മത്താ.18:21-35
ഒരു കരുണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാട്ടികൊടുക്കണം. പക്ഷെ മൂന്നാമത്തെ തവണയൊ? നസ്രായൻ മൂന്നാമത്തെ തവണ കരണം കാണിച്ചുകൊടുക്കാൻ പറഞ്ഞട്ടില്ല എന്ന് പറഞ്ഞു മനസ്സിൽ നടത്തിയ ന്യായവാദങ്ങൾ ഓർത്തുപോകുന്നു. കാലത്തെയും ചരിത്രത്തെയുമൊക്കെ അന്നും, എന്നും, ഇനിയും വെല്ലുവിളിക്കുന്ന വാക്കുകളായിരിക്കും നസ്രായൻറ്റെത്. ഇന്നത്തെ സുവിശേഷത്തിൽ തെറ്റുചെയൂന്ന സഹോദരനോട് എത്ര തവണ ക്ഷമിക്കണമെന്ന് ചോദിക്കുന്ന പത്രോസിനെ നാം കണ്ടുമുട്ടുന്നുണ്ട്. ഗുരുവിൻറ്റെ അലിവോലുന്ന ഹൃദയത്തിൻറ്റെ ആഴങ്ങൾ അറിയുന്ന പത്രോസ് മൂന്നുതവണ എന്നല്ല മറിച് ഏഴ് തവണ ക്ഷമിക്കട്ടെ എന്നാണ് ചോദിക്കുന്നത്. ഏഴ് എന്ന സംഖ്യ പരിപൂർണതയുടെ പ്രതീകമാണല്ലോ… ഏഴിനുമപ്പുറം നസ്രായൻ ക്ഷമിക്കാൻ പറയില്ല എന്നുറപ്പിലാവണം പത്രോസ് പാപ്പ നസ്രായൻറ്റെ മുന്നിൽ അങ്ങനെയൊരു ചോദ്യം അവതരിപ്പിക്കുന്നത്.
നസ്രായൻറ്റെ മറുപടി ശിഷ്യഗണത്തെ നന്നേ അമ്പരപ്പിക്കുന്നുണ്ട്. ഏഴ് എന്നല്ല എഴുപത്തിഏഴ് എന്നാണ് നസ്രായൻറ്റെ മറുപടി. അത് എഴുപത്തിഎഴുതവണ എന്നല്ല മറിച് എപ്പോഴും എല്ലായിപ്പോഴും ക്ഷമിക്കണമെന്നാണ്… ഇത് മനസ്സിലാക്കിക്കൊടുക്കാൻ വത്സലശിഷ്യർക്ക് മനോഹരമായ ഒരു ഉപമ നസ്രായൻ പറഞ്ഞുകൊടുക്കുന്നുണ്ട്. സേവകനോട് തൻറ്റെ കടം എത്രയും വേഗം തിരിച്ചു വീട്ടാൻ ആവശ്യപ്പെടുന്ന രാജാവ്, അവൻറ്റെ ജീവിത നൊമ്പരങ്ങളുടെ മുന്നിൽ മനസ്സലിയുകയാണ്. കടമൊക്കെ വെട്ടിച്ചുരുക്കി, അവൻറ്റെ ജീവിതം സ്‌നോഹോത്സവമാക്കി തിരിച്ചുവിടുകയാണ്.പക്ഷെ യാത്രാമധ്യേ തന്നോട് തുച്ഛമായ തുക കടംപറ്റിയിട്ടുള്ള സുഹൃത്തിനെ കാണുമ്പോൾ, തനിക്ക് രാജാവിൽനിന്ന് ലഭിച്ച സ്നേഹവും കരുണയുമെല്ലാം വിസ്മരിക്കപ്പെടുകയാണ്. അവസാന ചില്ലിക്കാശ് തരുന്നതുവരെ തൻറ്റെ സുഹൃത്തിനെ കാരാഗൃഹത്തിലടക്കാൻ മാത്രം അയാളുടെ ഹൃദയം കഠിനമാവുകയാണ്. രാജാവ് ഈ സേവകൻറ്റെ പ്രവർത്തിയെക്കുറിച്ചറിയുമ്പോൾ, വളരെ കാർക്കശ്യത്തോടെ താൻ ഉപേക്ഷിച്ച നീതി നടപ്പാക്കുകയാണ്.
ഈ ഉപമ ഇനി വിവരിക്കേണ്ടതില്ലല്ലോ… നമുക്കറിയാം നാമെവിടെയാണ് നിൽക്കുന്നതെന്ന്… കുമ്പസാരക്കൂടിൻറ്റെ കാരുണ്യസാഗരത്തിൽ സ്നാനം ചെയ്യപ്പെട്ടിട്ടും, കാരുണ്യമൊക്കെ വരണ്ട ജീവിതങ്ങളായി നാം മറ്റുള്ളവരോടൊക്കെ ഇടപെഴകിയിട്ടില്ലേ… രാജാവ് നമ്മുടെ എല്ലാ പ്രവർത്തികളും മനസ്സലാക്കുന്നുണ്ടെന്ന തിരിച്ചറിവിൽ കാരുണ്യം നിറഞ്ഞൊരു ഹൃദയവുമായി നമ്മുടെ ജീവിതയാത്ര തുടരാം…