യോഹ. 1:6-8, 19-28
നസ്രായൻറ്റെ വത്സല ശിഷ്യൻറ്റെ വാക്കുകളിലൂടെയാണ് ആഗമനകാലത്തിൻറ്റെ മൂന്നാമത്തെ ഞാറാഴ്‌ചയിലേക്ക് നാം പ്രവേശിക്കുന്നത്… വത്സലശിഷ്യനും സ്നാപകനെയാണ് നമ്മുടെ ഹൃദയത്തെ എപ്രകാരം ഒരുക്കണമെന്നതിനുള്ള മാതൃകയായി ചൂണ്ടിക്കാട്ടുന്നത്. സ്വന്തം ജീവൻ അപകടത്തിലാക്കിപ്പോലും അയാൾ നസ്രായനുവേണ്ടി നിലകൊള്ളുകയാണ്. പ്രകാശത്തിന് സാക്ഷ്യം നൽകാനെത്തിയവന് അന്ധകാരത്തിൻറ്റെ പ്രവർത്തികളെ എങ്ങിനെയാണ് അംഗികരിക്കാനാവുന്നത്? ഫരിസേയരും, നിയമജ്ഞരും, ഹേറോദേസ് രാജാവും, ഹേറോദിയായുമൊക്കെ ഈ സാക്ഷ്യത്തിൻറ്റെ ശക്തി അനുഭവിച്ചറിഞ്ഞവരാണ്. അന്ധകാരം നിറഞ്ഞ ഈ മനുഷ്യരാണ് സ്നാപകൻറ്റെ ആരാച്ചാരുമാരാകുന്നത്.
സാക്ഷ്യം നല്കനെത്തിയവൻ എന്നതിലുപരിയായി അയാൾ ഒന്നും തന്നെ ആഗ്രഹിക്കുന്നില്ല. പ്രകാശത്തിന് സാക്ഷ്യമാകുന്നവൻറ്റെ വാക്കുകളിലെ പ്രകാശം കണ്ട്, ‘വരാനിരിക്കുന്ന മിശിഹാ നീ തന്നെയാണോ’ അതൊ ‘പ്രവാചകനായ ഏലിയായ ആണോ’ എന്ന് ജനക്കൂട്ടം ചോദിക്കുമ്പോഴും, വിനയത്തിൻറ്റെ മേലങ്കി അണിഞ്ഞു, അവന്റെൻറ്റെ ചെരുപ്പിൻറ്റെ വാറഴിക്കാൻപോലും താൻ യോഗ്യനല്ല എന്ന ആത്മഗതത്തോടെ നസ്രായന് വഴിയൊരുക്കി അയാൾ കടന്ന് പോവുകയാണ്. മേരിയമ്മയെപ്പോലെ ഭൂമിയോളം താഴ്ന്ന്, ‘അവൻ വളരുകയും ഞാൻ കുറയ്കയും, വേണമെന്ന് പറയുന്ന സ്നാപകനെയാണ് നസ്രായൻ സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ ഏറ്റവും വലിയവനായി കരുതുന്നത്… ഹൃദയത്തിൽ ദൈവത്തിന് വലിയ ഇടം നൽകി, പ്രകാശത്തിന് സാക്ഷികളയായി ജീവിക്കുന്നവർക്കുമേലുള്ള തമ്പുരാൻറ്റെ വാഴ്വല്ലേ സ്നാപകനെക്കുറിച്ചുള്ള നസ്രായൻറ്റെ ഈ സാക്ഷ്യം…
ആത്മീയതുടെ നിറവ്, തീപാറുന്ന പ്രഭാഷണങ്ങളിലൊ , ലാവണ്യമേറുന്ന വിചിന്തനങ്ങളോ അല്ല, മറിച്ചു സ്വയം ചെറുതായി ദൈവമഹത്വത്തിനായി തങ്ങളുടെ ജീവിതത്തെ ഒഴിഞ്ഞുവെയ്ക്കുന്നവരിലാണെന്ന് സ്നാപകൻറ്റെ സാക്ഷ്യം നമ്മെ പഠിപ്പിക്കുന്നു… സ്നാപകനെപോലെ എളിമനിറഞ്ഞൊരു ഹൃദയവുമായി നമുക്ക് അവനെ കാത്തിരിക്കാം… ഒത്തിരി സ്നേഹത്തോടും പ്രാർത്ഥനയോടും… നസ്രായൻറ്റെ ചാരെ…