തപസ്സുകാലം രണ്ടാം ഞായർ, Cycle C, ലൂക്കാ. 9:28b-36

ലൂക്കാ. 9:28b-36
നോയമ്പ് കാലത്തിലെ രണ്ടാമത്തെ ഞായറാഴ്ച്ചയിൽ വചനം നമ്മെ കൂട്ടി കൊണ്ട് പോവുന്നത് താബോറിലേക്കാണ്. താബോർ നസ്രായന് സമ്മാനിക്കുന്നത് തന്റെ നിയോഗത്തിന്റെ പൂർണ്ണതയെ വെളിപ്പെടുത്തി കൊടുക്കുന്ന നിമിഷങ്ങളാണ്. പുറപ്പാടിന്റെ പുസ്തകത്തിൽ ദൈവ കൽപനകൾ സ്വീകരിക്കാനായ് സീനായ് മല കയറുന്ന മോശയ്ക്ക് സംഭവിക്കുന്നതിന് സമാനമായ കാര്യങ്ങൾ നസ്രായനും സംഭവിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനം അവന്റെ മുഖം തേജോൻമുഖമാകുന്നതും വസ്ത്രം സ്വർഗ്ഗീയ പ്രകാശത്താൽ നിറയുന്നതുമാണ്. ഉത്ഥാനത്തോടെ നസ്രായൻ പ്രവേശിക്കാൻ പോവുന്ന സ്വർഗ്ഗീയ മഹത്വത്തിന്റെ മൂന്നാസ്വാദനമാണ് താബോറിൽ നാം ദർശിക്കുന്നത്. താബോറിലെ മോശയുടെയും ഏലിയായുടെയുമൊക്കെ സാന്നിദ്ധ്യം മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള എത്രയോ വലിയ പ്രത്യാശയാണ് നമ്മോട് പങ്ക് വയ്ക്കുന്നത്. നസ്രായനെക്കുറിച്ച് പഴയ നിയമത്തിൽ ഏറ്റവുമധികം വെളിപ്പെടുത്തുകൾ നടത്തുന്നതും ഈ രണ്ട് മനുഷ്യരിലൂടെയാണ് … മോശയ്ക്ക് ശേഷം ദൈവം ഉയർത്തുന്ന പ്രവാചകനും, കർത്താവിന്റെ സഹനദാസനും സംയോജിക്കുന്നത് നസ്രായനിലാണ്.’ ഇവൻ എന്റെ പ്രിയ പുത്രൻ, ഇവനെ ശ്രവിക്കുവിൻ…’ എന്നത് അപ്പോസ്തലൻമാർക്ക് മാത്രമുള്ളതല്ല, യുഗാന്തം വരെയുള്ള എല്ലാ തലമുറകൾക്കുമുള്ള വചനമാണ്. അവന്റെ വാക്കുകൾ ശ്രവിക്കുന്നവരാണ് നസ്രായനാണ് വഴിയും, സത്യവും, ജീവനുമെന്ന ബോധ്യത്തിലേക്ക് കടന്ന് വരുന്നത്.
ലോകത്തെ അതുമാത്രം സ്നേഹിക്കുന്ന തന്റെ പിതാവ് അതിന്റെ രക്ഷയ്ക്കായ് ഒരുക്കിയിരിക്കുന്ന കയ്പ് നിറഞ്ഞ പാനപാത്രത്തെ താൻ സ്വീകരിക്കണമെന്ന് തിരിച്ചറിയുന്ന നസ്രായൻ തന്നെത്തന്നെ ഈ രക്ഷണീയ കർമ്മത്തിന് പരിപൂർണ്ണമായി സമർപ്പിക്കുകയാണ്. ആദ്യത്തെ ആദം അനുസരണക്കേട് നിമിത്തം ദൈവ സന്നിധിയിൽ പരാജയപ്പെടുമ്പോൾ, രണ്ടാമത്തെ ആദമായ നസ്രായൻ തന്റെ ആത്മത്യാഗത്തിനായുള്ള സന്നദ്ധതയിലൂടെ മാനവരാശിക്ക് അനുസരണത്തിന്റെ പുതു പാഠമാവുകയാണ്.
എന്താണ് സംഭവിക്കുന്നതെന്ന് പൂർണ്ണമായി മനസ്സിലാകുന്നില്ലെങ്കിലും, പത്രോസ് പാപ്പയുടെയും, വത്സല ശിഷ്യന്റെയും, തീക്ഷണ മതിയായ യാക്കോബിന്റെയും നിദ്രാഭാരം നിറഞ്ഞ കണ്ണുകളിലേക്ക് സ്വർഗ്ഗം കനിഞ്ഞിറങ്ങുകയാണ്. സ്വർഗ്ഗത്തെ അനുഭവിച്ച ആർക്കാണ് ഭൂമിയിലേക്ക് തിരിച്ച് വരാൻ താത്പര്യം. ഞങ്ങൾ മൂന്ന് കൂടാരങ്ങൾ നിർമ്മിക്കാം. ഒന്ന് നസ്രായന്’ ഏലിയായ്ക്ക്, മോശയ്ക്ക്. തങ്ങൾക്ക് കൂടാരങ്ങളൊന്നും വേണ്ട, ഈ അവർണനീയമായ നിമിഷത്തിൽ ജീവിച്ചാൽ മാത്രം മതി. മഹത്വത്തിന്റെ ഈ താബോറിലേക്ക് എന്നേക്കുമായി താൻ പ്രവേശിക്കുന്നതിന് മുമ്പായി പരീക്ഷണങ്ങളുടെ ഗത്സമിൻ താഴ് വരയും, താൻ ഉയർത്തപ്പെടേണ്ട കാൽവരി മലയുമുണ്ടെന്ന തിരിച്ചറിവിൽ ജെറുസലെമിനെ ലക്ഷ്യമാക്കിയുള്ള തന്റെ പുറപ്പാട് തുടരാനായ് നസ്രായൻ താബോറിൽ നിന്ന് പടിയിറങ്ങുകയാണ്.
നസ്രായന്റെ പ്രാർത്ഥനയുടെ നിമിഷങ്ങളാണ് സ്വർഗ്ഗീയ നിമിഷങ്ങളിലക്ക്, പിതാവിന്റെ ഹിതത്തെ തിരിച്ചറിയുന്ന നിയോഗത്തിന്റെ വെളിവിലേക്ക് നസ്രായനെ നയിക്കുന്നത്. നോയമ്പ് കാലം നസ്രായന്റെ പ്രാർത്ഥനാ ജീവതത്തെ മാതൃകയാക്കി അവന്റെ ആ പതിവിലേക്ക് വളരാനുള്ള ക്ഷണമാണ്. സങ്കടങ്ങളുടെ ഗത്സമിനികളെയും, വെല്ലുവിളികളുടെ കാൽവരിയെയും, അഭിമുഖീകരിക്കാൻ അതിനുമപ്പുറം മഹത്വത്തിന്റെ താബോറുണ്ടെന്ന പ്രത്യാശയിൽ നമ്മെ ആഴപ്പെടുത്തുന്നത് ഈ പ്രാർത്ഥനയുടെ നിമിഷങ്ങളാണ്. ആഴമേറിയ പ്രാർത്ഥനാനുഭവത്തിന്റെ, രൂപാന്തരണീകരണത്തിന്റെ നിമിഷങ്ങളാവട്ടെ ഈ നോയമ്പ് കാലം എന്ന് പ്രാർത്ഥിച്ചുകൊണ്ട് … നസ്രായന്റെ ഹൃദയത്തിൻ ചാരെ …