ലൂക്കാ. 6:17, 20-26
സുവിശേഷ ഭാഗ്യങ്ങളിലേക്കാണ് ഇന്നത്തെ സുവിശേഷം നമ്മെ കൂട്ടികൊണ്ട് പോകുന്നത്. ശിഷ്യരുടെ നേരെ നസ്രായൻ കണ്ണുകളുയർത്തി അവരെ സുവിശേഷ ഭാഗ്യങ്ങളെക്കുറിച്ച് പഠിപ്പിച്ചു എന്നാണ് സുവിശേഷകൻ രേഖപ്പെടുത്തിയിട്ടുള്ളത്. സുവിശേഷത്തിന്റെ ആത്മാവ് എന്ന് പറയുന്നത് ഈ സുവിശേഷ ഭാഗ്യങ്ങളാണ്. നസ്രായനെ അനുധാവനം ചെയ്യുന്ന ഓരോ ശിഷ്യനും ഈ സുവിശേഷ ഭാഗ്യത്തിന്റെ അരൂപിയുണ്ടാവണം. നസ്രായന്റെ ശിഷ്യരായ നാമൊക്കെ ഈ സുവിശേഷ ഭാഗ്യങ്ങളെ ആഴത്തിൽ മനസ്സിലാക്കാനൊ, അനുദിന ജീവിതത്തിൽ പ്രവർത്തികമാക്കാനൊ, ശ്രമിച്ചിട്ടുണ്ടൊ? എന്നത് ആത്മശോധന ചെയ്യേണ്ട വസ്തുതയാണ്. നസ്രായന്റെ പാതയടികളെ പിൻതുടരുന്ന നമുക്കോരോരുത്തർക്കും ഉണ്ടാവേണ്ട ആത്മീയ മനോഭാവങ്ങളാണ് ഈ സുവിശേഷ ഭാഗ്യങ്ങൾക്ക് ആധാരം. കഠിനമെന്ന് തോന്നുന്ന ഈ മനോഭാവങ്ങളിലേക്കുള്ള വളർച്ച നസ്രായന്റെ തന്നെ വ്യക്തി ജീവിതത്തിലേക്കുള്ള വളർച്ച തന്നെയാണ്. ഈ സുവിശേഷ ഭാഗ്യങ്ങൾ അതിന്റെ പൂർണ്ണതയിൽ ജീവിച്ചാണ് നസ്രായൻ കടന്ന് പോയത്.
സർവ്വ പ്രപഞ്ചത്തിന്റെയും അതിനാഥനായിട്ട് കൂടി കുരിശ് മരണത്തോളം തന്നെത്തന്നെ താഴ്ത്തി, കുരിശിൽ സ്വയം ശൂന്യവത്ക്കരിക്കുന്ന നസ്രായന്റെ ദാരിദ്രരൂപി നമ്മുടെ മനോഭാവങ്ങളെ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. നിത്യത സ്വന്തമാക്കുന്നതിന് ഈ ദാരിദ്ര്യാരൂപിയുടെ നിറവിൽ നസ്രായനെപ്പോലെ ബോധപൂർവ്വകമായ ചില ഉപേക്ഷിക്കലുകളുടെ മനോഹാരിത നമ്മുടെ ജീവിതത്തിനുണ്ടാവണം. സുവിശേഷ ഭാഗ്യങ്ങളിൽ പ്രതിവാദിച്ചിട്ടുള്ള വിശപ്പ് ഭക്ഷണത്തിന് വേണ്ടിയുള്ള ഭൗതികമായ വിശപ്പല്ല. മറിച്ച് ദൈവ നീതിക്ക് വേണ്ടിയുള്ള വിശപ്പാണ്. അതെപോലെ തങ്ങളുടെ വ്യക്തിപരമായ ദു:ഖങ്ങളെയൊ, നഷ്ടങ്ങളെയൊ പ്രതി വിലപിക്കുന്നവരല്ല മറിച്ച് ദൈവരാജ്യത്തെ പ്രതി അഹോരാത്രം അദ്ധ്വാനിക്കുന്നവരാണ് ഇക്കൂട്ടർ. അവരുടെ കണ്ണ്നീർ ദൈവരാജ്യത്തിന്റെ പൂർണ്ണതയിൽ ആനന്ദക്കണ്ണീർ ആയി പരിണമിക്കും.
നസ്രായന്റെ പേരിൽ തിരസ്ക്കരിക്കപ്പെടുകയും, അവഹേളിക്കപ്പെടുകയും ചെയ്യുന്നത് കയ്പേറിയ അനുഭവമാണെങ്കിലും, ഇത് കഥയുടെ അവസാനമല്ല. നസ്രായന് വേണ്ടി സഹിച്ചതിനും നിലകൊണ്ടതിനുമൊക്കെയുള്ള പ്രതിഫലം നിത്യജീവനും, അത് പ്രദാനം ചെയ്യുന്ന നിത്യാനന്ദവുമാണ്. സുവിശേഷഭാഗ്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയിട്ടും ഈ ആത്മീയ മനോഭാവങ്ങൾക്കെതിരെ പുറം തിരിഞ്ഞിരിക്കുന്നവരെ കാത്തിരിക്കുന്നത് കഠിനമായ യാഥാർത്ഥ്യങ്ങളാണ്. വിഡ്ഢിത്തമെന്നും, ഭ്രാന്തെന്നുമൊക്കെ ലോകം വിധിക്കുന്ന ഈ മനോഭാവങ്ങളെ നെഞ്ചോട് ചേർത്ത് ബോധ്യങ്ങളായി രൂപപ്പെടുത്താനാണ് സുവിശേഷം നമ്മോട് ആഹ്വാനം ചെയ്യുന്നത്. നിത്യതയിലേക്കുള്ള പടവുകൾ നാം രൂപപ്പെടുത്തേണ്ടത് ഈ ബോധ്യങ്ങളെ നമ്മുടെ അനുദിന ജീവിതത്തിൽ പ്രാവർത്തികമാക്കി കൊണ്ടാണ്. സുവിശേഷ ഭാഗ്യങ്ങളിൽ ആഴപ്പെടാനും, ഈ സുകൃതങ്ങളുടെ ആത്മാവിനെ ഉൾക്കൊണ്ട് കൊണ്ട് സാക്ഷ്യത്തിന്റെ ജീവിതം നയിക്കാനും നമുക്കാട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ഹൃദയത്തിൻ ചാരെ..