മത്താ. 22:1-14
നസ്രായൻറ്റെ സംഭാഷണങ്ങളും പഠനങ്ങളുമൊക്കെ പലപ്പോഴും വിരുന്നിൻറ്റെയും ആതിഥ്യത്തിൻറ്റെയുമൊക്കെ പശ്ചാത്തലത്തിലായിരുന്നു… തൻറ്റെ അന്ത്യത്താഴത്തിലാണ് നമുക്കുള്ള അവൻറ്റെ ഏറ്റവും സവിശേഷമായ സമ്മാനവും പഠനങ്ങളുമൊക്കെ അവൻ നൽകുന്നത്. ഓരോ ദിവ്യബലിയും ആ അന്ത്യത്താഴത്തിൻറ്റെ ഓർമ്മപ്പെടുത്തലാണ്. തൻറ്റെ മേശയ്ക്കു ചുറ്റും പ്രിയപ്പെട്ടവരെ വിളിച്ചുകൂട്ടുന്ന നസ്രായൻറ്റെ ആത്മീയ വിരുന്നാണ് പരിശുദ്ധ കുർബ്ബാന.
ഇന്നത്തെ സുവിശേഷത്തിലൂടെ നസ്രായൻ നമ്മോട് പങ്കുവെയ്ക്കുന്നതും ഒരു വിരുന്നിനെക്കുറിച്ചാണ്… പക്ഷെ അതിഥികളെ കാത്തുനിൽക്കുന്ന രാജാവിന് നേരിടേണ്ടിവരുന്നത് കയ്‌പേറിയ അനുഭവങ്ങളാണ്. ഇതിൽപരം നാണക്കേട് ഇനി നേരിടാനുണ്ടോ? അതിഥികളെയൊക്കെ ആളയച്ചു വിരുന്നിനെകുറിച്ചോർമിപ്പിക്കുന്ന രാജാവിൻറ്റെ സ്നേഹത്തെ ഒരിക്കലും തിരിച്ചറിയുന്നില്ല. വിരുന്ന് മറന്ന് അവരവരുടെ താത്‌പര്യങ്ങളിൽ അവർ മുഴുകുകയാണ്… എന്നിട്ടും രാജാവ് വിരുന്ന് അവസാനിപ്പിക്കുന്നില്ല. ക്ഷണിച്ചട്ടില്ലാത്ത അതിഥികൾക്കായി തൻറ്റെ ഭവനത്തിൻറ്റെ വാതിലുകൾ മലർക്കെ തുറക്കുകയാണ്.
പക്ഷെ വിവാഹവസ്ത്രമില്ലാതെ വന്നയാൾക്ക് വിരുന്നിൽ സ്ഥാനമില്ല.
നസ്രായൻറ്റെ ആത്മീയവിരുന്നിൽ പങ്ക് കൊള്ളാതെ പുറംതിരിഞ്ഞുനിൽക്കുന്ന ഇസ്രായേൽ ജനവും അവരുടെ അസാന്നിധ്യത്തിൽ കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമൊക്കെ വിരുന്നിൽ പങ്കുകാരാകുന്ന നമ്മൊള്ളൊക്കെയാണ് വിരുന്നിലെ കഥാപാത്രങ്ങൾ… ഈ ആത്മീയവിരുന്നിനോടുള്ള നമ്മുടെ സമീപനം എപ്രകാരമാണ്? മറ്റുവിരുന്നുകൾകൊക്കെ നാം നടത്തുന്ന ഒരുക്കങ്ങൾ ഈ വിരുന്നിന് വേണ്ടിയും നാം നടത്താറുണ്ടോ?
ഈ ആത്മീയ വിരുന്നിനായി നന്നായി ഒരുങ്ങിയ കാർലോ ഇന്ന്, പാവനമായ ഈ വിരുന്ന് മേശയുടെ മഹത്വത്തിലേക്ക്, ഉയർത്തപ്പെടുകയാണ്… കാർലോയുടെ അഴുകാത്ത ശരീരം ഈ ആത്മീയ വിരുന്നിനെ ജീവിത നിയോഗമായി എടുത്തവൻറ്റെ ആത്മീയതുടെ ആഴങ്ങളാണ് നമ്മോട് പങ്കുവെയ്ക്കുന്നത്… കൊറോണകാലത്തിനുമപ്പുറം കൃപയുടെ വസ്ത്രങ്ങളണിഞ്ഞു ഈ ആത്മീയവിരുന്നിൽ നമ്മൾ വീണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടും പ്രാർത്ഥനയോടും… സ്നേഹപൂർവ്വം നസ്രായൻറ്റെ ചാരെ…