ ബൈബിളുകളും കത്തി നശിച്ച് പോയ്കൊള്ളട്ടെ പക്ഷെ ലൂക്കായുടെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം അടങ്ങിയിട്ടുള്ള താള് മാത്രം അവശേഷിക്കുകയാണെങ്കിൽ ഇനിയും ഒരുപാട് സഹസ്രാബ്ദങ്ങൾ ദൈവ സ്നേഹത്തെക്കുറിച്ച് കേൾക്കുക തന്നെ ചെയ്യും… അബ്ബായുടെ കാത്തിരിപ്പിന്നെ അനുഭവിച്ചവർക്കെല്ലാം വ്യക്തമായി അറിയാമായിരിക്കും ഈ വാക്കുകൾ സത്യമാണെന്ന്. സാധാരണ ഒരു മാനുഷിക ചിന്തയിൽ നിന്നും ലോജിക്കിൽ നിന്നുമൊക്കെ വ്യത്യസ്തമായ ഒരു ഇടയനെയും, വീട്ടമ്മയെയും, പിതാവിനെയുമാണ് ഈ മൂന്ന് ഉപമകളിലും നാം കാണുന്നത്. പലപ്പോഴും നാമൊക്കെ നഷ്ടപ്പെട്ട് പോയ ബന്ധങ്ങളെക്കുറിച്ചൊ, വസ്തുക്കളെക്കുറിച്ചൊക്കെ ആകുലരാവുകയും, ദുഃഖിക്കാറുമൊക്കെയുണ്ട്. പക്ഷെ നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ ഉള്ളതെല്ലാം ഉപേക്ഷിച്ച് അതിനെ തേടിയിറങ്ങാറുണ്ടൊ? നഷ്ടപ്പെട്ട് പോയ ഒരാടിനെ പ്രതി നഷ്ടപെടാത്ത തൊണ്ണൂറ്റി ഒമ്പത് അടിനെയും ഉപക്ഷിക്കുക ചിന്തിക്കാൻ പോലുമാവാത്ത കാര്യമല്ലേ? നഷ്ടപ്പെട്ട് പോയ ഒരു നാണയത്തിന് വേണ്ടി വീട് മുഴുവൻ പരതി കണ്ട് പിടിച്ച് കഴിയുമ്പോൾ, ആ നാണയത്തിന്റെ പതിൻ മടങ്ങ് മൂല്യമുള്ള വിരുന്ന് നടത്തി ആ സന്തോഷം പ്രകടിപ്പിക്കുന്ന ആ വീട്ടമായിലും, പിതാവിലുമൊക്കെ നമ്മുടെ നയനങ്ങൾ ദർശിക്കുക ഒരു മനുഷ്യ വ്യക്തിയെ അല്ലല്ലൊ… പിന്നെ നമ്മുടെ അബ്ബായല്ലേ…
നഷ്ടപ്പെട്ട അടിനെയും നാണയത്തെയും തേടി ഉടമസ്ഥർ അന്വേഷിച്ചിറങ്ങുമ്പോൾ നഷ്ടപ്പെട്ട മകനെത്തേടി പിതാവ് അന്വേഷിച്ചിറങ്ങുന്നില്ല. മറിച്ച് അവന് വേണ്ടി കാത്തിരിക്കുകയാണ്. മനുഷ്യവ്യക്തിയുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന അബ്ബായണത്. ഈ ഒരു ദൈവ സ്വഭാവത്തെ ആഴത്തിൽ അനുഭവച്ചറിഞ്ഞതു കൊണ്ടാവണം ധൂർത്ത പുത്രൻമാർക്കും പുത്രിമാർക്കൊക്കെ മാതൃകയായ അഗസ്റ്റിൻ ഇപ്രകാരം പറഞ്ഞത്: “നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന്, നിന്നെക്കൂടാതെ നിന്നെ രക്ഷിക്കാനാവില്ല .” തന്റെ മകൻ തിരിച്ചു വരുമെന്ന് ആ പിതാവിന് അറിയാമായിരുന്നൊ? തന്റെ സ്നേഹം ഈ മകൻ തിരിച്ചറിയുമെന്ന ഉൾവെളിച്ചം ഇദ്ദേഹത്തിനുണ്ടായിരുന്നൊ? ഉണ്ടായിരിന്നിരിക്കണം അല്ലെങ്കിൽ ഈ പിതാവ് പ്രതീക്ഷയോടെ തന്റെ മകന്റെ തിരിച്ച് വരവിനായ് കാത്തിരിക്കുമൊ? വാർദ്ധക്യം തന്റെ കണ്ണുകളെ കീഴടക്കിയിട്ടും ദൂര നിന്ന് തന്നെ മൃതപ്രാണനായി തിരിച്ച് വരുന്ന ഈ മകനെ പിതാവ് എങ്ങിനെയാണ് തിരിച്ചറിയുക?
ജീവിതമെന്ന യാഥാർത്ഥ്യത്തെ വലിയ വില കൊടുത്ത് മനസ്സിലാക്കിയ അയാൾ തന്റെ അബ്ബയോട് പറയേണ്ട കുമ്പസാരമൊക്കെ പഠിച്ച് ഒരുങ്ങിയാണ് വരുന്നത്… പിതാവ് ജിവിച്ചിരിക്കെ പിതാവിനോട് വിഹിതം ചോദിക്കാൻ പാടില്ലെന്ന അലിഖിത നിയമമൊക്കെ തെറ്റിച്ച്, പിതാവിനെ മരിച്ചവന് തുല്യനായി കണ്ട് ധാർഷ്ട്യത്തോടെ വീട് വിട്ടിറങ്ങുന്ന അയാൾക്ക് ജീവിച്ചിരിക്കുന്ന തന്റെ പിതാവുമായുള്ള കൂടികാഴ്ച്ചയുടെ ഓരോ നിമിഷങ്ങളും സുപ്രധാനമാണ്… അതുകൊണ്ടാവണം പിതാവിനോട് പറയേണ്ട കാര്യങ്ങളൊക്കെ അടിമുടി തെറ്റാതെ ഗൃഹസ്ഥമാക്കുന്നത്. പിതാവിന്റെ ഭവനത്തിലൊരിടം… ദാസനായെങ്കിലും അവന്റെ ഹൃദയത്തിലൊരു സ്ഥാനം… അതു മാത്രം മതി… അതിന് മാത്രമെ തനിക്ക് യോഗ്യതയുള്ളു… എന്നാൽ ആ കൂടിക്കാഴ്ച്ച എല്ലാം മാറ്റിമറിക്കുകയാണ്.
അയാളുടെ കുമ്പസാരം മുഴുവിപ്പിക്കാൻ സമ്മതിക്കാതെ, മകന്റെ തിരിച്ച് വരവ് അയാൾ ആഘോഷമാക്കുകയാണ്. സ്വത്ത് ധൂർത്തടിച്ച് തിരിച്ച മകന്റെ തിരിച്ച് വരവ് , സ്നേഹം ധൂർത്തടിച്ച് ആഘോഷിക്കുന്ന പിതാവ്… അഹങ്കാരം നിറഞ്ഞ ജീവിതത്തിലൂടെ നഷ്ടമാക്കിയ മുദ്രാ മോതിരവും, തന്റെ കഴിവിൽ അമിതമായി ആശ്രയിച്ച് കൊണ്ട് അയാൾ നഷ്ടപ്പെടുത്തിയ കൃപയുടെ മേലങ്കിയും, പിതാവിന്റെ കരത്തിൽ നിന്ന് വഴുതി, നഷ്ടപ്പെടുത്തിയ സുരക്ഷയുടെ പാദുകങ്ങളും അയാൾക്ക് തിരികെ കിട്ടുകയാണ്. അങ്ങനെ മകന്റെ മടങ്ങിവരവ് ആഘോഷമാക്കി മാറ്റുന്ന പിതാവിനെ കാത്ത് മൂത്തമകൻ വെളിയിലുണ്ട്. ഇക്കാലമത്രയും പിതാവിനോട് കൂടെ ആയിരുന്നിട്ടും പിതാവിനെ മനസ്സിലാക്കാനാവാതെ സ്വഭവനത്തിൽ അടിമയെപ്പോലെ ജീവിച്ചവൻ. പിതാവിനെതിരെയും, സുഹാദരനെതിരെയും മനസ്സ് മുഴുവൻ ദേഷ്യവും, പരാതിയും, താൻ വഞ്ചിക്കപ്പെട്ടു എന്ന തോന്നലൊക്കെയുമാണ്. എനിക്കുള്ള തെല്ലാം നിനക്കുള്ളതല്ലെ എന്ന് പിതാവ് പറഞ്ഞിട്ടുമൊക്കെ തന്റെ ഇളയ സഹോദരനോട് പിതാവ് കാണിക്കുന്ന ക്ഷമികുന്ന സ്നേഹത്തെയും അനുകമ്പയെയും മനസ്സിലാക്കുന്നതിൽ അയാൾ അമ്പേ പരാജയപ്പെടുകയാണ്. നിയമങ്ങളൊക്കെയും വള്ളിപുള്ളി തെറ്റാതെ അനുസരിച്ച് ജീവിച്ച താൻ മാത്രമാണ് പിതാവിന്റെ സ്നേഹത്തിന് അർഹനെന്ന ചിന്തയിലൂടെ തങ്ങൾക്ക് മാത്രമാണ് രക്ഷ, പാപികൾക്കും, വിജാതിയ ർക്കും, സ്വർഗ്ഗീയ വിരുന്നിൽ ഇടമില്ലെന്ന് വിശ്വസിച്ച ഫരിസേയരുടെയും, നിയമജ്ഞരുടേയുമൊക്കെ പ്രതിനിധിയായ് അയാൾ മാറുകയാണ്. ആത്യന്തികമായി സ്നേഹം ധൂർത്തടിക്കുന്ന ആ പിതാവിന്റെ പരിധികളും, അളവുകളുമില്ലാത്ത ഇടയ ഹൃദയത്തിലേക്കാണ് നാമൊക്കെ വളരേണ്ടത്. ആ ഒരു സുകൃതത്തിലേക്ക് എനിക്കും നിങ്ങൾക്കും വളരാനാവട്ടെ എന്ന പ്രാർത്ഥനയോടെ … നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…