ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ, Cycle C, ലുക്കാ.17:11-19

ലുക്കാ.17:11-19
ജീവിത യാത്രയിലെ ഓരോ ദിനങ്ങളും നിമിഷങ്ങളും വളരെ മനോഹരവും അർത്ഥപൂർണവുമാണ്. നാം കണ്ടുമുട്ടുന്ന വ്യക്തികളിലൂടെ, കടന്ന് പോകുന്ന അനുഭവങ്ങളിലൂടെ, നമ്മെ പൊതിഞ്ഞുനിൽക്കുന്ന പ്രകൃതിയോയിലുടെയൊക്കെ ഒരുപാട് അറിവുകളും സുകൃതങ്ങളുമൊക്കെ നമ്മെ തേടിയെത്തുന്നുണ്ട്… ഈ യാത്രയുടെ തുടക്കത്തിൽ എത്ര കൗതുകത്തോടും സ്നേഹത്തോടുമായിരുന്നു ഓരോ ദിനങ്ങളെയും നാം സ്വികരിച്ചിരുന്നത്…പക്ഷെ ഇപ്പോഴോ? ആ കൊച്ചുകുട്ടിയുടെ കൗതുകം നമുക്കൊക്കെ കളഞ്ഞുപോയിട്ടുണ്ടോ? ഈ യാത്രയിൽ ഒന്നിനെയും നാം അവഗണിക്കരുത്. നമുക്ക് ചുറ്റുമുള്ള എല്ലാം തന്നെ നമ്മെ രൂപപ്പെടുത്തുന്നുണ്ട്. ഈ യാത്രയുടെ ഓരോ ഘട്ടം പിന്നിടുമ്പോൾ നമ്മിൽ രൂപപ്പെടുന്ന മനോഭാവം എന്താണ്? എല്ലാത്തിനോടും ചെറിയൊരു നിസ്സംഗത നമ്മിൽ രൂപപ്പെടുന്നുണ്ടോ? സൂര്യോദയവും സൂര്യാസ്തമയവുമൊക്കെ സമ്മാനിക്കുന്ന വിസ്മയങ്ങൾ നമ്മെ സ്പർശിക്കാതെ കടന്ന് പോകുന്നുണ്ടോ?
തിരിച്ചറിയുന്നു ഒരുപാട് കാലമായി ഈ വിസ്മയങ്ങളോട് ഞാൻ അനുഭാവം കാണിച്ചിട്ടില്ല… പാതിരാത്രി പള്ളിമണിയടിച്ചു വിശ്വാസികളെ കൂട്ടുന്ന ഫ്രാസിസിനു അവരോട് പറയാനുണ്ടായിരുന്ന സുവിശേഷം പാതിരാത്രിയെ അതിമനോഹരമാക്കുന്ന നിലാവിൻറ്റെ നീലിമയെക്കുറിച്ചും, അമ്പിളിയുടെ ലാവണ്യത്തെക്കുറിച്ചൊക്കെയായിരുന്നു…ഫ്രാൻസിസ്പ്രാന്തനായിരുന്നില്ല… നസ്രായനെപ്പോലെ കൃതജ്ഞതാനിർഭരമായ ഒരു ഹൃദയം അവനുമുണ്ടായിരുന്നു. തൻറ്റെ നന്ദി നിർഭരമായ ഹൃദയം പിതാവിങ്കലേക്കുയർത്താതെ നസ്രായൻ ഒന്നും ചെയ്തട്ടില്ല…ഈ ഒരുതിരിച്ചറിവാണു ആത്മീയ വളർച്ചയിലെ നാഴികക്കല്ലെന്നു തിരിച്ചറിയുന്നു… ഈ സുകൃതത്തിലേക്ക് വളരാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ …