മത്താ. 5: 17-37
സ്നേഹത്തിലധിഷ്ഠിതമായ ഒരു പുതു ജീവിത ദർശനം നസ്രായൻ നമുക്ക് നൽകുന്നുണ്ട്. മോശയിലൂടെ നൽകപ്പെട്ട നിയമങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു ഇസ്രായേൽ ജനതയുടെ ജീവിതം. എന്നാൽ കാലാന്തരത്തിൽ ഈ നിയമങ്ങളുടെ ആത്മാവിനെ അവർക്ക് കൈമോശം വരുന്നുണ്ട്. സ്നേഹമില്ലാത്ത കൽപകളായി ഈ നിയമങ്ങൾ പരിണമിക്കുകയാണ്. ഇസ്രായേൽ ജനതയുടെ ഹൃദയ കാഠിന്യത്തിന് വഴങ്ങി നിയമങ്ങൾ അവരുടെ സൗകര്യത്തിനനുസരിച്ച് വ്യാഖ്യാനം ചെയ്യപ്പെടുന്നുണ്ട്. ഇസ്രായേൽ ജനത്തെ ഈ നിയമങ്ങളുടെ ആത്മാവിലേക്ക്, സത്തയിലേക്ക്, തിരികെ നയിക്കുക എന്നത് തന്നെയായിരുന്നു നസ്രായന്റെ ദൗത്യങ്ങളിലൊന്ന്…
സാബത്ത് മനുഷ്യന് വേണ്ടിയാണെന്ന് പറഞ്ഞ് സാബത്തിൽ രോഗശാന്തി നൽകുന്ന നസ്രായനെ മോശയുടെ നിയമങ്ങൾ ലംഘിക്കുന്നവനായിട്ടാണ് ഫരിസേയരും നിയമജ്ഞരും മനസ്സിലാക്കുക. കേവലം ബാഹ്യമായ നിയമങ്ങളുടെ അനുഷ്ഠാനത്തെക്കാളുപരി ആന്തരിക ജീവിതത്തിൽ, മനോഭാവത്തിൽ ഈ നിയമങ്ങൾ വരുത്തേണ്ട രൂപാന്തരീകരണത്തിൽ ശ്രദ്ധ ചെലത്താനാണ് തന്റെ ദൗത്യത്തിലുടനീളം നസ്രായൻ ആവശ്യപ്പെടുക. മോശയുടെ നിയമങ്ങളെ ലംഘിക്കുന്നു, നിസ്സാര വത്ക്കരിക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങൾ നാസ്രായനെതിരെ ഉന്നയിച്ചവർ സഹോദര സ്നേഹത്തിന് അവൻ നൽകിയ ആഴങ്ങളെ മനസ്സിലാക്കിയിട്ടില്ലെന്ന് വ്യക്തമാണ്. സഹോദരനെ ശാരിരികമായി ഉപദ്രവിക്കുന്നവൻ മാത്രമല്ല അകാരണമായി അവനോട് കോപിക്കുന്നവനും, വിഡ്ഡി എന്ന് വിളിച്ച് ആക്ഷേപിക്കുന്നവൻ പോലും വ്യക്തമായി കണക്ക് ബോധിപ്പിക്കേണ്ടി വരും. ഇസ്രായേൽ ജനതയുടെ ജീവിത കേന്ദ്രം ബലികളായിരുന്നു. എന്നാൽ അർപ്പിക്കുന്ന ബലിയെക്കാൾ ശ്രേഷ്ടമാണ് സഹോദര സ്നേഹം എന്ന് നസ്രായൻ പഠിപ്പിക്കുന്നുണ്ട്. സഹോദരന് വിരോധമുണ്ടെന്ന് ഓർക്കുന്ന പക്ഷം അവനോട് പോയി രമ്യതപ്പെടാനുള്ള നസ്രായന്റെ ആഹ്വാനം സ്നേഹ വിപ്ലവമല്ലാതെ മറ്റെന്താണ്? അന്നും ഇന്നും നമുക്കൊക്കെ സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ള നസ്രായന്റെ കൽപ്പന ഇത് തന്നെയല്ലെ?
മറ്റേതൊരു ജനതതിയെക്കാളും ശുദ്ധതയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് തങ്ങളെന്ന തെല്ലഹങ്കാരം ഇവർക്കുണ്ടായിരുന്നു. എന്നാൽ ലൈംഗികതയെ ദൈവികമായ തലത്തിലേക്കുയർത്തുന്ന രൂപാന്തരങ്ങളാണ് മോശയുടെ നിയമത്തിന് നസ്രായൻ നൽകുക. വ്യഭിചാരമെന്ന ശാരീരികമായ വേഴ്ചയെ തിൻമയായി കാണുകയും, ശാരിരികമായ ബന്ധമില്ലാതെ ഇന്ദ്രിയങ്ങളിലൂടെയുള്ള ലൈഗിക വേഴ്ച്ച ആവാമെന്ന പുരുഷാധിപത്യം നിറഞ്ഞ ഒരു സമൂഹത്തിന്റെ ചിന്താ ധാരയെ ഉദ്ദേശശുദ്ധിയില്ലാത്ത തെറ്റായ നോട്ടം ഹൃദയത്തിൽ വ്യഭിചാരം ചെയ്യുന്നതിന് തുല്യമാണെന്ന വിപ്ലവകരമായ ചിന്ത അവൻ പഠിപ്പിക്കുക. പാപ ഹേതുവാകുന്ന ശരീരഭാഗം ഉപേക്ഷിക്കുക എന്നത് വാക്യാർത്ഥത്തിലല്ലെങ്കിലും നിരന്തര പ്രയത്നങ്ങളിലൂടെ ബോധ്യങ്ങളിലേക്ക് വളരണമെന്നാണ് നസ്രായൻ പഠിപ്പിക്കുക. അതോടൊപ്പം ഓരോ വാക്കുകളും ആത്മീയ വൈകാരികത ഇല്ലാതെ നിഷ്ക്കളങ്കതയോടും സത്യസന്ധതയോടും സംസാരിക്കാനാവണം. ദൈവത്തെയും മനുഷ്യരെയും നമ്മുടെ വാക്കുകൾ സാധൂകരിക്കുന്നതിനുള്ള വസ്തുക്കളായി ചുരുക്കാൻ നമുക്ക് അധികാരമില്ല. നമ്മുടെ വ്യക്തിത്വവും ബോധ്യങ്ങളുമാവണം നമ്മുടെ ഉറപ്പുകൾക്ക് സാക്ഷിയാവേണ്ടത്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നസ്രായൻ നടത്തിയ ഈ ആത്മീയ സാമൂഹിക വീണ്ട് വിചാരങ്ങൾ നമ്മെയും നമ്മുടെ സമൂഹത്തെയും വെല്ല് വിളിക്കുന്നില്ലേ? ദൈവിക കരുണയുടെ മുഖമായി നിലനിൽക്കുമ്പോഴും ധാർമ്മികതയുടെ മൂല്യബോധ്യങ്ങളിൽ നാസ്രായൻ യാതൊരു വിട്ട് വീഴ്ച്ചയും ചെയ്യുന്നില്ല. അതിനൊക്കെ അർത്ഥവും ആഴവും നൽകി അവയുടെ സത്തയിലേക്ക് ആത്മാവിലേക്ക് നമ്മെ അടുപ്പിക്കുകയാണ് ചെയ്തത്. നസ്രായന്റെ നമുക്ക് നൽകിയ ആത്മീയ പ്രകാശം ജീവിക്കാനുള്ള ആത്മാർത്ഥ ശ്രമമാവട്ടെ നമ്മുടെ ജീവിത യാത്ര എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…