ആണ്ടുവട്ടത്തിലെ ഇരുപത്തിനാലാം ഞായർ, Cycle B, മാർക്കോ. 8: 27-35

മാർക്കോ. 8: 27-35
തന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള ജനക്കൂട്ടത്തിന്റെ അഭിപ്രായം നസ്രായന് അത്ര പ്രധാനമായിരുന്നില്ല. പക്ഷെ തന്റെ അരുമ ശിഷ്യർ തന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള ആഴമേറിയ ബോധ്യത്തിലേക്ക് വളരണമെന്നുള്ള തീക്ഷണമായ ആഗ്രഹം നസ്രായനുണ്ടായിരുന്നു. ഈ ബോധ്യത്തിലേക്ക് ശിഷ്യഗണത്തെ നയിക്കാനുള്ള നസ്രായന്റെ ശ്രമങ്ങൾക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി അവന്റെ വ്യക്തിത്വത്തെക്കുറിച്ച് അവരുടെ ഇടയിലുണ്ടായിരുന്ന വിശ്വാസങ്ങളും ധാരണകളുമായിരുന്നു. ദാവിദിന് ശേഷം അവന്റെ ചെക്കോലിന്റെ മഹിമയും പ്രതാപവും തിരിച്ച് കൊണ്ട് വരുവാൻ ശക്തനായ രാജാധിരാജനായ മിശിഹാ, അതുപോലെ റോമാ സാമാജ്യത്തിന്റെ നുകത്തിൽ നിന്ന് തങ്ങളെ മോചിപ്പിക്കുന്ന ഭരണ തന്ത്രജ്ഞനായ മിശിഹാ എന്നിങ്ങനെയുള്ള തീവ്രമായ വിശ്വാസങ്ങൾ അവരുടെ ഇടയിണ്ടായിരുന്നു. നസ്രായന്റെ ഓരോ വാക്കും, പ്രവൃത്തികളും, പ്രത്യേകിച്ച് അത്ഭുതങ്ങളുമൊക്കെ നസ്രായനാണ് മിശിഹാ എന്ന സോധ്യത്തിലേക്ക് ശിഷ്യഗണത്തെ നയിക്കാൻ വേണ്ടിയായിരുന്നു. പക്ഷെ ഇവിടെ നാസ്രായൻ നേരിട്ട ഏറ്റവും വലിയ പ്രശ്നം മഹിമ നിറഞ്ഞ മിശിഹായിൽ നിന്ന് യാഹ്‌വേയുടെ സഹനദാസനായ മിശിഹായിയിലേക്ക്, ആ ബോധ്യത്തിലേക്ക് അവരെ നയിക്കുക എന്ന കടമ്പയായിരുന്നു.
താൻ ആരാണെന്ന ചോദ്യത്തിന് പത്രോസ് പാപ്പ ചങ്കുറപ്പോടെ പ്രഘോഷിക്കുന്നുണ്ട് ‘ നീ മിശിഹായാണെന്ന്.’ പക്ഷെ പത്രോസിന്റെ മനസ്സിലുള്ള മിശിഹാ സങ്കൽപത്തിൽ നിന്ന് വ്യത്യസ്തമായ, എല്ലാവരാലും പിൻതള്ളപ്പട്ട്, നിസ്സഹായനായി, പോരാടാൻ പടയാളികളൊ, ചെങ്കോലൊ, രാജാധികാരമൊ, ഒന്നുമില്ലാതെ, മൂന്നാണികളിൽത്തൂങ്ങി മാനവരാശിക്ക് വേണ്ടി മരിക്കേണ്ട യാഹ്‌വേയുടെ സഹനദാസനായ മിശിഹായാണ് താനെന്നുള്ള മുന്നറിവ് നസ്രായനുണ്ടായിരുന്നു. നസ്രായൻ തന്റെ പീഡാനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുമ്പോൾ ‘നിനക്കിത് സംഭവിക്കാതിരിക്കട്ടെ’ എന്നാണ് പത്രോസ് പാപ്പയുടെ പൊടുന്നനെയുള്ള പ്രതികരണം. കുരിശിന്റെ വഴിയിൽ നിന്ന് തന്നെ പിൻതിരിപ്പിക്കാൻ ശ്രമിക്കുന്ന പത്രോസ് പാപ്പയോട് ‘സാത്താനെ ദൂരെ മാറി ,’ എന്ന് പറഞ്ഞാണ് നസ്രായൻ ശകാരിക്കുന്നത്. നസ്രായന്റെ വലിയ വിമർശന ശരമായിന്നു ഇത്. കാരണം അബ്ബാ തനിക്ക് നൽകിയ കുരിശിൽ നിന്നുള്ള ഒളിച്ചോട്ടം രക്ഷാകര ചരിത്രത്തിൽ നിന്നുള്ള ഒളിച്ചോട്ടം തന്നെയാണ്. നസ്രായനെപ്പോലെ, സ്വന്തം കുരിശെടുക്കാതെ ഒരുവനും നസ്രായന്റെ ശിഷ്യനായിരിക്കുവാൻ സാധിക്കുകയില്ല.
ഓരോ ക്രിസ്തു ശിഷ്യനും ലോക രക്ഷകനായ നസ്രായനെ തിരിച്ചറിയേണ്ടത് അവന്റെ കുരിശ് മരണത്തിലാണ്. അത്പോലെ അവന്റെ സാമീപ്യം ഏറ്റവുമധികം നാമൊക്കെ അനുഭവിച്ചറിയേണ്ടത് നമ്മുടെയൊക്കെ പ്രതിസന്ധിഘട്ടങ്ങളിൽ കുരിശ് താങ്ങാനാവാതെ തളരുമ്പോഴാണ്. ആ ജീവിത മുഹൂർത്തങ്ങളിൽ നമ്മെ ശക്തിപ്പെടുത്തേണ്ടത് സജീവ ദൈവത്തിന്റെ പുത്രനായ, കുരിശിൽ മരിച്ച് നമ്മെ വീണ്ടെടുത്ത സഹനദാസനായ നസ്രായൻ നമ്മോടൊപ്പമുണ്ടെന്ന ബോധ്യമാണ്. നസ്രായൻ ആരാണെന്നുള്ള ചോദ്യത്തിന് വ്യക്തിപരമായ വിശ്വാസാനുഭവത്തിലൂടെ ലോകത്തോട് ഉത്തരം പറയാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ചാരെ…