ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിനെ സ്നാപകൻ തന്റെ ശിഷ്യർക്ക് ചൂണ്ടികാട്ടുന്നതും, ഉടനടി അവർ നസ്രായനെ അനുധാവനം ചെയ്യുന്നതുമാണ് സുവിശേഷത്തിൽ നാം ധ്യാനിക്കുക. ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ നസ്രായനെ സ്നാപകൻ ചൂണ്ടി കാട്ടുക മാത്രമല്ല, തന്റെ പ്രിയ ശിഷ്യരെയും നസ്രായന് വിട്ട് നൽകി, വിവാഹ വിരുന്നിലെ മണവാളന്റെ സുഹൃത്തിനെപ്പോലെ എല്ലാ ശ്രദ്ധയും മണവാളന് നൽകി അയാൾ കളമൊഴിയുകയാണ്. നസ്രായൻ തന്നെ അനുഗമിക്കുന്ന ശിഷ്യരോടായ് ചോദിക്കുന്നുണ്ട്: നിങ്ങൾ എന്താണ് അന്വേഷിക്കുന്നത്? അങ്ങ് എവിടെയാണ് വസിക്കുന്നതെന്ന മറുചോദ്യത്തിന് നസ്രായൻ നൽകുന്ന മറുപടി: ‘വന്നു കാണുക.’ തന്നോടൊപ്പം ജീവിച്ച്, തന്നെ അനുഭവിക്കാനുള്ള ക്ഷണമാണ് തന്നെ അനുധാവനം ചെയ്യാൻ ആഗ്രഹിക്കുന്ന ശിഷ്യർക്കായി നസ്രായൻ നൽകുക. ക്രിസ്തീയത കേവലം പത്ത് കൽപനകൾ പാലിച്ചുകൊണ്ട് മുന്നോട്ട് പോകാനുള്ള ഒരു നിയമ സംഹിതയല്ല. മറിച്ച് ദൈവപുത്രനായ നസ്രായനായ യേശുവിനെ അനുഭവിക്കാനുള്ള ക്ഷണമാണ്. നസ്രായനെ അനുഭവിക്കുന്നവരാണ് തുടർന്നും വിശ്വസ്തതയോടെ അവനെ അനുധാവനം ചെയ്യുന്നതും, മറ്റുള്ളവരെ നസ്രായന്റെ ചാരത്തേക്ക് കൂട്ടികൊണ്ട് വരുന്നതും.
അന്ത്രിയോസ് നസ്രായനോടൊപ്പം ഒരു ദിവസം താമസിക്കുകയും അങ്ങനെ നസ്രായനോടൊപ്പം തനിക്കുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലുമാണ് തന്റെ സഹോദരനായ ശിമയോൻ പത്രാസിനോട് അയാൾ നസ്രായനെക്കുറിച്ച് പറയുന്നതും, പത്രോസ് പാപ്പയെ നസ്രായന്റെ അടുത്തേക്ക് ക്ഷണിക്കുന്നതും. പത്രോസ് പാപ്പയെ സംബന്ധിച്ചടുത്തോളം നസ്രായനുമായുള്ള സാധാരണ ഒരു കൂടിക്കാഴ്ച മാത്രമായിരുന്നിരിക്കണം. എന്നാൽ തന്റെ നിത്യതയിലെ പത്രോസ് പാപ്പയെ അറിയുന്ന നസ്രായൻ ഇപ്രകാരം പറയുന്നുണ്ട്: “നീ യോഹന്നാന്‍റെ പുത്രനായ ശിമയോനാണ്. കേപ്പാ – പാറ – എന്നു നീ വിളിക്കപ്പെടും.” ഭാവിയിൽ താൻ എന്തായി തീരുമെന്നതിന്റെ ഉറപ്പാണ് നസ്രായൻ തന്റെ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പത്രോസ് പാപ്പയ്ക്ക് സമ്മാനിക്കുക. ഒരു പക്ഷെ ആ ഉറപ്പ് എന്താണെന്ന് പത്രോസ് പാപ്പയ്ക്ക് ആ നിമിഷം മനസ്സിലായിട്ടുണ്ടാവില്ല. പലതവണ പത്രോസ് പാപ്പ ആ ഉറപ്പിൽ നിന്ന് ഇടറിയിട്ടും നസ്രായൻ ഈ ഉറപ്പിൽനിന്ന് പിൻമാറുന്നില്ല. നസ്രായനെ അടുത്തനുധാവനം ചെയ്യുന്ന നമ്മെ ഓരോരുത്തരെയും കുറിച്ച് നസ്രായന് ഒരു പദ്ധതി ഉണ്ട്. ഈ പദ്ധതി നമ്മുടെ നാശത്തിനുള്ളതല്ല. മറിച്ച് ക്ഷേമത്തിനുള്ള പദ്ധതിയാണ്. നാം ഇടറിയാലും, അവിശ്വസ്തരായി നിലനിന്നാലും, അവൻ ഇടറാതെ, വിശ്വസ്തതയോടെ നിലനിന്ന് കൊണ്ട് തന്റെ ദൈവികപദ്ധതി നമ്മുടെ ജീവിതത്തിൽ അവൻ നിറവേറ്റുക തന്നെ ചെയ്യും. നാം ചെയ്യേണ്ടത് ഇത്ര മാത്രം മടികൂടാതെ നമ്മുടെ വിശ്വാസാനുഭവം മറ്റുള്ളവരുമായി പങ്ക് വയ്ക്കാനും, അവരെ നസ്രായന്റെ ചാരേക്ക് കൂട്ടികൊണ്ട് വരാനുമുള്ള ഹൃദയവിശാലത നമുക്കുണ്ടാവണം. സഭയുടെ രണ്ടായിരം വർഷത്തെ ചരിത്രം മുഴുവൻ ഇത്തരുണത്തിൽ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വിശ്വാസ ദീപത്തിന്റെ തുടർച്ചയാണ്. നസ്രായനെ വന്ന് കാണാനും, നമ്മുടെ വിശ്വാനുഭവം മറ്റുളളവരുമായി പങ്ക് വയ്ക്കാനും നമുക്കാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…