മത്താ. 3: 13-17
പ്രിയപ്പെട്ടവരെ ഇന്ന് നാം നസ്രായൻറ്റെ ജ്ഞാനസ്നാന തിരുനാൾ ആഘോഷിക്കുകയാണ്. ഇന്നത്തെ സുവിശേഷം നമ്മോട് പങ്കുവയ്ക്കുന്നതും ജോർദാൻ നദി കരയിൽവെച്ച് സ്നാപക യോഹന്നാനിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിക്കുന്ന നസ്രായനെ ആണ്.
ഈ ജ്ഞാസ്നാനവേളയിൽ മുഴങ്ങിക്കേട്ട .“ഇവൻ എൻറ്റെ പ്രിയ പുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” എന്ന ദൈവവചസ്സുകളെ കുറിച്ച് നമുക്കിന്ന് ധ്യാനിക്കാം. ദൈവപുത്രൻ ആയിരുന്നിട്ടുകൂടി ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിക്കാതെ, ദാസൻറ്റെ രൂപം സ്വീകരിച്ച് ദൈവഹിതത്തിനു തന്നെത്തന്നെ സമർപ്പിച്ചു, സർവ നീതിയും പൂർത്തിയാക്കുവാൻ നസ്രായൻ യോഹന്നാനു മുന്നിൽ സ്വയം ചെറുതാകുമ്പോൾ, സ്വർഗ്ഗം തുറക്കപ്പെടുകയാണ്. ഇവൻ എൻറ്റെ പ്രിയ പുത്രൻ എന്ന് ഏറ്റുപറയുന്ന സ്വർഗ്ഗസ്ഥനായ അബ്ബായെയും പ്രാവിൻറ്റെ രൂപത്തിൽ അഭിഷേകമായി പെയ്തിറങ്ങുന്ന പരിശുദ്ധാത്മാവിനെയും നാം അവിടെ കണ്ടുമുട്ടുന്നു.
പ്രിയപ്പെട്ടവരെ നസ്രായനെ പോലെ ജ്ഞാനസ്നാനം സ്വീകരിച്ച നാമോരോരുത്തർക്കും ഇതുപോലൊരു ദൈവാനുഭവം പങ്കുവെക്കുവാൻ ഉണ്ടാവണം. നസ്രായന് താൻ ദൈവപുത്രനാണെന്ന ബോധ്യം ആദ്യമായി ഉണ്ടാകുന്ന ഒരു നിമിഷം ആയിരുന്നില്ല ഇത്, മറിച്ചു ആ ബോധ്യത്തിൽ അവൻ നിരന്തരം ജീവിക്കുന്നു എന്നതിന് സ്വർഗ്ഗം നൽകിയ തിലകച്ചാർത്തിയിരുന്നു ആയിരുന്നു ഈ മനോഹരമായ മുഹൂർത്തം. ജ്ഞാനസ്നാനം സ്വീകരിച്ച നസ്രായൻറ്റെ അനുയായികളായ നാമോരോരുത്തരും ഈ ബോധ്യത്തിൽ നിരന്തരം ജീവിക്കാൻ വിളി ക്കപ്പെട്ടവരാണ്. നസ്രായനെ പോലെ വിനയത്തിൻറ്റെ മേലങ്കിയണിഞ്ഞ, ദൈവഹിതത്തിന് നിരന്തരം കാതോർത്തു, ദൈവവചനത്തെ നമ്മുടെ ജീവിതവീഥിയിൽ മാംസം ധരിക്കാൻ അനുവദിക്കുമ്പോൾ സ്വർഗ്ഗം നമുക്ക് മുന്നിലും തുറക്കപ്പെടും. “ഇവൻ എൻറെ പ്രിയ പുത്രൻ /പ്രിയപുത്രി എന്ന മൃദുമന്ത്രണം നമുക്കും കേൾക്കാൻ കഴിയും.
ഒരുപാട് വർഷങ്ങൾക്കു മുമ്പ് നാം സ്വീകരിച്ച ആ ജ്ഞാനസ്നാന മുഹൂർത്തത്തെ നമുക്ക് ഓർത്തെടുക്കാൻ കഴിയില്ലെങ്കിലും ആ അഭിഷേക നിറവ് നിരന്തരം അനുഭവിക്കുവാൻ നമുക്കുമാവും. ഈ അഭിഷേകത്തിൻറ്റെ നിറവിലേക്ക് പരിശുദ്ധാത്മാവ് നമ്മെ ഓരോരുത്തരെയും നയിക്കട്ടെ എന്ന പ്രാർത്ഥനയോടെ… പിതാവിൻറ്റെയും പുത്രൻറ്റെയും പരിശുദ്ധാത്മാവിൻറ്റെയും നാമത്തിൽ ആമ്മേൻ.