പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ, Cycle -C, യോഹ.16: 12-16

11.06. 22
യോഹ.16: 12-16
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളാണിന്ന്. ക്രിസതീയതയുടെ സത്ത തന്നെ പരിശുദ്ധ ത്രിത്വമാണ്. ഒന്നായിരിക്കുമ്പോൾ തന്നെ മൂന്ന് വ്യക്തിത്വങ്ങളുടെ കൂട്ടായ്മയായിട്ടാണ് പരിശുദ്ധ ത്രിത്വത്തെ നസ്രായൻ നമുക്ക് പറഞ്ഞ് മനസ്സിലാക്കി തരുന്നത്. ഈ ഭൂവിലായിരുന്ന ഓരോ നിമിഷവും ഈ കൂട്ടായ്മയുടെ നിറവിലാണ് നസ്രായൻ ജീവിച്ചത്. പ്രഭാതത്തിന്റെ ആദ്യ നിമിഷങ്ങളിലും, രാത്രിയുടെ വൈകിയ യാമങ്ങളിലും, പ്രാർത്ഥനയിൽ ചിലവിടുന്ന നസ്രായൻ നമുക്ക് സുപരിചിതനാണ്. തന്റെ ആവശ്യങ്ങൾ നേടിയെടുക്കാനായി പിതാവിനെ സമീപിക്കുന്ന നസ്രായനെയല്ല ഈ പ്രാർത്ഥനയുടെ നിമിഷങ്ങളിൽ നാം കണ്ട് മുട്ടുന്നത് മറിച്ച് പിതാവിനോടും പരിശുദ്ധാത്മാവിനോടും കൂടെ നിത്യതയിലെ കൂട്ടായ്മയിൽ ജീവിക്കുന്ന നസ്രായന്റെ, ആ കൂട്ടായ്മയെ അനുഭവിക്കാനുള്ള ശ്രമമായി നാം മനസ്സിലാക്കണം. പ്രാർത്ഥനയുടെ നിമിഷങ്ങളിൽ മാത്രമായിരുന്നില്ല നസ്രായൻ ഈ കൂട്ടായ്മയെ അനുഭവിക്കാൻ ശ്രമിച്ചത് ഓരോ നിമിഷവും ഈ കൂട്ടായ്മയുടെ നിറവിൽ ആയിരിന്ന് കൊണ്ട് കടന്ന് പോവാനായിരുന്നു നാസായൻ ശ്രമിച്ചത്…
ത്രിത്വത്തിന്റെ തിരുനാൾ നമ്മെ ക്ഷണിക്കുന്നതും നസ്രായനെപ്പോലെ ത്രിത്വവുമായുള്ള കൂട്ടായിൽ അനുദിനം വളർന്ന് വരാനാണ്. പരിശുദ്ധ ത്രിത്വവുമായുള്ള കൂട്ടായ്മയിൽ അനുദിനം നാമൊക്കെ വളരുമ്പോൾ മാത്രമാണ് നാമൊക്കെ കൂട്ടായ്മയുടെ മനുഷ്യരായി മാറുന്നത്. പലപ്പോഴും നമ്മുടെ കഴിവുകളിലും അദ്ധ്വാനങ്ങളിലുമൊക്കെ ആശ്രയിച്ച് നാം ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചിട്ടുള്ള കൂട്ടായ്മകളൊന്നും നസ്രായന് സാക്ഷ്യമാവാതെ പോവുന്നത് പരിശുദ്ധ ത്രിത്വത്തിന്റെ അഭാവം ഉള്ളത് കൊണ്ട് തന്നെയാവണം.
‌തന്റെ കടന്ന് പോകലിന് മുമ്പായി തന്റെ ശിഷ്യർക്കായി അബ്ബായോട് തീവ്രമായി പ്രാർത്ഥിക്കുന്ന വചനഭാഗം വത്സല ശിഷ്യന്റെ സുവിശേഷം പതിനേഴാം അദ്ധ്യായത്തിൽ നാം ധ്യാനിക്കുന്നുണ്ട്. നാം ഒന്നായിരിക്കുന്നത് പോലെ അവരും ഒന്നായിരിക്കുന്നതിന് വേണ്ടിയുള്ള നസ്രായന്റെ ഹൃദയ സ്പർശിയായ പ്രാർഥന ‘ത്രിത്വത്തിന്റെ കൂട്ടായ്മയിലേക്ക് തന്റെ പ്രിയ തോഴരെ നയിക്കണമെ’ എന്ന തീവ്രമായ പ്രാർത്ഥനയാണ്. ഒരു പക്ഷെ ഇനിയും പൂർത്തിയാകാനിരിക്കുന്ന നസ്രായന്റെ പ്രാർത്ഥനയാവണമിത്.
ത്രിത്വത്തിന്റെ ഈ കൂട്ടായ്മയിലേക്ക് ആദ്യം വളരേണ്ടത് നാം ഓരോരുത്തരും തന്നെയാണ്. വ്യക്തി ജീവിതത്തിൽ ത്രിത്വവുമായുള്ള ഈ കൂട്ടായ്മ നാം അനുഭവിക്കാതെ, നമ്മുടെ കുടുംബത്തിലൊ, ഇടവകയിലൊ, സമൂഹത്തിലൊ, സഭയിലൊ കൂട്ടായ്മ വളർത്തുന്ന ഇടയൻമാരാവാൻ നമുക്കാവില്ല. എങ്ങിനെയാണ് ഈ കൂട്ടായ്മയിൽ വളരാനാവുക എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളു… നസ്രായൻ… തന്റെ ഭൂവിലെ ഓരോ നിമിഷവും, നിമിഷാർദ്ധങ്ങളും അവൻ ജീവിച്ചത് അബ്ബായും, സഹായകനും തന്നോടൊപ്പമുണ്ടെന്നുള്ള ബോധ്യത്തിലാണ്. നസ്രായനെപ്പോലെ നമ്മോടൊപ്പമുള്ള ത്രിത്വത്തിന്റെ സാന്നിധ്യത്തെ തിരിച്ചറിഞ്ഞ് ത്രിത്വവുമായുള്ള കൂട്ടായ്മയിൽ വളർന്ന്, കൂട്ടായ്മകൾ പണിയുന്ന ഇടയൻമാരാവാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ, നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…