ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ, Cycle A, മത്താ. 25:1-13

പത്ത് കന്യകമാരുടെ ഉപമയാണ് നമ്മുടെ ധ്യാന വിഷയം. ഇതിൽ അഞ്ച് പേരെ വിവേകമതികളും ബാക്കി അഞ്ച് പേരെ വിവേക ശൂന്യകളുമായിട്ടാണ് വചനം നമുക്ക് പരിജയപ്പെടുത്തുക. യഹൂദ പാരമ്പര്യത്തിൽ വധുവിനെത്തേടി വരുന്ന മണവാളനെ കാത്താണ് കന്യകമാർ ഇരിക്കുക. വരൻ വരുന്നെന്ന വാർത്ത ദൂരെ നിന്ന് തന്നെ വിളിച്ച് പറയപ്പെടുമ്പോൾ തങ്ങളുടെ വിളക്കുകളൊക്ക ഒരുക്കി, വരനോടൊപ്പം ആഘോഷ രാവിലേക്ക് ഈ കന്യകകളും പ്രവേശിക്കും. കയ്യിലുണ്ടാവേണ്ട വിളക്ക് വരനെ സ്വീകരിക്കാൻ അനിവാര്യമാണെന്ന് ഉപമയിൽ നിന്ന് വ്യക്തമാണ്. അല്ലെങ്കിൽ എണ്ണ കയ്യിൽ കരുതാൻ മറന്ന് പോവുന്ന കന്യകകൾക്ക് വിളക്കില്ലാതെയും വിരുന്നിൽ പ്രവേശിക്കാമായിരുന്നല്ലൊ… എണ്ണ കയ്യിൽ കരുതാൻ മറന്ന് പോവുന്നത് അത്ര വലിയ തെറ്റാണൊ? മറവി എല്ലാവരുടെയും ജീവിതത്തിൽ സാധാരണമല്ലേ?
ഇതൊരു ജീവാനുഭവമല്ലല്ലൊ… ഉപമയല്ലേ… ഉപമയിൽ എല്ലാം പ്രതീകങ്ങളല്ലേ… പ്രതീകങ്ങൾക്ക് നമ്മോട് പങ്കിട്ടാനുള്ളത് അത് ഉൾക്കൊള്ളുന്ന ആന്തരികാർത്ഥമല്ലേ… ഈ വിവാഹ വിരുന്ന് നിത്യതയാണ്… അബ്ബാ നടത്തുന്ന നിത്യവിരുന്ന്… വിവാഹ വരൻ തീർച്ചയായും നസ്രായനല്ലാതെ മറ്റാരാണ്… പത്ത് കന്യകമാർ പ്രതിനിധാനം ചെയ്യുന്നത് നമ്മളോരോരുത്തരെയുമാണ്. മണവാളനെ സ്വീകരിക്കാൻ കയ്യിൽ കരുതുന്ന വിളക്ക് നമ്മുടെ നൻമ പ്രവർത്തികളുടെ കണക്കാണ്. നസ്രായൻ ഇപ്രകാരം പറയുന്നുണ്ട്: “നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.”(മത്താ. 5:16) അങ്ങനെയെങ്കിൽ കന്യകകൾ മറന്ന് പോവുന്ന എണ്ണ, അറിഞ്ഞും അറിയാതെയും അവർ നഷ്ടപ്പെടുത്തിയ നൻമ പ്രവൃത്തികളാവണം. മണവാളനെ അഭിമുഖീകരിക്കുമ്പോൾ നമുക്കുണ്ടാകാനിടയുള്ള ഈ കുറവ് മറ്റുള്ളവരുടെ കയ്യിൽ നിന്ന് കടം മേടിച്ച് നികത്താവുന്ന ഒന്നല്ല. വിൽപ്പനക്കാരുടെ അടുക്കൽ നിന്ന് എണ്ണയും വാങ്ങി തിരികെയെത്തുന്ന കന്യകകളെ കാത്തിരുന്നത് അടഞ്ഞ വാതിലായിരുന്നു. ” “കർത്താവെ, കർത്താവെ, ഞങ്ങൾക്ക് തുറന്നു തരണമെ” എന്ന് അപേക്ഷിക്കുന്നുണ്ടെങ്കിലും മണവാളന്റ മറുപടി “ഞാൻ നിങ്ങളെ അറിയുകയില്ല…” എന്നാണ്. കരുണയുടെ മുഖമാവാൻ പരാജയപ്പെട്ടവർക്ക് മുന്നിൽ കരുണയുടെ വാതിലും കൊട്ടിയടക്കപ്പെടുകയാണ്. അബ്ബാ നമുക്ക് നൽകിയിട്ടുള്ള ഏറ്റവും വലിയ കൃപ നമ്മുടെ സ്വാതന്ത്യമാണ്. ഈ ഭൂമിയിലെ നമ്മുടെ വിശ്വാസ യാത്രയിൽ അബ്ബാ നൽകിയ സ്വാതന്ത്യം ഉപയോഗിച്ച് നൻമയും തിൻമയും നമുക്ക് തെരഞ്ഞെടുക്കാനാവും. നമ്മുടെ തെരെഞ്ഞെടുപ്പുകളെ ദൈവം മാനിക്കുന്നു എന്നതിന്റെ ഉറപ്പാണ് കൊട്ടിയടയ്ക്കപ്പെട്ട വാതിൽ. കരുണയുടെ വാതിൽ അവൻ നമുക്കായ് വീണ്ടും തുറക്കില്ലേ? മാനസാന്തരം മരണത്തിനപ്പുറമല്ല, ഇപ്പോഴാണ് സംഭവിക്കേണ്ടത്… നവംബറിന്റെ ശാന്തതയിൽ നിത്യതയെ ആശംസിച്ച് കൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…