ലൂക്കാ. 33:10-18
എല്ലാ ക്രിസ്തുമസ് കാലത്തും നമ്മളെയൊക്കെ ക്രിസ്തുമസിന് ഒരുക്കി പിന്നെ ഇരുളിൽ മറയുന്ന വ്യക്തിത്യമാണ് സ്നാപകൻ. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ആദ്യത്തെ ക്രിസ്തുമസും അങ്ങനെ തന്നെയായിരുന്നു. മേരിയമ്മയോളം തന്നെ ക്രിസതുമസിന് വേണ്ടി ഒരുങ്ങിയ ആളാണ് സ്നാപകൻ എന്ന് പറയുന്നതിൽ അതിശയോക്തി തെല്ലുമുണ്ടാവില്ലെന്ന് വിശ്വസിക്കുന്നു … പറഞ്ഞ് വരുമ്പോൾ സ്നാപകൻ നസ്രായന്റെ അങ്കിളാണ്, മാത്രവുമല്ല സമപ്രായക്കാർ… ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ചിത്രകാരന്മാരുടെ ഭാനവയിലല്ലാതെ സുവിശേഷങ്ങളിലൊന്നും ഈ ബന്ധത്തെയോ സൗഹ്യദത്തെയൊ സാധൂകരിക്കുന്ന ഒരു രംഗം പോലും നാം വായിക്കുന്നില്ല…. കാരണം അവർക്ക് വ്യക്തമായി അറിയാമായിരുന്നു തങ്ങൾ ആരാണെന്നും, എന്തിന് വേണ്ടിയാണ് ഈ ഭൂവിലേക്ക് കടന്ന് വന്നതെന്നും അല്ലായിരുന്നെങ്കിൽ വഴിയൊരുക്കാൻ വന്നവൻ വഴിയായി മാറി ഒരു കുടുംബവഴക്കൊക്കെ… അതൊക്കെ നമ്മുടെ ഭാവനകളിലും ആഗ്രഹങ്ങളിലും മാത്രം…
ചെറുപ്പം മുതലെ മരുഭുമിയിൽ പ്രാർത്ഥനയിലും, ഉപവാസത്തിലും പിന്നെ ഒട്ടക രോമം കൊണ്ടുള്ള വസ്ത്രവും, കാട്ടുതേനും ഭക്ഷണവും…ക്രിസ്തുമസിന് വേണ്ടിയുള്ള അയാളുടെ ഒരുക്കത്തിന്റെ ഭാഗമായിരുന്നു ഇതൊക്കെ… അയാളുടെ പ്രസംഗം കേട്ട്, പ്രാസംഗികന് കയ്യടിച്ചു സ്തുതി പാടി വിശ്വാസികൾ വീട്ടിൽ പോയി തങ്ങളുടെ പഴയ ജീവിത രീതി തുടർന്നില്ല മറിച്ച് സ്നാപകന്റെയടുത്തേക്ക് അവർ മടങ്ങിവരുകയാണ്, ധൂർത്തപുത്രൻമാരും, പുത്രിമാരുമൊക്കെ, സ്നേഹം ധൂർത്തടിക്കുന്ന പിതാവിന്റെ പക്കലേക്കെന്നെ പോലെ… കാരണം അയാളുടെ സുവിശേഷ പ്രേഘോഷണത്തിൽ തെല്ല് ഭയപ്പെടുത്തുന്ന വസ്തുതകൾ അതായത് അന്ത്യവിധിയെക്കുറിച്ചുള്ള ചില ഓർമ്മപെടുത്തലുകളൊക്കെ അയാൾ നൽകുന്നുണ്ട് എങ്കിലും അയാളുടെ വാക്കുകൾക്ക് പ്രതീക്ഷയുടെ സദ്വാർത്ത, നസ്രായന്റെ കരുണയുടെ സുഗന്ധമുണ്ടായിരുന്നു അല്ലെങ്കിൽ ജനക്കുട്ടവും, ചുങ്കക്കാരും, പടയാളികളുമൊക്കെ എങ്ങിനെയാണ് ഒരുങ്ങേണ്ടതെന്ന് ചോദിച്ചുകൊണ്ട് അയാളെ സമീപിക്കുമോ?
വിപ്ലവകാരമായ കാര്യങ്ങളൊന്നും ചെയ്യാൻ അയാൾ പറയുന്നില്ല … യാഹ് വെ പണ്ട് അവരോട് പറഞ്ഞ കാര്യങ്ങൾ തന്നെ – സ്നേഹിക്കുക, പങ്കു വയ്ക്കുക, നീതി നിറഞ്ഞെ ഒരു ജീവിതം… അങ്ങനെ അനുതാപത്തിന്റെ ജ്ഞാനസ്നാനം സ്വീകരിക്കുന്നവരാണ് ദൈവത്തിന്റെ കുഞ്ഞാടായ നസ്രായനെ തിരിച്ചറിയുന്നതും അവനെ അനുധാവനം ചെയ്യുന്നതും…
സ്നാപകന്റെ തീഷ്ണതയും, എളിമയുമൊക്കെ കണ്ട് ജനക്കുട്ടത്തിന് വലിയ ശങ്ക തോന്നുന്നുണ്ട്: ഇനി
ഇവൻ തന്നെയാണൊ മിശിഹാ? സ്നാപകൻ ‘അതെ’ എന്ന് പറഞ്ഞിരുന്നെങ്കിൽ അത് അവിശ്വസിക്കുന്ന ആരും തന്നെ ഉണ്ടാകുമായിരുന്നില്ല…കാരണം അവന്റെ കഠിനമായ തപചര്യ തന്നെ… അവൻ താൻ മിശിഹാ ആണെന്ന് പറഞ്ഞിട്ടും ജനങ്ങൾ വിശ്വസിക്കാതിരുന്നത് അവൻ ഒരു പച്ച മനുഷ്യനായി ജീവിച്ചു എന്നതാണ്… കഠിനമായ തപചര്യയുടെ കനൽ വീഥികളൊ, മിശിഹായുടെ രാജത്വത്തിന്റെ പ്രൗഡ ഗാംഭീര്യതെയൊ അവർ അതിൽ ദർശിച്ചില്ല …നവീനമായ ഈ ‘വചനം മാംസം ധരിച്ച് ‘ മാനവികതയെ ദൈവ ഛായാ സാദൃശ്യങ്ങളുടെ പൂർണ്ണതയിലേക്കുയർത്തുന്ന ആത്മീയതയുടെ മുഖമായിരുന്നു നസ്രായൻ…. തന്നെ അവനെക്കാളും ഒരു വേളയിലും സ്നാപകൻ യോഗ്യനാക്കുന്നില്ല …അവന്റെ ചെരുപ്പിന്റെ വാറഴിക്കാനോ, അല്ലെങ്കിൽ തന്നെ സ്നാനത്തിൽ നിന്ന് വ്യത്യസ്തമായി അഗ്നിയാലും ആത്മാവിനാലും അവൻ നൽകുന്ന സ്നാനമൊക്കെ വിളിച്ചോതുന്നത് അവൻ സാധരണ ഒരു മനുഷ്യനല്ല മറിച്ച് ദൈവ പുത്രിനായ മിശിഹാ തന്നെയാണെന്ന സത്യത്തിലെക്കാണ്…
ഹെറോദോസിന്റെ കൊള്ളരുതായ്മകൾക്ക് നേരെ കണ്ണടച്ച്, പൊട്ടലും ചീറ്റലൊന്നുമില്ലാതെ തന്റെ പ്രവാചക ദൗത്യം അദ്ദേഹത്തിന് മുന്നോട്ട് കൊണ്ട് പോകാമായിരുന്നു എന്നിട്ടും രാജാവ് നഗ്നനാണെന്ന് പറയുന്ന കൊച്ച് കുട്ടിയെപ്പോലെ സഹോദര ഭാര്യയെ കുടെ പൊറുക്കാൻ അനുവദിക്കുന്ന അയാൾക്ക് മുന്നിൽ പ്രവാചക ശബ്ദമായി അഴിയുടെ ഇരുളിൽ അയാൾ മറയുകയാണ് … സത്യത്തിന്, നസ്രായന് രക്തസാക്ഷിയായി അയാൾ കളം ഒഴിയുകയാണ് … അവനെക്കാൾ വലിയവനായി ഭൂമിയിൽ ഒരു മനുഷ്യൻ പോലും ജനിച്ചിട്ടില്ല എന്ന് അവനെക്കുറിച്ചുള്ള നസ്രായന്റെ വാഴ് വ്… നസ്രായൻപോലും തന്റെ ഹൃദയത്തോട് ചേർത്ത് വച്ച് ആരാധനയോടെ നോക്കിയ മനുഷ്യൻ…. സ്നാപകന്റെ തീർത്ഥ വഴികൾ നമ്മുടെ ഹൃദയത്തിന്റെ അന്ധകാര വീഥികളെ പ്രകാശിപ്പിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നസ്രായന്റെ ഹൃദയത്തിൻ ചാരെ…