20
യോഹ. 20: 1-9
നിരാശയുടെയും അസ്ഥിരതയുടെയും നാളുകൾക്ക് ശേഷം പ്രത്യാശയുടെ ഒരു പുതുകാലഘട്ടത്തിലേക്ക് ഉത്ഥിതനായ ക്രിസ്തുവിനോടൊപ്പം നാം പ്രവേശിക്കുകയാണ്. ഈ പ്രത്യാശയാണ് ക്രിസ്‌തീയതുടെ കാതൽ, ഈ പ്രത്യാശയിൽ നമുക്ക് ജീവിക്കാനായില്ലെങ്കിൽ പിന്നെ ക്രിസ്തീയതയില്ല. ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്നതും പ്രത്യാശയൊക്കെ നശിച്ചു നസ്രായന്റ്റെ മൃതശരീരത്തെ വീണ്ടെടുക്കാനായി അവന്റ്റെ കബറിടത്തിലേക്ക് ഓടുന്ന ശിഷ്യന്മാരെയാണ്… മൂന്നാം ദിനം താൻ ഉയർക്കുമെന്ന് പലതവണ ഉരുവിട്ടെട്ടും അതൊന്നും ഉൾക്കൊള്ളാൻ അവർക്കായിരുന്നില്ല കാരണം മരിച്ചു മണ്ണിടിഞ്ഞ ഒരാളും ജീവിതത്തിലേക്ക് തിരിച്ചു വന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.
ഓടി കിതച്ചു അവന്റ്റെ കബറിടത്തിലെത്തുന്ന ശിഷ്യന്മാരെ കാത്തിരുന്നത് അവന്റ്റെ ശരീരം പൊതിഞ്ഞിരുന്ന കച്ചയാണ്. ശത്രുക്കൾ അവന്റ്റെ ശരീരം മോഷ്ടിച്ചതാണെങ്കിൽ, മൃതശരീരം പൊതിഞ്ഞ കച്ച എന്തുകൊണ്ട് അവിടെ ഉപേക്ഷിച്ചു? അഴുകിത്തുടങ്ങിയ മൃതദേഹത്തെ കച്ചയോടെയല്ലാതെ മോഷ്ടിക്കാൻ ആരാണ് ധൈരപ്പെടുക? അതോടൊപ്പം അവന്റ്റെ ശിരസ്സ് ആവരണം ചെയ്ത തുണി ചുരുട്ടി ഒരുവശത്തു വച്ചിട്ടുമുണ്ട്… അവന്റ്റെ ശരീരം മോഷ്ടിക്കപ്പെട്ടിട്ടില്ല കാരണം ശൂന്യമായ കല്ലറ അങ്ങിനെ ഒരു സാധ്യത അവശേഷിപ്പിക്കുന്നില്ല. സംഭവിച്ചതെന്നതാണെന്ന് പൂർണമായും മനസ്സിലാക്കാൻ ശിഷ്യന്മാർക്ക് കഴിയുന്നില്ലെങ്കിലും നിരാശ നിർഭയരായി കല്ലറയിലെത്തിയവർ അവിടെ നിന്ന് മടങ്ങുന്നത് പ്രത്യാശയുടെ പൊൻകിരണവും പേറിയാണ് – “മരണത്തിന് അവന് കീഴടക്കാനായില്ല, അവൻ മരണത്തെ കീഴടക്കി.”
ഭയത്തിന്റ്റെയും അശാന്തിയുടെയും നാളുകൾക്കപ്പുറം ഒരു പുതു ജീവിതത്തിലേക്ക് നാമൊക്കെ പ്രവേശിക്കുമ്പോൾ അപ്പൊസ്തലമാരെപ്പോലെ ഉയർപ്പിന്റ്റെ പ്രത്യാശയുംപേറി നമ്മുടെ ജീവിതത്തെ അഭിമുഖീകരിക്കാം. കല്ലറയിൽ നിന്ന് നസ്രായൻ ഉയർത്തത് നമ്മുടെ ജീവിതത്തിന്റ്റെ ശൂന്യതകളെ തന്റ്റെ സാന്നിധ്യത്താൽ നിറയ്ക്കാനാണെന്ന തിരിച്ചറിവിൽ… എല്ലാവർക്കും പ്രത്യാശയുടെ മംഗളങ്ങൾ…