ലൂക്കാ. 21:5-19
ഹെറോദേസ് രാജാവ് പണി കഴിപ്പിച്ച അതിമനോഹരവും പ്രൗഢ ഗംഭീരമായ വെണ്ണക്കൽ സൗധമായിരുന്നു ജെറുസലെം ദേവാലയം. ബി.സി. 19 ൽ തുടങ്ങിയ ദേവാലയ പുനർനിർമാണത്തിന്റെ മിനിക്കു പണികൾ നടക്കുന്നത് എ.ഡി. 70 ലാണ്. അതേ വർഷം തന്നെയാണ് റോമൻ സാമ്രാജ്യം ജെറുസലെം ദേവാലയം തകർക്കുന്നതും. ജെറുസലെം ദേവാലയത്തിന്റെ പതനം കാലെക്കൂട്ടി പ്രവചിക്കുന്ന നസ്രായൻ അതിന് മുൻപും പിൻപും നടക്കാൻ പോവുന്ന കാര്യങ്ങൾ ഒരു മുന്നറിയിപ്പ് പോലെ തന്റെ ശിഷ്യരുമായി പങ്ക് വയ്ക്കുന്നതാണ് വചനത്തിൽ നാം ധ്യാനിക്കുക.
തങ്ങളുടെ പാപം നിറഞ്ഞ ജീവിത മാർഗ്ഗങ്ങളിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ ഇസ്രയേൽ ജനതയുടെ ജീവിതത്തിന്റെ കേന്ദ്ര ബിന്ദുവായ ജെറുസലെം ദേവാലയം തകർക്കപ്പെടുമെന്ന് ജെറെമിയാ പ്രവാചകൻ മുന്നറിയിപ്പ് നൽകുന്നത് നാം വായിക്കുന്നുണ്ട്. പ്രവാചകന്റെ വാക്കുകളെ മുഖവിലയ്ക്കെടുക്കാതിരുന്ന ജനതയെ കാത്തിരുന്നത് ബാബിലോൺ വിപ്രവാസവും, ദേവാലയത്തിന്റെ പതനമെന്ന ദുരന്തമായിരുന്നു. ദൈവ മനുഷ്യ ബന്ധത്തിന്റെ കേന്ദ്രമായിട്ടാണ് ഇസ്രായേൽ ജനത ജെറുസലെം ദേവാലയത്തെ കണ്ടിരുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ജീവിച്ചിരുന്ന യഹൂദർക്ക് അവരായിരിക്കുന്നിടങ്ങളിൽ പ്രാർത്ഥിക്കാൻ സിനഗോഗുകളുണ്ടായിരുന്നെങ്കിലും, ബലിയർപ്പിക്കാനുള്ള ഒരോയൊരിടം ജെറുസലെം ദേവാലയമായിരുന്നു. എന്നാൽ ആ ദേവാലയത്തെക്കാളും ഉന്നതമായ ദൈവമഹത്വം പേറുന്ന ദൈവപുത്രൻ അവരുടെ ഇടയിൽ ജീവിച്ചിട്ടും അവർ അത് തിരിച്ചറിയാതെ പോവുകയാണ്. അവിടെ അർപ്പിക്കപ്പെട്ടിരുന്ന മൃഗബലികളൊന്നും മനുഷ്യരാശിയുടെ പാപക്കറ കഴുകി കളയാൻ മാത്രം പര്യാപ്തമായിരുന്നില്ല. കാൽവരി മലയിൽ ദൈവ മനുഷ്യ സമാഗമ കൂടാരമായ തന്റെ ശരീരത്തെ ബലിയായി നസ്രായൻ അർപ്പിക്കുന്ന വേളയിൽ ജെറുസലെം ദേവാലയത്തിന്റെ പ്രസക്തി നഷ്ടമാവുകയാണ്. ദൈവത്തെയും മനുഷ്യരെയും രണ്ടായി വേർതിരിച്ച അതി വിശുദ്ധ സ്ഥലത്തിന് ഇനി പ്രസക്തിയില്ല. വെള്ളാരം കല്ലുകളിലല്ല കാൽവരി യാഗത്തിലൂടെ, തന്റെ ബലിയർപ്പണത്തിലൂടെ നമ്മുടെ ഹൃദയങ്ങളാവുന്ന ആലയത്തിൽ നമ്മോടൊപ്പമാവാൻ ആഗ്രഹിക്കുന്നവനാണ് നസ്രായൻ.
ജെറുസലെം ദേവാലയത്തിന്റെ പതനത്തിന് മുന്നോടിയായി ഉണ്ടാവാൻ പോവുന്ന കാര്യങ്ങളെ നാസായൻ കൃത്യമായി പ്രവചിക്കുകയാണ്. എ.ഡി. 56 ൽ മിശിഹയാണെന്ന് പറഞ്ഞ് ഈജിപ്തിൽ നിന്നുള്ള ഒരു യഹൂദൻ തന്റെ അനുയായികളെയും കൂട്ടി റോമൻ സാമ്രാജ്യത്തിനെതിരെ കലാപം നടത്തുന്നുണ്ട്. ഇതേ തുടർന്ന് റോമൻ സാമ്രാജ്യത്തിനെതിരെ സെലറ്റുകളുടെ കലാപം അരങ്ങേറുന്നുണ്ട്. നീറൊ ചക്രവർത്തിയുടെ മരണ ശേഷം കടന്ന് വരുന്ന നാല് ചക്രവർത്തിമാരുടേയും ഭരണ ശൈലി റോമൻ സാമ്രാജ്യത്തിൽ വലിയ വിഭാഗിയതയും ആഭ്യന്തര കലഹങ്ങളും സൃഷ്ടിക്കുന്നുണ്ട്. മെഡിറ്റിനേറിയൻ ദേശങ്ങളിൽ ഇക്കാലത്ത് അതിരൂക്ഷമായ ക്ഷാമവും, ഭൂകമ്പങ്ങളും സംഭവിക്കുന്നുണ്ട്. ജെറുസലെം ദേവാലയത്തിന്റെ പതനത്തിന് മുമ്പായി അനിത സാധരണമായ അടയാളങ്ങൾ ജെറുസലെമിൽ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന് ചരിത്രകാരനയ ജൊസെഫുസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രിസ്തു വ്യക്തമായി പറഞ്ഞ ഈ പ്രവചനങ്ങളെ അടയാളങ്ങളിലൂടെ തിരിച്ചറിയുന്ന ക്രിസ്തു ശിഷ്യർ എ.ഡി. 70 ൽ റോമൻ സൈന്യം ജെറുസലെം നഗരം വളയുമ്പോൾ സുരക്ഷിതരായി നഗരത്തിന് പുറത്ത് കടക്കുകയും പടിഞ്ഞാറൻ ജോർദ്ധാൻ താഴ്‌വരയിലൂടെ പെല്ലായിലേക്ക് രക്ഷപെടുന്നുണ്ട്. എന്നാൽ ഈ അടയാളങ്ങളെ മനസ്സിലാക്കാനോ, ഉൾക്കൊള്ളാനൊ തയ്യാറാവാതിരുന്നവരെ കാത്തിരുന്നത് രക്ത ചൊരിച്ചിലുകളായിരുന്നു. അതോടൊപ്പം തന്റെ അനുയായികൾക്ക് നേരിടേണ്ടി വരുന്ന പീഡന പർവ്വത്തെക്കുറിച്ചുള്ള സൂചനകളും നസ്രായൻ നൽകുന്നുണ്ട്. എന്നാൽ ഭയമില്ലാതെ ധൈര്യപൂർവ്വം തന്റെ സാക്ഷികളാവാനാണ് നസ്രായൻ അവരെ പ്രചോദിപ്പിക്കുക. ഈ നിമിഷങ്ങൾ സഹനങ്ങളുടേതാണെങ്കിലും ആത്മാവിന്റെ ശക്തി പ്രകടമാക്കപ്പെടുന്ന കൃപയുടെ കൂടി നിമിഷങ്ങളാണ്. അവന്റെ സാന്നിദ്ധ്യം സംരക്ഷണവും കൂടെയുണ്ടാവുമെന്നുള്ള ഉറപ്പും അവൻ നൽകുന്നുണ്ട്.
ആരാധനക്രമവത്സരത്തിന്റെ അവസാന ഭാഗത്തേക്ക് കടക്കുമ്പോഴുള്ള ഈ ഓർമ്മപെടുത്തൽ ഭയപെടുത്താൻ വേണ്ടിയല്ല. ചരിത്രം എഴുതിയിട്ടുള്ളതും, എഴുതുന്നതും മനുഷ്യരാണെങ്കിലും അതിന്റെ നിയന്താതാവും, ഉടയോനും നസ്രായനാണെന്നുള്ള ഓർമ്മപ്പെടുത്തൽ പ്രത്യാശയോടെ വിശ്വാസയാത്ര മുന്നോട്ട് കൊണ്ട് പോവാൻ വേണ്ടിയാണ്. അതിന് നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…