മാർക്കോ. 4:24-36
കടുക് മണി കാഴ്ചയിൽ ഏറ്റം ചെറുതും നിസാരവുമായ ഒരു വിത്താണ്. പക്ഷെ ഓരോ കടുക് മണിയിലും തന്റെ അബ്ബാ ഒളിപ്പിച്ച് വച്ചിരിക്കുന്ന വിസ്മയത്തോട് ഉപമിച്ചു കൊണ്ടാണ് നസ്രായൻ ദൈവരാജ്യത്തെക്കുറിച്ച് ഇന്നത്തെ സുവിശേഷത്തിൽ പഠിപ്പിക്കുന്നത്. സാധാരണ ആകാര വലിപ്പ
ങ്ങളനുസരിച്ചാണ് വ്യക്തികളെയും, വസ്തുക്കളെയുമൊക്കെ അളക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്നവരാണ് നാമൊക്കെ പക്ഷെ പലപ്പോഴും ചെറുതെന്ന് കരുതി നാമൊക്കെ നിസ്സാര വത്ക്കരിക്കുന്നവയിൽ നിന്നാണ് വലിയ അത്ഭുതങ്ങളും നൻമകളുമൊക്കെ സംഭവിക്കുന്നതെന്ന് പറയുമ്പോൾ അതിശയോക്തിയായി തള്ളിക്കളയല്ലേ …
ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വിൻസ്റ്റൺ ചർച്ചിൽ പരിഹാസപൂർവ്വം ഗാന്ധിജിയെ വിളിച്ചത് അർദ്ധ നഗ്നനായ ഫക്കീർ എന്നായിരുന്നു. ആ പരിഹാസത്തിന്റെ പിന്നിൽ ശാരീരികമായി ദുർബ്ബലനും, അഹിംസയിലും, സത്യാഗ്രഹത്തിലുമൊക്കെ അടിയുറച്ച് വിശ്വസിക്കുന്ന ഈ സാധുവിന് സൂര്യനസ്തമിക്കാത്ത ഈ സാമ്രാജ്യത്തിനെതിരെ ഒരു പുല്ല് പോലും അനക്കാനാവില്ല എന്ന ഹുങ്കായിരിക്കണം. പക്ഷെ ഈ ദുർബലന്റെ ചങ്കുറപ്പിന് മുന്നിലാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പടയോട്ടത്തിന് കടിഞ്ഞാൺ വീണത്. അദ്ദേഹത്തിന്റ പാതയടികൾ പിന്തുടർന്നാന്ന് ഏഷ്യയിലെയും ആഫ്രിക്കയിലെയും പലരാജ്യങ്ങളും അടിമത്തത്തിന്റെ നുകത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് ചിറകടിച്ചുയർന്നതെന്ന് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്…
സഭയുടെ വളർച്ചയും അങ്ങനെ തന്നെയായിരുന്നില്ലേ … എല്ലാ കാലങ്ങളിലും, എല്ലാ ദേശങ്ങളിലുമൊക്കെ അതിനെ തളർത്താനും, തച്ചുടക്കാനുമൊക്കെ വെമ്പലുകൊള്ളുന്നവർ ഉണ്ടായിട്ടുണ്ട്. തീർച്ചയായും സഭയ്ക്ക് വളർച്ചയുടെ മാത്രമല്ല തളർച്ചയുടെയും ബലഹീനതകളുടെയും ഒരുപാട് കഥകൾ പറയാനുണ്ട്. പക്ഷെ ആയിരിക്കുന്നിടങ്ങളിലൊക്കെ നൻമമരമായി, ഒരു പാട് ജൻമങ്ങൾക്ക് താങ്ങും തണലും തുഷാരവുമായത് നസ്രായന്റെ ഈ കടുക് മണിയാണ്. നമ്മുടെ രാജ്യം ആഗോള ജനസംഖ്യയിൽ രണ്ടാം സ്ഥാനത്താണ് . ഈ മഹാരാജ്യത്ത് നമ്മുടെ സാന്നിധ്യം നാമമാത്രമാണ്. എന്നിട്ടും ഈ കടുക് മണിയുടെ തണൽ എത്രയോ ജനലക്ഷങ്ങൾക്കാണ് സാന്ത്വനമേകുന്നത്. ദൈവരാജ്യം ഹൃദയത്തിൽ പേറുന്ന കടുക് മണിളാവട്ടെ നമ്മുടെ ജീവതങ്ങൾ… നൻമ മരങ്ങളായി മറ്റുളവർക്ക് താങ്ങാനും, തണലാവാനും നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ചാരെ…