യോഹ. 10:27-30
നസ്രായൻറ്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ദൈവസങ്കൽപ്പം നല്ലിടയൻറ്റെതാണ്. തൻറ്റെ ശിഷ്യന്മാരെയും, തനിക്ക് ചുറ്റുമുള്ളവരെയൊക്കെ നസ്രായൻ കരുതുമ്പോൾ നമുക്ക് മുന്നിൽ വെളിവാകുന്നത് ഈ ഇടയ ഹൃദയഭാവമാണ്. ഇടയനും ആടുകളും തമ്മിലുള്ള ബന്ധം ദൃഢവും ആഴമേറിയതുമാണ്. ബൈബിളിലെ എറ്റവും ഹൃദ്യമായ പ്രാർത്ഥനയായ സങ്കീർത്തനം 23 എഴുതപ്പെട്ടിരിക്കുന്നത് ഇടയനും ആട്ടിൻപറ്റവുമായുള്ള ബന്ധത്തെ ആധാരമാക്കിയാണ്. “കർത്താവാണ് എൻറ്റെ ഇടയൻ എനിക്കൊന്നിലും കുറവുണ്ടാവുകയില്ല, പച്ചയായ പുൽത്തകിടിയിൽ അവിടുന്ന് എനിക്ക് വിശ്രമമരുളുന്നു, പ്രശാന്തമായ ജലാശയത്തിലേക്ക് എന്നെ നയിക്കുന്നു.” ഈ സങ്കിർത്തനം ഇടയ ഹൃദയത്തിൻറ്റെ ആഴങ്ങളെയും ഇടയനെ ചാരിനിൽക്കാൻ വെമ്പുന്ന അജഗണത്തെയും നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു.
ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു പറഞ്ഞുവെയ്ക്കുന്നതും ഈ ഇടയ ഹൃദയത്തിൻറ്റെ കരുതലിനെയും, ആഴങ്ങളെയുംകുറിച്ചാണ്… അജഗണം ഈ ഇടയഹൃദയത്തിന്റെ സ്വരം സാകൂതം ശ്രവിക്കുന്നു, ഇടയനെ അനുഗമിക്കുന്നു, ഇടയൻ അവയെ പച്ചയായ പുൽത്തകിടിയിലേക്ക്, പ്രശാന്തമായ ജലാശയത്തിലേക്കു നയിക്കുന്നു… നസ്രായൻറ്റെ വചനത്തെ ധ്യാനിച്ച്, അവൻറ്റെ കാലടികളെ വിശ്വസ്തതയോടെ പിന്തുടരുമ്പോൾ നമ്മെ കാത്തിരിക്കുന്നതും നിത്യതയുടെ മേച്ചില്പുറമാണ്. ഇടയഹൃദയത്തോട് ചേർന്ന് നിന്ന് ഇടയൻറ്റെ സ്വരം ശ്രവിച്ചു നമുക്കും ജീവിതയാത്ര തുടരാം.