22
മത്താ. 11. 2-11
നസ്രായനെ ദൈവത്തിന്റെ കുഞ്ഞാടായി ലോകത്തിന് ചൂണ്ടി കാട്ടിയ ആൾ കാരാഗ്യഹത്തിന്റെ ഉള്ളറയിൽ ഏതൊ ഒരു നിമിഷത്തിൽ സന്ദേഹിയാവുകയാണ്. ഒരു പക്ഷെ സ്നാപകന്റെ ജീവിതത്തിലെ ഈ ഒരേട് നാമൊക്കെ വേണ്ട ശ്രദ്ധ കൊടുക്കാത്ത ഭാഗമാണ്. സംശയത്തിന്റെയും നിരാശയുടെയും ചോദ്യ ശരങ്ങൾ അയാളെ വേട്ടയാടിയുട്ടുണ്ടാവണം. മിശിഹായ്ക്ക് വഴിയൊരുക്കി, അവനെ ജനത്തിന് പരിചയപ്പെടുത്തുകയൊക്കെ ചെയ്തു. അവന്റെ സത്യത്തിന് സാക്ഷിയായതിന്റെ പേരിൽ താൻ ഇരുമ്പറയുടെ പിന്നിലായിട്ട് അവൻ ഒരു ചെറുവിരൽ പോലും അനക്കുന്നു പോലുമില്ലല്ലോ എന്നിങ്ങനെയുള്ള നിരാശയുടെ നിമിഷങ്ങൾ. താൻ ഇനി ചുണ്ടികാട്ടിയത് യഥാർത്ഥ മിശിഹായെ തന്നെയല്ലേ? മിശിഹായുടെ പ്രാഡിയൊ, ധീരതയൊ ഒന്നും പറഞ്ഞ് പോലും കേൾക്കുന്നില്ല എന്നിങ്ങനെയുള്ള സംശയം നിറഞ്ഞ ചോദ്യ ശരങ്ങൾ. അങ്ങനെയാണ് തന്റെ ശിഷ്യരെ വിട്ട് വരാനിരിക്കുന്നവൻ നീ തന്നെയൊ എന്നുള്ള സ്ഥിതീകരണം താൻ ചൂണ്ടികാട്ടിയ മിശിഹായിൽ നിന്ന് തന്നെ സ്സാപകൻ ആവശ്യപ്പെടുന്നത്.
സ്നാപകന്റെ സന്ദേഹത്തിന്റെയും നിരാശയുടെയും നിമിഷങ്ങളെ വ്യക്തമായി അറിയാവുന്ന നസ്രായൻ അയാളെ കുറ്റപ്പെടുത്തുകയല്ല മറിച്ച് സതീർത്ഥ്യനെപ്പോലെ തന്നെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള പ്രവചനം ഓർമ്മപ്പെടുത്തുകയാണ്. ” അന്ധർ കാഴ്ച്ച പ്രാപിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധരാക്കപ്പെടുന്നു. ബധിരർ കേൾക്കുന്നു. മരിച്ചവർ ഉയർപ്പിക്കപ്പെടുന്നു. ദരിദ്രരോട് സുവിശേഷം പ്രസംഗിക്കപ്പെടുന്നു…” ഒപ്പം ചെറിയൊരു ഓർമ്മപ്പെടുത്തലും എന്നിൽ ഇടർച്ച തോന്നാത്തവൻ ഭാഗ്യവാൻ. നിരാശയുടെയും സന്ദേഹങ്ങളുടെയും കാർമ്മേഘങ്ങൾക്കുപരിയായി പ്രത്യാശയുടെ കിരണങ്ങൾ കാണുവാനുള്ള വിശ്വാസത്തിന്റെ കണ്ണുകൾ നമുക്കുണ്ടാവണം. ഇത് ഒരു നിമിഷത്തിൽ സ്വന്തമാക്കുന്ന അല്ലെങ്കിൽ വളർത്തിയെടുക്കുന്ന കഴിവ് അല്ല. വിശ്വാസത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും നിരാശയുടെ താഴ് വരയിലേക്ക് നാം വഴുതിയേക്കാം… പക്ഷെ അവിടെയും ദൈവത്തിന് നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ടെന്ന് നാം മറക്കരുത്. ഇപ്പോൾ ആയിരിക്കുന്ന കൊടുമുടിയെക്കാൾ ഉയരമുള്ള വിശ്വാസത്തിന്റെ തലത്തിലേക്ക് നമ്മെ നയിക്കാനുള്ള ദൈവിക പദ്ധതിയുടെ ഭാഗമായി ഇതിനെ കാണാൻ നമുക്കാവണം.
തന്നിൽ സ്നാപകൻ ഇടറുന്നുണ്ടെങ്കിലും നസ്രായൻ അയാളുടെ സാക്ഷ്യത്തെ വിലകുറച്ച് കാണുന്നില്ല. മറിച്ച് അയാളുടെ സാക്ഷ്യത്തെ ലോകത്തോട് പ്രഘോഷിക്കുകയാണ്. സ്നാപകന് ദൈവ പുതൻ തന്നെ നൽകുന്ന വാഴ്ത്തുകളാണ് പ്രവാചകനെക്കാൾ വലിയവൻ, സ്തീകളിൽ നിന്ന് ജനിച്ചവരിൽ ഏറ്റവും വലിയവൻ… ഒരു മനുഷ്യവ്യക്ത്തിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച ആദരവിന്റെ വാക്കുകളാണിവ അതും ദൈവപുത്രന്റെ അധരത്തിൽ നിന്നും… നസ്രായന് വേണമെങ്കിൽ ഈ രണ്ടാം ഭാഗം ഒഴിവാക്കാമായിരുന്നു. പക്ഷെ സ്നാപകൻ തനിക്കായ് ചെയ്ത ത്യാഗങ്ങളെ നസ്രായൻ വിലമതിക്കുന്നത് ഇപ്രകാരമാണ്. നസ്രായൻ ഇരുമ്പറയിൽ നിന്ന് സ്നാപകനെ യുദ്ധം ചെയ്ത് രക്ഷിക്കന്നില്ലെങ്കിലും സ്നാപകൻ മുങ്ങിത്താഴുന്ന സന്ദേഹത്തിന്റെയും നിരാശയുടെയും നിമിഷങ്ങളിൽ നിന്ന് സ്നാപകനെ കരകയറ്റി, ദൈവമാഗ്രഹിക്കുന്ന നിയോഗത്തിന്റെ പൂർത്തികരണത്തിനായി അയാളെ ശക്തിപ്പെടുത്തുകയാണ്.
ആഗമനകാലം നമ്മോട് പങ്ക് വയ്ക്കുന്ന പ്രത്യാശയും ഇതാണ് നാമൊരിക്കലും ഒറ്റയ്ക്കല്ല. ചാരത്തിരിക്കുന്ന നസ്രായനെ വിശ്വാത്തിന്റെ കണ്ണ് കൊണ്ട് കാണാൻ, ഹൃദയം കൊണ്ട് അനുഭവിക്കാൻ നമുക്കാവണം. പ്രസവസമയമടുത്ത മറിയത്തെയും കൂട്ടി ബെത് ലെഹിഹമിലേക്ക് യാത്രയാവുന്ന ജോസഫിന് കൂടെയുള്ള ദൈവ സാന്നിദ്ധ്യത്തെ വ്യക്തമായി അനുഭവിക്കുന്നുണ്ട്. അത് പോലെ ദൈവപുത്രന് തല ചായിക്കാൻ മണിമാളികയുടെ മേൽക്കുരയുണ്ടായിരുന്നില്ല, കാലി തൊഴുത്തിന്റെ വിണ്ട് കീറിയ മേൽക്കുരയാണെന്നറിഞ്ഞിട്ടും അവിടെ സന്നിഹിതയായിരിക്കുന്ന ദൈവമാതാവും അവിടെ ഒത്ത് കൂടുന്ന ഓരോരുത്തരും ഈ ദൈവസാന്നിദ്ധ്യത്തെ തിരിച്ചറിയുന്നുണ്ട്. ഈ തിരിച്ചറിയലിന്റെ ഓർമ്മ പുതുക്കലല്ലേ ഓരോ ക്രിസ്തുമസും… കൂടെ നടക്കുന്ന ദൈവത്തെ തിരിച്ചറിയുന്ന, ഓർമ്മ പുതുക്കലാവട്ടെ ഈ ആഗമന കാലത്തിലെ ഓരോ ദിനങ്ങളുമെന്ന് പ്രാർത്ഥിച്ചുകൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…