ആണ്ടുവട്ടത്തിലെ പത്തൊൻപതാം ഞായർ, Cycle A, മത്തായി 14:22-33

മത്താ.14:22-33
മൂന്ന് വർഷം മാത്രമാണ് നസ്രായൻ തന്റെ തോഴരോട് ഒപ്പം ഉണ്ടായിരുന്നതെങ്കിലും ദൈവാനുഭവത്തിന്റെ ആഴങ്ങളിലേക്ക് അവരെ നയിക്കുന്നതായിരുന്നു നസ്രായന്റെ ഓരോ ദിനങ്ങളും. നസ്രായനോടൊപ്പമായിരുന്നപ്പോൾ അവന്റെ വ്യക്തിത്വത്തെ പൂർണ്ണമായും ഉൾക്കൊള്ളാനൊ, മനസിലാക്കാനൊ അവർക്ക് കഴിഞ്ഞിരുന്നില്ല. വിഗ്രഹാരാധനയും മറ്റ് ഇടർച്ചകളും ഇസ്രായേലിന്റെ ചരിത്രത്തിൽ നാം ദർശിക്കുന്നുണ്ടെങ്കിലും യാഹ് വേ അല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന പ്രഥമമായ കൽപനയ്ക്ക് ഓരോ യഹൂദന്റെയും ജീവിതത്തിൽ സവിശേഷമായ സ്ഥാനം ഉണ്ടായിരുന്നു. ഈ ഒരു പശ്ചാത്തലത്തിൽ താൻ ദൈവപുത്രനാണെന്ന് പറയുമ്പോൾ സ്വഭാവികമായും നസ്രായനെ സ്വീകരിക്കാനും മനസ്സിലാക്കാനും അവന്റെ തോഴർ ബുദ്ധിമുട്ടിയുട്ടുണ്ടാവണം. റോമൻ സാമ്രാജ്യത്തിനെതിരെ പടവെട്ടി ദാവിദിന്റെ സിംഹാസനത്തിൽ ആരൂഢനാവാൻ പോവുന്ന മിശിഹായാണ് ‘നസ്രായൻ ‘എന്ന് ഉൾകൊള്ളാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവില്ല. എന്നാൽ അതേ നസ്രായൻ യാഹ് വേയുടെ പുത്രനാണെന്ന് വിശ്വസിക്കാനൊ? കഠിനമെന്ന് പറഞ്ഞാലും മതിയാവില്ല. അവനെ കുരിശ്മരണത്തിന് ഏൽപ്പിച്ച് കൊടുക്കാനുള്ള കാരണങ്ങളിലൊന്ന് തന്നെത്തന്നെ യാഹ് വേയുടെ പുത്രനാക്കി എന്നുള്ളതായിരുന്നു. എന്നാൽ താൻ തെരെഞ്ഞെടുത്ത തന്റെ അപ്പോസ്തലൻമാരെ ഈ യാഥാർത്ഥത്തിന്റെ ആഴങ്ങളിലേക്ക് നസ്രായൻ നയിക്കുന്നുണ്ട്. ഇന്നത്തെ സുവിശേഷം നമ്മോട് പങ്ക് വയ്ക്കുക നസ്രായൻ തന്റെ തോഴർക്ക് നൽകുന്ന അത്തരുണത്തിലുള്ള ദൈവാനുഭവത്തെയാണ്.
തന്റെ എല്ലാ തിരിക്കുകൾക്കൊടുവിലും തുടക്കത്തിലുമല്ലാം അബ്ബായോടൊപ്പം ആയരിക്കാൻ നസ്രായൻ സമയം കണ്ടെത്തിയിരുന്നു. തനിക്ക് മുമ്പേ മറു കരയിലേക്ക് പോവാൻ തന്റെ ശിഷ്യരോട് നസ്രായൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അപ്രതീക്ഷമായി എത്തുന്ന കൊടുങ്കാറ്റിൽ ശിഷ്യൻമാരുടെ നൗക ആടിയുലയുകയാണ്. ശിഷ്യരുടെ രോദനങ്ങൾക്ക് ചെവിയോർക്കുന്ന നസ്രായൻ ജലത്തിന് മീതെ നടന്ന് അവരുടെ തോണിയിലേക്കെത്തുന്നുണ്ട്. കടൽ ഭൂത പ്രേത പിശാചുക്കളുടെ വാസസ്ഥലമാണെന്ന അന്ധവിശ്വാസം ആഴത്തിൽ വേരോടിയിട്ടുള്ള ശിഷ്യരുടെ മനസ്സുകൾക്ക്, വെള്ളത്തിന് മീതെ നടന്ന് വരുന്ന നസ്രായൻ ഭൂതമാണെന്നൊക്കെ കരുതാൻ രണ്ടാമതൊന്ന് ആലോചിക്കണൊ? പത്രോസ് പാപ്പയ്ക്ക് കടലിന്റെ സ്പന്ദനം ഹൃദയ സ്പന്ദനം പോലെ സുപരിചിതമാണ്. പ്രേത ഭൂതാദികളെയൊന്നും തന്റെ മുക്കുവ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും വെള്ളത്തിന് മീതെ നടന്ന് വരുന്നത് ഭൂതമല്ല എന്നാലും നസ്രായനാണെന്ന് ഉറപ്പിക്കാൻ ഒരു മടി. നീ നസ്രായനാണെങ്കിൽ തന്നെയും അത് പോലെ ആഴിക്ക് മുകളിലൂടെ നടക്കാൻ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. അയാളുടെ അപേക്ഷയ്ക്ക് നസ്രായൻ ചെവി കൊടുക്കുന്നുണ്ട്. പക്ഷെ ഇളകി മറിയുന്ന തിരമാലയിൽ അയാളുടെ വിശ്വാസം ചാഞ്ചാടുന്നുണ്ട്. മുന്നിൽ നിൽക്കുന്ന നസ്രായനിലേക്ക് മിഴികളും ഹൃദയവും പാളിക്കാതെ തിരമാലകളുടെ രൗദ്രതയിൽ കണ്ണുടയ്ക്കുമ്പോൾ അയാൾ അവിടെ മുങ്ങിത്താഴുകയാണ്. തന്റെ വിശ്വാസത്തിന്റെ ബലഹീനതയെ തിരിച്ചറിയുന്ന അയാൾക്ക് നിലവിളിക്കാനല്ലാതെ മറ്റൊന്നിനും സാധിക്കുമായിരുന്നില്ല. ആഴിയുടെ ആഴങ്ങളെ നന്നായി അറിയാമായിരുന്നിട്ടും മരണത്തെ മുഖാമുഖം കാണുമ്പോൾ അയാൾ പതറുകയാണ്. പ്രശ്നങ്ങളുടെ നടുവിൽ തിരമാലകളെയല്ല തന്നെയാണ് നോക്കേണ്ടതെന്ന ശാസന നിറഞ്ഞ ഓർമ്മപ്പെടുത്തിലൂടെ അയാളെ ജീവിതത്തിലേക്ക്, വിശ്വാസത്തിന്റെ അടുത്ത തലത്തിലേക്ക് നസ്രായൻ ഉയർത്തുകയാണ്. ജീവിതാനുഭവങ്ങളിലൂടെ വിശ്വാസത്തിന്റെ അടുത്ത തലങ്ങളിലേക്ക് ഉയർത്തപ്പെടാൻ നമുക്കും സുകൃതം ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…